Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

53 ദിവസം കൊണ്ടൊരു സുന്ദരൻ വീട്; പിന്നിൽ 24 വനിതകൾ

kudumbasree-house-4-main

കളിയും ചിരിയും ഗോസിപ്പുകളും കൊണ്ട് ഒരു വീട് നിര്‍മിക്കാന്‍ കഴിയുമോ ? അങ്ങനെ ഒരു വീട് ഉണ്ടാക്കിയാല്‍തന്നെ അവിടെ ആരെങ്കിലും സമാധാനത്തോടെ ഉറങ്ങുമോ ? ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ കേട്ടിട്ടും ദേവകി കുട്ടപ്പന്‍ കുലുങ്ങിയില്ല. വീടു പണിക്കിറങ്ങിയവരുടെ കരുത്തും കരളുറപ്പും അവര്‍ക്കറിയാമായിരുന്നു.

kudumbasree-house-6

എറണാകുളം ജില്ലയിലെ വിവിധ മേഖലകളില്‍നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരാണവര്‍. അവര്‍ക്ക് ഒരു വീട് നിര്‍മിക്കാനാവും. ആ വീട്ടില്‍ താന്‍ സുഖമായുറങ്ങും. ദേവകിയുടെ ആത്മവിശ്വാസം യാഥാര്‍ഥ്യമായി. എറണാകുളം ജില്ലയിലെ മഞ്ഞപ്ര പഞ്ചായത്തിലെ തവളപ്പാറയില്‍ 24 അംഗ കുടുംബശ്രീത്തൊഴിലാളികള്‍ വീടുനിര്‍മാണം പൂര്‍ത്തിയാക്കി. ഭര്‍ത്താവു വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയതിനെത്തുടര്‍ന്ന് മൂന്നുമക്കളെ കഷ്ടപ്പെട്ടുവളര്‍ത്തി വലുതാക്കിയ ദേവകിക്ക് ഇനി വനിതകള്‍ നിര്‍മിച്ച വീട്ടില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും കിടന്നുറങ്ങാം. കളിയും ചിരിയും പറയാന്‍ മാത്രമല്ല, വീടു നിര്‍മിക്കാനും തങ്ങള്‍ക്കാവുമെന്ന് സ്ത്രീശക്തിക്കു തെളിയിക്കാനും കഴിഞ്ഞു. 

kudumbasree-house-5

കുടുംബശ്രീ എറണാകുളം ചാപ്റ്റര്‍ ദേവകിക്കു വീട് കൈമാറി; ഇക്കഴിഞ്ഞ എട്ടാംതീയതി. 450 സ്ക്വയര്‍ഫീറ്റില്‍ നിര്‍മിച്ച മൂന്നുമുറി വീട്. നിര്‍മാണത്തിനുവേണ്ടിവന്നത് 53 ദിവസം മാത്രം. ചെലവു നാലുലക്ഷം. 

kudumbasree-house-2

കുടുംബശ്രീ വനിതാ അംഗങ്ങളെ വീടുനിര്‍മാണം പരിശീലിപ്പിക്കാന്‍ എറണാകുളം ജില്ലാ ഭാരവാഹികള്‍ തീരുമാനിച്ചത് രണ്ടുവര്‍ഷം മുമ്പ്. തൊഴിലുറപ്പു പദ്ധതിയുടെ കീഴില്‍ പരിശീലനവും ജോലിയുമൊക്കെ തുടങ്ങിയെങ്കിലും പരിശീലനം പൂര്‍ത്തിയാക്കാനായില്ല. രണ്ടുവര്‍ഷത്തിനുശേഷം കേരള സര്‍ക്കാരിന്റെ ലൈഫ് മിഷനുമായി സഹകരിച്ച് കുടുംബശ്രീ മഞ്ഞപ്ര യൂണിറ്റ് ചെയര്‍പേഴ്സന്‍ സുനിത ജയന്‍ പദ്ധതി പുനരുജ്ജീവിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 24 സ്ത്രീകളുടെ കൂട്ടായ്മയുണ്ടാക്കി. ഷിനോ എന്നൊരു വിദഗ്ധ തൊഴിലാളിയെ പരിശീലനച്ചുമതലയും ഏല്‍പിച്ചു. 

kudumbasree-house-3

മലയാറ്റൂരില്‍നിന്നും തുറവൂരില്‍നിന്നുമൊക്കെയുള്ള തൊഴിലാളികളുണ്ട്. എല്ലാവരും രാവിലെ ബസില്‍ സൈറ്റിലെത്തും. കല്ലിടുന്നതുമുതലുള്ള എല്ലാ ജോലികളും ചെയ്തതു സ്ത്രീകള്‍ തനിച്ച്. ഭിത്തി നിര്‍മാണം, മേല്‍ക്കൂര കോണ്‍ക്രീറ്റിങ്, ടൈല്‍ വര്‍ക്, വൈറ്റ് വാഷ് തുടങ്ങി ഇലക്ട്രിക്കല്‍ ജോലികള്‍ വരെ അവര്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയെന്നു സാക്ഷ്യപ്പെടുത്തുന്നു സുനിത ജയന്‍. 

kudumbasree-house-7

ഇപ്പോള്‍ 55 വയസ്സുള്ള വീട്ടുടമസ്ഥ ദേവകിയുടെ മൂന്നാമത്തെ കുട്ടി ചെറുപ്പമായിരിക്കുമ്പോഴാണ് അവര്‍ക്കു ഭര്‍ത്താവിനെ നഷ്ടപ്പെടുന്നത്.  അന്നുമുതല്‍ ദിവസവേതനത്തിനു ജോലി ചെയ്താണു രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തെ  വളര്‍ത്തിയത്. വീട് എന്നു വിളിക്കാന്‍ യോഗ്യതയില്ലാത്ത ഒരു കൂരയിലായിരുന്നു താമസം. രണ്ടു വര്‍ഷം മുമ്പ് ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വീടു നിര്‍മിച്ചു നല്‍കണമെന്ന് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

kudumbasree-house-8

വനിതകള്‍ വീടു നിര്‍മാണം തുടങ്ങിയതോടെ അദ്ഭുതകാഴ്ച കാണാന്‍ പുരുഷന്‍മാര്‍ ഏറെപ്പേര്‍ സൈറ്റില്‍ എത്തിയിരുന്നതായി ഓര്‍മിക്കുന്നു നിര്‍മാണതൊഴിലാളിയായി ജോലി ചെയ്തിട്ടുള്ള ജിജി. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഏര്‍പ്പെട്ട് ചെയ്യുന്നതെല്ലാം തെറ്റാണെന്നു സമര്‍ഥിക്കാനും അവര്‍ ശ്രമിച്ചു. പക്ഷേ വനിതകള്‍ തങ്ങള്‍ പഠിച്ച അടിസ്ഥാനപാഠങ്ങളില്‍ ഉറച്ചുനിന്നു. പ്രഥമസംരംഭം വിജയിച്ചതോടെ ടീമിനെ മുന്നു ഗ്രൂപ്പുകളായി തിരിക്കാനാണ് അധികാരികള്‍ പദ്ധതിയിടുന്നത്. പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും അവര്‍ ആലോചിക്കുന്നു. 

kudumbasree-house-6

ആദ്യത്തെ പദ്ധതി വിജയമായതിനാല്‍ ഇനി ആരും കളിയാക്കുമെന്ന പേടി വേണ്ട. വീടിന്റെ കരുത്തില്‍ സംശയവും പ്രകടിപ്പിക്കില്ല. കരുത്തോടെ മുന്നോട്ടുതന്നെ എറണാകുളത്തെ വനിതാശക്തി.