ഫ്ലൈറ്റിൽ വിശന്നു കരഞ്ഞ കുഞ്ഞിന് മുലയൂട്ടി എയർഹോസ്റ്റസ്; നന്ദി പറഞ്ഞ് അമ്മ

തികച്ചും അപരിചിതയായ ഒരു യാത്രക്കാരിയുടെ കൈയിലിരുന്ന് ഒരു പിഞ്ചു കുഞ്ഞ് വിശന്നു നിലവിളിക്കുന്നത് കണ്ടു നിൽക്കാനാകാതെയാണ് എയർഹോസ്റ്റസ് അവളെ മുലയൂട്ടിയത്. ഫിലിപ്പീൻസ് ഫ്ലൈറ്റിൽ ജോലി ചെയ്യുന്ന പട്രീഷ ഒർഗാനോ എന്ന എയർഹോസ്റ്റസാണ് നന്മയുള്ള ഒരു കാര്യം ചെയ്തതിന്റെ പേരിൽ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്.

പുലർച്ചെ ഫ്ലൈറ്റ് പുറപ്പെടുമ്പോഴാണ് യാത്രക്കാരിലൊരാളുടെ കൈയിലിരുന്ന ഒരു പിഞ്ചു കുഞ്ഞ് കരയുന്നത് പട്രീഷയുടെ ശ്രദ്ധയിൽപ്പെട്ടത്. കുഞ്ഞിന്റെ അമ്മയാകട്ടെ കുഞ്ഞിനു കൊടുക്കാനുള്ള പാൽ സംഘടിപ്പിക്കുവാനുള്ള വെപ്രാളത്തിലും. പക്ഷേ കുഞ്ഞിന് കൊടുക്കാനുള്ള പാൽ ആ സമയത്ത് ഫ്ലൈറ്റിൽ ലഭ്യമല്ലാതിരുന്നതിനാലും വിശന്നു കരയുന്ന കുഞ്ഞിനെ അവഗണിക്കാനാവാത്തതിനാലും താൻ കുഞ്ഞിന് പാലൂട്ടിക്കോട്ടെയെന്ന് പട്രീഷ കുഞ്ഞിന്റെ അമ്മയോടു ചോദിച്ചു. വളരെ സന്തോഷത്തോടെ ആ അമ്മ പട്രീഷയെ അതിനനുവദിച്ചു. വിശപ്പടങ്ങി കുഞ്ഞ് ഉറങ്ങുന്നതുവരെ പട്രീഷ കുഞ്ഞിന് പാൽ നൽകി. അമ്മയുടെ നന്ദിവാക്കുകളോടും വാർത്തയറിഞ്ഞ് അഭിനന്ദിക്കാനെത്തിയവരോടും പട്രീഷ പറയുന്നതിങ്ങനെ

''ഒൻപതു മാസം പ്രായമായ ഒരു പെൺകുഞ്ഞിന്റെ അമ്മയാണ് ഞാൻ. കുഞ്ഞ് വിശന്നു കരയുമ്പോൾ, വിശപ്പടക്കാൻ കഴിയാതെ വരുമ്പോൾ അമ്മ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് നന്നായി മനസ്സിലാക്കാൻ സാധിക്കും''. ഫ്ലൈറ്റിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് കുഞ്ഞിന്റെ അമ്മ എന്നോട് ഒരുപാട് നന്ദി പറഞ്ഞുവെന്നും പട്രീഷ പറയുന്നു. അമ്മപ്പാലെന്ന അനുഗ്രഹം കൃത്യസമയത്ത് ഒരു കുഞ്ഞിന് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പട്രീഷ പറയുന്നു.