പനിമതി മുഖി ബാലേ... ; വീണ്ടും ചിലങ്കയണിഞ്ഞ് നവരത്‌ന സംഘം

തിരുവനന്തപുരത്തെ ഉദ്യോഗസ്ഥകളായ വീട്ടമ്മമാർ വർഷങ്ങൾക്കു ശേഷം വീണ്ടും നൃത്തം അഭ്യസിച്ച് ഗുരുവായൂരപ്പനു മുന്നിൽ മോഹിനിയാട്ടം അവതരിപ്പിക്കാനായി ഗുരു സിതാര ബാലകൃഷ്ണനൊപ്പം എത്തിയപ്പോൾ." title="തിരുവനന്തപുരത്തെ ഉദ്യോഗസ്ഥകളായ വീട്ടമ്മമാർ വർഷങ്ങൾക്കു ശേഷം വീണ്ടും നൃത്തം അഭ്യസിച്ച് ഗുരുവായൂരപ്പനു മുന്നിൽ മോഹിനിയാട്ടം അവതരിപ്പിക്കാനായി ഗുരു സിതാര ബാലകൃഷ്ണനൊപ്പം എത്തിയപ്പോൾ.

ഗുരുവായൂർ ∙ ഓരോ ശ്വാസത്തിലും നൃത്തത്തോടുള്ള അഭിനിവേശമുണ്ടായിരുന്നു തിരുവനന്തപുരത്തെ ഈ 'നവരത്‌ന' സംഘത്തിന്. ശ്വാസം വിടാതെയുള്ള പഠനവും ജോലിക്കായുള്ള ഓട്ടവും കുടുംബവും കുട്ടികളുമെല്ലാമായപ്പോൾ ഇവർക്കു നൃത്തം കൈയെത്താ ദൂരത്തായി. മക്കളെ നൃത്തം പഠിപ്പിക്കുന്ന കാലമായപ്പോഴാണ് വീണ്ടും മനസിൽ ചിലങ്കയുടെ നാദമുണർന്നത്.

വൈകിയില്ല, ഗുരുദക്ഷിണ വച്ചു പഠനം തുടങ്ങി. സമാന മനസ്സുള്ളവർ കൂടെ ചേർന്നു. ഇവരിൽ നാലു പേർ കോളജ് അധ്യാപകരാണ്. രണ്ടു പേർ സ്‌കൂൾ അധ്യാപികമാർ. മൂന്നു പേർ കംപ്യൂട്ടർ വിദഗ്ധർ.

തിരുവനന്തപുരം എംജി കോളജിലെ ലക്ഷ്മിപ്രിയ, കൊല്ലം എസ്എൻ വിമൻസ് കോളജിലെ സംഗീത ഹരിഹരൻ, ചെമ്പഴന്തി എസ്എൻ കോളജിലെ എൻ.ബി.ലേഖ, ശാസ്താംകോട്ട ഡിബി കോളജിലെ വി.ജയശ്രീ, തിരുവനന്തപുരം കുന്നുംപുറം ചിൻമയ വിദ്യാലയത്തിലെ അധ്യാപിക രജനി, കാർമൽ സ്‌കൂളിലെ സംഗീതാധ്യാപിക കൃഷ്‌ണേന്ദു, തിരുവനന്തപുരം ടെക്‌നോ പാർക്കിലെ ശ്രീദേവി പിള്ള, പൂജ രാജേന്ദ്രൻ, എസ്.നിരഞ്ജന എന്നിവരാണു  സംഘത്തിലുള്ളത്.

കേരള സർവകലാശാലയിൽ രണ്ടു വർഷം കലാതിലകമായിരുന്ന സിതാര ബാലകൃഷ്ണനാണു ഗുരു.തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിലെ ഉത്സവത്തിന് അരങ്ങേറി. ഗുരുവായൂർ കണ്ണന്റെ തിരുനടയിൽ കഴിഞ്ഞ ദിവസം ഇവർ മോഹിനിയാട്ടം അവതരിപ്പിച്ചു. ചൊൽക്കെട്ടും സ്വാതിതിരുനാൾ കൃതിയായ പനിമതി മുഖി ബാലേ... എന്ന കൃതിയുമാണ് അവതരിപ്പിച്ചത്.