Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുറന്നു പറയാൻ നല്ല സമയം മോശം സമയം എന്നൊന്നുമില്ല: ഐശ്വര്യ റായ്

aishwarya-001 ഐശ്വര്യ റായ് ബച്ചൻ

മീ ടൂ ക്യാംപെയിനുകളിലൂടെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടിമാർ ഉൾപ്പടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ നിറയുമ്പോൾ അവർക്കൊപ്പമുണ്ടെന്ന് ഉറക്കെപ്പറയാൻ ചങ്കുറപ്പുള്ള പലരുമുണ്ട് ബി ടൗണിൽ. സോനം കപൂറും സ്വരഭാസ്കറും കജോളുമൊക്കെ തങ്ങളുടെ പിന്തുണ നേരത്തെ തന്നെ അറിയിച്ചിരുന്നു.

മുൻ ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യ റായ് ബച്ചനും ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. എപ്പോഴും താൻ തുറന്നു പറയാനുള്ള ധൈര്യം കാണിച്ചിട്ടുണ്ടെന്നും പണ്ടും ഇപ്പോഴും ഇനി മുന്നോട്ടും അങ്ങനെ തന്നെയാണെന്നും താരം വ്യക്തമാക്കി. വർഷങ്ങൾക്കു മുൻപേ സംഭവിച്ച ദുരനുഭവങ്ങളെപ്പറ്റി സ്ത്രീകൾ എന്തിനാണ് ഇപ്പോളൊരു തുറന്നു പറച്ചിൽ നടത്തുന്നതെന്ന് ആരോപണ വിധേയരായ പലരും ചോദിക്കുന്നുണ്ട്. ഇത്തരത്തിൽ മീ ടൂ ക്യാംപെയ്നെ എതിർക്കുന്നവരോട് ഐശ്വര്യയ്ക്ക് പറയാനുള്ളതിതാണ്. സംഭവങ്ങളെക്കുറിച്ച് തുറന്നു പറയാൻ നല്ല സമയം മോശം സമയം എന്നൊന്നുമില്ല.

ലോകത്തെവിടെയുള്ളയാളുകൾക്കും തനിക്കു പറയാനുള്ളത് ഉറക്കെ പറയാൻ കഴിയുന്നൊരു വേദിയായി സമൂഹമാധ്യമങ്ങൾ ഇന്നു മാറിയിട്ടുണ്ട്. ഒരാളുടെ ശബ്ദം പോലും വളരെ വലിയ ശബ്ദമായി മാറുന്നുണ്ടിവിടെ. തനിക്കു പറയാനുള്ളൊരിടം കണ്ടെത്തിയ സ്ത്രീയെ പിന്തുണക്കുമ്പോൾ, തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് അവർക്ക് നൽകേണ്ടത്. ഇത് ഇപ്പോഴത്തെ മാത്രം കാര്യമല്ല. – ഐശ്വര്യ പറയുന്നു.

ഇത്രയും പ്രാധാന്യമേറിയ ഒരു വിഷയത്തിൽ തങ്ങളുടെ അനുഭവങ്ങൾ ഉറക്കെ വിളിച്ചു പറയാൻ ഇരകൾക്ക് വേദിയൊരുക്കിയ സമൂഹമാധ്യമങ്ങളെ പ്രകീർത്തിച്ച ഐശ്വര്യ രാജ്യത്തെ നിയമ വ്യവസ്ഥ അർഹിക്കുന്നവർക്ക് നീതി ലഭിക്കട്ടെ എന്ന് ആശംസിക്കാനും മറന്നില്ല. മീ ടൂ ക്യാംപെയ്ൻ വിവാദത്തിൽപ്പെട്ട വികാസിനെക്കുറിച്ചും അലോകിനെക്കുറിച്ചുമുള്ള വ്യക്തിപരമായ ചോദ്യങ്ങൾക്ക് ഐശ്വര്യ മറുപടി നൽകിയില്ല.

നാനാ പടേക്കറിനെതിരെ തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് ഇന്ത്യയിൽ മീ ടൂ ക്യാംപെയ്ൻ തരംഗമായത്. തുടർന്ന് കങ്കണാ റണാവത് ഉൾപ്പടെയുള്ളവർ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിരുന്നു.