Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

"ബോക്സിങ് അറിയാമായിരുന്നിട്ടും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്": മക്കൾക്ക് മേരികോമിന്റെ കത്ത്

mary-kom-3col

വനിതാ ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ചരിത്രത്തിലിടംപിടിച്ച സുവർണ്ണനേട്ടവുമായി മേരികോം ഇന്ത്യയുടെ അഭിമാനമുയർത്തിയപ്പോൾ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും അഭിനന്ദിച്ചത് മേരികോം എന്ന ബോക്സിങ് താരത്തെ മാത്രമല്ല. അവരുടെ ഉള്ളിലെ അമ്മ മനസ്സിനെക്കൂടെയാണ്. കരിയറിലെ മികച്ച വിജയങ്ങളൊക്കെയും മേരി കോം എന്ന ബോക്സിങ് താരം സ്വന്തമാക്കിയത് അമ്മയായ ശേഷമാണെന്ന് അഭിമാനത്തോടെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രണ്ട് ഇരട്ടക്കുട്ടികളുടെ ഉൾപ്പടെ മൂന്ന് ആൺമക്കളുടെ അമ്മയാണ് മേരികോം.

കരിയറിൽ വിജയം കൊയ്യുമ്പോഴും അമ്മ എന്ന നിലയിൽ മക്കൾക്ക് പകർന്നു കൊടുക്കേണ്ട മൂല്യങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല മേരി കോം. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്നും സ്ത്രീകളോ പെൺകുട്ടികളോ അപകടത്തിലാവുകയാണെന്ന് മനസ്സിലായാൽ അവരെ എങ്ങനെ രക്ഷിക്കണമെന്നും സ്വന്തം ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാണ് മേരികോം കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്.

Mary Kom

ബോക്സിങ് എന്ന കായികയിനം തനിക്കു വശമുണ്ടായിട്ടുപോലും ജീവിതത്തിലെ ചില നിമിഷങ്ങളിൽ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചവർക്കുനേരെ അതു പ്രയോഗിക്കാൻ കഴിഞ്ഞില്ലെന്ന് ഇച്ഛാഭംഗത്തോടെ പറഞ്ഞുകൊണ്ടാണ് പുരുഷന്മാരിൽ നിന്നുണ്ടായ മോശമായ അനുഭവത്തെക്കുറിച്ച് മേരികോം ആൺമക്കളോട് തുറന്നു പറ‍ഞ്ഞത്. മക്കൾക്കെഴുതിയ തുറന്ന കത്തിലൂടെയായിരുന്നു മേരികോമിന്റെ വെളിപ്പെടുത്തൽ. കരിയറിൽ ഒരു പൊൻതൂവൽ കൂടി ചാർത്തി മേരികോം വാർത്തകളിൽ നിറയുമ്പോൾ മുൻപ് മേരി കുട്ടികൾക്കെഴുതിയ കത്ത് വീണ്ടും തരംഗമാവുകയാണ്.

2016ൽ മക്കളെ അഭിസംബോധന ചെയ്ത് മേരികോം എഴുതിയ കത്തിങ്ങനെ:-

പ്രിയപ്പെട്ട മക്കളെ,

നമുക്ക് മാനഭംഗത്തെക്കുറിച്ച് സംസാരിക്കാം, സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമണങ്ങളെക്കുറിച്ച് സംസാരിക്കാം. ഓരോ ദിവസവും സ്ത്രീകൾ അപമാനിക്കപ്പെടുന്നുണ്ട്, ആക്രമിക്കപ്പെടുന്നുണ്ട്. എന്റെ മക്കളെ, നിങ്ങളിൽ മൂത്തവന് 9 നും രണ്ടാമത്തെ കുഞ്ഞുങ്ങൾക്ക് 3 ഉം വയസ്സുവീതമാണ് പ്രായം. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പഠിക്കേണ്ട ശരിയായ പ്രായമാണിത്. നിങ്ങളുടെ അമ്മയും അപമാനിക്കപ്പെട്ടിട്ടുണ്ട് എന്നു തുറന്നു പറഞ്ഞുകൊണ്ട് നമുക്കു സംസാരിച്ചു തുടങ്ങാം. ആദ്യത്തെ സംഭവമുണ്ടായത് മണിപ്പൂരിൽ വച്ചാണ്. രണ്ടാമത്തെ സംഭവം നടന്നത് ഡൽഹിയിൽ സുഹൃത്തുക്കൾക്കൊപ്പം ആയിരിക്കുമ്പോഴും. ബോക്സിങ് പോലെയൊരു കായികയിനം അറിയാമായിരുന്നിട്ടുപോലും ഇങ്ങനെ സംഭവിച്ചല്ലോ എന്നോർത്താൽ ഞെട്ടലുണ്ടാകുമെന്നെനിക്കറിയാം. ബോക്സിങ് പരിശീലനത്തിനായി ട്രെയിനിങ് ക്യാംപിലേക്ക് പോകുകയായിരുന്നു ഞാൻ. രാവിലെ 8.30 ആയിക്കാണും. സൈക്കിൾ റിക്ഷായിൽ യാത്രചെയ്തിരുന്ന എന്റെയരികിലേക്ക് വന്നൊരാൾ പെട്ടന്ന് എന്റെ മാറിൽ പിടിച്ചിട്ട് ഓടിമറഞ്ഞു. ദേഷ്യത്താൽ അപ്പോൾത്തന്നെ ഞാൻ റിക്ഷയിൽ നിന്ന് ചാടിയിറങ്ങി കാലിൽ കിടന്ന ചെരുപ്പു വലിച്ചൂരി അക്രമിയുടെ പിന്നാലെ പാഞ്ഞു. പക്ഷേ അയാൾ രക്ഷപെട്ടു. ഞാൻ പരിശീലിച്ച കായികയിനമോ കരാട്ടെയോ പോലും ആ സമയത്ത് അവനെ പിടിക്കാൻ എന്നെ സഹായിച്ചില്ലല്ലോ എന്നോർത്ത് ഞാൻ നിരാശയായി.

mc-mary-kom

അന്നെനിക്ക് 17 വയസ്സായിരുന്നു പ്രായം. ഇപ്പോൾ 33 വയസ്സുണ്ട്. എന്റെ മെ‍ഡൽ നേട്ടത്തിന്റെ പേരിൽ ലോകം എന്നെ അറിയുന്നുണ്ട്. പക്ഷേ അതിനൊപ്പം ഒരു സ്ത്രീയായിക്കൂടി ബഹുമാനിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. എത്ര ഉയരങ്ങൾ താണ്ടിയാലും ചില പുരുഷന്മാർ വെറും ശരീരാവയവങ്ങൾ മാത്രമായാണ് സ്ത്രീകളെ കാണുന്നത്. പ്രിയപ്പെട്ട മക്കളെ, നിങ്ങൾ എപ്പോഴും ഒരു കാര്യം ഓർക്കണം. നിങ്ങളെപ്പോലെ തന്നെ ഞങ്ങൾക്കും രണ്ടു കണ്ണുകളും ഒരു മൂക്കുമാണുള്ളത്. ശരീരത്തിലെ ചില ഭാഗങ്ങൾക്ക് മാത്രമാണ് വ്യത്യാസങ്ങളുള്ളത്. എല്ലാ പുരുഷന്മാരെയും പോലെ തലച്ചോറുപയോഗിച്ചു തന്നെയാണ് ഞങ്ങളും ചിന്തിക്കുന്നത്, മനസ്സുകൊണ്ടാണ് വികാരങ്ങളെ അറിയുന്നത്. മാറിടത്തിലും നിതംബത്തിലും സ്പർശിക്കുന്നത് ഞങ്ങൾക്കിഷ്ടമല്ല. ഇത്തരം അനുഭവങ്ങളാണ് എനിക്കും കൂട്ടുകാർക്കും ഡൽഹിയിൽ വച്ച് നേരിടേണ്ടി വന്നത്.

Mary-Kom-with-children-cartoon

ധരിക്കുന്ന വസ്ത്രത്തെക്കുറിച്ചോ, പുറത്തിറങ്ങേണ്ടി വരുന്ന സമയത്തെക്കുറിച്ചോ സ്ത്രീകൾക്ക് പേടിയോടെ ഓർക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്. അനുവാദമില്ലാതെ സ്ത്രീ ശരീരങ്ങളിൽ സ്പർശിക്കുമ്പോൾ എന്ത് ആഹ്ലാദമാണ് പുരുഷന്മാർക്ക് ലഭിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിങ്ങൾ വലുതാകുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. സ്ത്രീകളെ അപമാനിക്കുന്നതും മാനഭംഗം ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കാവുന്ന ക്രിമിനിൽ കുറ്റമാണ്. ഏതെങ്കിലും പെൺകുട്ടിയെ ആരെങ്കിലും പരിഹസിക്കുന്നതായി കണ്ടാൽ നിങ്ങൾ അവരെ സഹായിക്കണം. ഏറ്റവും വിഷമകരമായ സംഗതി എന്താണെന്നു വച്ചാൽ മറ്റുള്ളവർക്ക് പരിഗണന നൽകാത്ത വിധത്തിലായിക്കഴിഞ്ഞിരിക്കുന്നു നമുടെ സമൂഹം എന്നതാണ്. ആരെങ്കിലും സഹായിക്കാനുണ്ടായിരുന്നെങ്കിൽ ഇന്ത്യയുടെ തലസ്ഥാനത്ത് ഒരു പെൺകുട്ടി കുത്തേറ്റ് മരിക്കില്ലായിരുന്നു.

mary-kom-file-pic

സ്ത്രീകൾക്ക് ബഹുമാനം കൽപ്പിക്കുന്ന, അവരെ സമന്മാരായി കാണുന്ന ഒരു വീട്ടിലാണ് നിങ്ങൾ വളരുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെ അച്ഛന്മാരെപ്പോലെ ഓഫിസ് ജോലിക്കു പോകുന്ന ഒരാളല്ല നിങ്ങളുടെ അച്ഛൻ. കാരണം ഞങ്ങളിലൊരാൾക്ക് എപ്പോഴും നിങ്ങളുടെ കൂടെയുണ്ടായാലേ പറ്റൂ. പരിശീലനവും ജോലിയും കഴിഞ്ഞ്, ഇപ്പോൾ എംപിയായ ശേഷം പ്രത്യേകിച്ച് ഏറെ നേരം ഞാൻ ചിലവഴിക്കുന്നത് വീടിനു പുറത്താണ്. നിങ്ങളുടെ അച്ഛനോടെനിക്കേറെ ബഹുമാനമുണ്ട്. അദ്ദേഹത്തിന്റെ സമയം എനിക്കായും നമുക്കെല്ലാവർക്കുമായാണ് അദ്ദേഹം സമർപ്പിക്കുന്നത്. വീട്ടച്ഛൻ എന്ന വാക്ക് അധികം വൈകാതെ നിങ്ങൾ കേൾക്കും. ഓർക്കുക, അതൊരു മോശം വാക്കല്ല. അദ്ദേഹമെന്റെ കരുത്താണ്, എന്റെ പങ്കാളിയാണ്, എന്റെ ഓരോ ചുവടിലും ഒപ്പമുണ്ടായിരുന്ന ആളാണ്.

അമ്മയുടെ ഒപ്പം നടക്കുമ്പോൾ ചില വാക്കുകളൊക്കെ കേൾക്കേണ്ടി വന്നേക്കാം. ചിലർ അമ്മയെ ചിങ്കി എന്നു വിളിച്ചേക്കാം. അതൊരു മോശം വാക്കാണ്. വംശീയ അധിക്ഷേപമാണ്. ‍ഞാനൊരു ഇന്ത്യക്കാരിയാണ്.ആക്രമണങ്ങളിൽ നിന്ന് ഞാൻ നിന്നെ സംരക്ഷിക്കാം, പേടികളെ അതിജീവിക്കാൻ നിങ്ങളെ സഹായിക്കാം. ഈ വലിയ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് നിങ്ങൾ. അതുകൊണ്ടു തന്നെ സ്ത്രീകളെ ബഹുമാനിക്കാൻ നിങ്ങൾ പഠിക്കണം. നമ്മുടെ സംസ്ഥാനത്തുള്ള പല സ്ത്രീകളും അവരുടെ രൂപത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും ടാർഗറ്റ് ചെയ്യപ്പെടുന്നുണ്ട്.

എന്റെ രാജ്യം എനിക്ക് പേരും പ്രശസ്തിയും നൽകിയിട്ടുണ്ട്. എന്നു കരുതി എം.എസ് ധോണിയെപ്പോലെയോ വിരാ‍ട് കോഹ്‌ലിയെപ്പോലെയോ ഞാൻ എല്ലാവരാലും തിരിച്ചറിയപ്പെടണമെന്നില്ല. എങ്കിലും ചിങ്കി എന്നു വിളിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അടുത്തിടെ ഒരു പുരുഷൻ എന്റെ അരികിലെത്തി ചൈനീസ് ഭാഷയിൽ സംസാരിച്ചു തുടങ്ങി. ഹിന്ദിയിൽ സംസാരിച്ചുകൊണ്ടാണ് അയാളെ ഞാൻ തിരിച്ചയച്ചത്. രാജ്യസഭയിൽ അംഗമാകാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്താൻ ഈ പദവി ‍ഞാൻ വിനിയോഗിക്കും. ലൈംഗികാതിക്രമത്തിനുള്ള ത്വര ഉള്ളിലുറങ്ങിക്കിടക്കുന്നവരുണ്ടാകും. ഒരു അമ്മ എന്ന നിലയിൽ തോറ്റുപോകാതിരിക്കാനായി ചില കാര്യങ്ങൾ കൂടി നിങ്ങളോട് പറയാനുണ്ട്. നമ്മുടെ ശരീരത്തിന്റെ ഏക അവകാശികൾ നമ്മൾ മാത്രമാണ്. നോ എന്നു പറയുന്ന സ്ത്രീകളെ ബഹുമാനിക്കണം. നോ പറഞ്ഞു എന്നതിന്റെ പേരിൽ സ്ത്രീകളുടെ ജീവനെടുക്കരുത്. മാനഭംഗം എന്ന വാക്കുപയോഗിച്ചത് ലൈംഗിക ബന്ധത്തിന്റെ കാര്യത്തിൽ മാത്രമല്ല. തെറ്റായ രീതിയിൽ അധികാരം ഉപയോഗിക്കുന്നതും ചിലപ്പോൾ പ്രതികാരം ചെയ്യുന്നതുമെല്ലാം അപമാനിക്കൽ തന്നെയാണ്.

എന്നെ ആക്രമിക്കാൻ ശ്രമിക്കുന്ന ഒരാളെ തോൽപ്പിക്കാൻ എനിക്കാവും. അയാളെ പരാജയപ്പെടുത്താനായതിന്റെ സന്തോഷം മാത്രമേ അപ്പോൾ എനിക്ക് ലഭിക്കൂ. പെൺകുട്ടികൾ സുരക്ഷിതരായിരിക്കുന്ന, അവർ ബഹുമാനിക്കപ്പെടുന്ന ഒരു സമൂഹം വാർത്തെടുക്കാം.