127 കിലോയിൽ നിന്ന് 63 കിലോ: 18കാരി ഭാരം കുറച്ചതിങ്ങനെ

16 വയസ്സിൽ 127 കിലോയായിരുന്നു ജോസി ഡെസ്ഗ്രാന്റ് എന്ന പെൺകുട്ടിയുടെ ഭാരം. സ്കൂളിലും പൊതു സ്ഥലങ്ങളിലുമെല്ലാം അമിത ഭാരത്തിന്റെ പേരിൽ അപമാനിക്കപ്പെട്ടപ്പോൾ അവളൊരു ഉറച്ച തീരുമാനമെടുത്തു. എങ്ങനെയും ഭാരം കുറയ്ക്കണം. ക്വീൻസ്‌ലാൻഡ് സ്വദേശിനിയായ ആ പെൺകുട്ടി ഒരുപാട് കഷ്ടപ്പെട്ട് തന്റെ സ്വപ്നം നേടിയെടുക്കുക തന്നെ ചെയ്തു.

ചിട്ടയായ വ്യായാമവവും ഭക്ഷണ നിയന്ത്രണവും പിന്തുടർന്ന ജോസി ഒരു വർഷം കൊണ്ടു കുറച്ചത് 64 കിലോയാണ്. 127 കിലോയിൽ നിന്ന് 63 കിലോ ആയി ശരീര ഭാരം കുറച്ചതിനെക്കുറിച്ച് ജോസി പറയുന്നതിങ്ങനെ :- 

'' പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായും ഉപേക്ഷിച്ചു. മാംസവിഭവങ്ങൾ കഴിക്കുന്നത് വളരെക്കുറച്ചു. ആദ്യം നടത്തവും ജോഗിങും മാത്രമായിരുന്നു വ്യായാമത്തിന്റെ ഭാഗമായി ചെയ്തിരുന്നത്. പിന്നീടാണ് ജിമ്മിൽ പോകാൻ തീരുമാനിച്ചത്. പേഴ്സണൽ ട്രെയിനറെ കണ്ടെത്തി അനുയോജ്യമായ വ്യായാമ മുറകൾ ശീലിച്ചു തുടങ്ങി. ആഴ്ചയിൽ കുറഞ്ഞത് നാലു തവണയെങ്കിലും മുടങ്ങാതെ ജിമ്മിൽ പോകുന്ന തരത്തിൽ ദിനചര്യകൾ ക്രമപ്പെടുത്തി.

ഒരു വർഷത്തോളം ചിട്ടകൾ തെറ്റിക്കാതെ പാലിച്ചപ്പോൾ തന്നെ ശരീരത്തിൽ നല്ല മാറ്റങ്ങൾ കണ്ടു തുടങ്ങി. അതോടെ ജീവിതത്തിന്റെ ഭാഗമായ പുതിയ ദിനചര്യകൾ തുടരാൻ തീരുമാനിച്ചു.– ജോസി പറയുന്നു.സ്കൂൾ സമയത്തു കേട്ട പരിഹാസങ്ങൾ തന്റെ ആത്മവിശ്വാസത്തെ പൂർണ്ണമായും തകർത്തു കളഞ്ഞിരുന്നുവെന്നും തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടമായി ആ ദിവസങ്ങളെ മറക്കാനാണ് ശ്രമിക്കുന്നതെന്നും അവൾ പറയുന്നു. അമിത വണ്ണമുള്ളപ്പോൾ തനിക്ക് കൂട്ടുകാരാരും ഇല്ലായിരുന്നുവെന്നും വണ്ണം കുറച്ചു സ്കൂളിൽ തിരികെ ചെന്ന തന്നെ കണ്ടപ്പോൾ സുഹൃത്തുക്കൾ അദ്ഭുതപ്പെട്ടെന്നും. തന്റെ ജീവിതം ആർക്കെങ്കിലുമൊക്കെ പ്രചോദനമാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ജോസി പറയുന്നു. 

ശരീരഭാരം എങ്ങനെ കുറയ്ക്കണം എന്നതിനെപ്പറ്റി ഒപു പുസ്തകം എഴുതാനുള്ള ഒരുക്കത്തിലാണ് ജോസിയിപ്പോൾ.