Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നൂറുശതമാനം ഉറപ്പ്,അയാളാണ് ഉപദ്രവിച്ചത്'; ബ്രെറ്റ് കവനോയ്ക്കെതിരെ ബ്ലേസി ഫോർഡ്

blasey-ford-brett-kavanaugh ബ്ലേസി ഫോർഡ്, ബ്രെറ്റ് കവനോ

ആ ചിരി. എല്ലാ മുഴക്കത്തോടെയും ആ ചിരി ഇന്നും ബ്ലേസി ഫോർഡിന്റെ ഓർമയിലുണ്ട്. ഇന്നുവരെയുണ്ടെന്നു മാത്രമല്ല ഇനി എന്നുമുണ്ടായിരിക്കുകയും ചെയ്യും. 15–ാം വയസ്സിൽ കേട്ട ചിരി. ആ ചിരിയുടെ ഇര താനായിരുന്നു. അതുകൊണ്ടുതന്നെയാണ് അതു മറക്കാൻ കഴിയാത്തതും.

തെളിവു ശേഖരിക്കാൻ അതീവശ്രദ്ധയോടെ സെനറ്റിലെ ജുഡീഷ്യറി കമ്മിറ്റിക്കു  മുന്നിൽ ഇരിക്കുമ്പോൾ ബ്ലേസി ഫോർഡിന്റെ ശബ്ദം ഇടറിയില്ല. ഓർമയ്ക്കുവേണ്ടി അവർ ഒരിക്കലും എങ്ങും പരതിയുമില്ല. തലച്ചോറിൽ മുദ്രിതമായ സംഭവങ്ങൾക്കുവേണ്ടി എന്തിനു പരതണം. കൃത്യതയോടെ, സൂക്ഷ്മതയോടെ 15–ാം വയസ്സിൽ നടന്ന സംഭവങ്ങൾ ഒന്നൊന്നായി അമ്പത്തിയൊന്നുവയസ്സുകാരി പറഞ്ഞുകൊണ്ടിരുന്നു. താൻ ആർക്കെതിരെയാണു സംസാരിക്കുന്നതെന്ന വ്യക്തമായ ബോധ്യത്തോടെ.

സുപ്രീം കോടതി ജഡ്ജായി യുഎസ് പ്രസിഡന്റ് നാമനിർദേശം ചെയ്ത ബ്രെറ്റ് കവനോയ്ക്ക് എതിരെ ജുഡീഷ്യറി കമ്മിറ്റിക്കു മുന്നിൽ മൊഴി കൊടുക്കുകയായിരുന്നു പഴയ വനിതാ സഹപാഠിയായിരുന്ന ബ്ലേസി ഫോർഡ്.

വർഷം 1982. അന്നു ബ്ലേസി ഫോർഡിനു 15 വയസ്സ്. ബ്രെറ്റ് കവനോയ്ക്ക് 17 ഉം. ഹൈ സ്കൂൾ വിദ്യാർഥികൾ. ഒരു പാർട്ടിയിൽവച്ച് കവനോ തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ബ്ലേസി ഫോർഡിന്റെ ആരോപണം. മറ്റു രണ്ടു പേർ കൂടി തങ്ങളും കവനോയുടെ ലൈംഗിക അതിക്രമത്തിന്റെ ഇരകളാണെന്നു തുറന്നുപറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടിനുമുമ്പു നടന്ന സംഭവം ഇപ്പോഴും വ്യക്തമായി ഓർമിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കവനോ തന്നെയാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നു ബ്ലേസി ഫോർഡ് മറുപടി പറഞ്ഞു. അസാധാരണമായ മൊഴിയെടുക്കലിൽ ഇടയ്ക്കു വികാരഭരിതയായി കാണപ്പെട്ട ബ്ലേസി തന്റെ വാക്കുകളിൽ ഉറച്ചുനിന്നു. ഓർമ കൃത്യമാണെന്നും പറയുന്നതിൽ തനിക്കു വ്യക്തമായ ഉറപ്പുണ്ടെന്നും ആവർത്തിച്ചു വ്യക്തമാക്കി. കവനോയ്ക്കു പകരം മറ്റാരെങ്കിലും ആയിരിക്കും പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും ബ്ലേസിക്കു വ്യക്തിയെ ഓർമിക്കുന്നതിൽ സംഭവിച്ച പിഴവായിരിക്കും ഇപ്പോഴത്തെ ആരോപണത്തിനു പിന്നിലെന്നും ചില കൺസർവേറ്റീവ് കക്ഷിക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും ബ്ലേസി നിലപാടിൽ ഉറച്ചുനിന്നു.

ഇപ്പോൾ എങ്ങനെയാണോ ഞാൻ നിങ്ങളോടു സംസാരിക്കുന്നത്. അതേ വ്യക്തതയോടെ പഴയ കാര്യങ്ങൾ ഞാൻ ഓർത്തിരിക്കുന്നു. അതു കവനോ തന്നെ–ബ്ലേസി പറഞ്ഞു. ഓർമശക്തിക്കു തകരാറില്ലെന്നും ബുദ്ധി സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്നുംകൂടി അവർ വ്യക്തമാക്കി. അന്നത്തെ അപ്രതീക്ഷിത അനുഭവത്തിന്റെ ആഘാതം ഭീകരമായിരുന്നു. അതുകൊണ്ടാണ് അത് ഇപ്പോഴും മറക്കാനാവാത്തത്. ഇനിയൊരിക്കലും തനിക്ക് 15–ാം വയസ്സിലുണ്ടായ സംഭവം മറക്കാനാകില്ലെന്നും അവർ പറഞ്ഞു. 53 വയസ്സുകാരനായ കവനോ ആരോപണം നിഷേധിച്ചിട്ടുണ്ട്.  ഇമേജ് മോശമാക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സെനറ്റിലെ മുതിർന്ന ഡെമോക്രാറ്റ് അംഗം പാട്രിക് ലീഹി ഉൾപ്പെടെയുള്ളവർ രൂക്ഷമായി ബ്ലേസിയെ ചോദ്യം ചെയ്തു. തലച്ചോറിലെ ഓർമയുടെയും വികാരങ്ങളുടെയും കേന്ദ്രമായ ഹിപോകാംപസിൽ മൂന്നുപതിറ്റാണ്ടു മുമ്പു നടന്ന സംഭവം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നും തന്നെ ഇരയാക്കിക്കൊണ്ട് അന്നു കവനോ ചിരിച്ച ചിരി താൻ ഇന്നും മറന്നിട്ടില്ലെന്നും ബ്ലേസി ആവർത്തിച്ചു വ്യക്തമാക്കി.