10 വർഷങ്ങൾ: വിജയരഹസ്യം തുറന്നു പറഞ്ഞ് അനുഷ്ക ശർമ്മ

അനുഷ്ക ശർമ്മ. ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം

കൈവച്ച മൂന്നു മേഖലകളിലും വിജയക്കൊടി പാറിക്കാൻ എങ്ങനെ സാധിച്ചുവെന്ന് ബോളിവുഡ്താരം അനുഷ്ക ശർമ്മയോടു ചോദിച്ചാൽ ഒരേയൊരുത്തരമേയുള്ളൂ.തിരഞ്ഞെടുപ്പുകൾ. പരമ്പരാഗതമല്ലാത്ത തിരഞ്ഞെടുപ്പുകളാണ് തന്റെ വിജയ രഹസ്യമെന്ന് അനുഷ്ക പറയും.

സിനിമയിൽ 10 വർഷം പിന്നിടുമ്പോൾ ബിടൗണിൽ തനിക്കുള്ള സ്ഥാനത്തെക്കുറിച്ച് ഒട്ടും സന്ദേഹമില്ല അനുഷ്കയ്ക്ക്. അഭിനേത്രി, നിർമ്മാതാവ്, വ്യവസായ സംരംഭക എന്നീ നിലകളിൽ ശോഭിക്കാൻ കഴിഞ്ഞത് തന്റെ തിരഞ്ഞെടുപ്പുകൾ മൂലമാണെന്നാണ് അനുഷ്ക പറയുന്നത്. 2008 ൽ പുറത്തിറങ്ങിയ റബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാന്റെ നായികയായിട്ടായിരുന്നു അനുഷ്കയുടെ അരങ്ങേറ്റം. പിന്നീട് പി.കെ, സുൽത്താൻ, എൻഎച്ച് 10 എന്നീ ചിത്രങ്ങളിലെ അഭിനയവും അനുഷ്കയുടെ കരിയർ ഗ്രാഫ് ഉയർത്തി.

'' എന്റെ തോന്നലുകളിൽ നിന്നാണ് പരമ്പരാഗതമല്ലാത്ത തിരഞ്ഞെടുപ്പുകൾ ഞാൻ നടത്തുന്നത്. അത്തരം തിരഞ്ഞെടുപ്പുകളിൽ നിന്ന് എനിക്ക് വിജയം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇത്തരം പരമ്പരാഗതമല്ലാത്ത തിരഞ്ഞെടുപ്പുകളിൽ നിന്നാണ് എന്റെ കരിയർ തന്നെ പടുത്തുയർത്തിയത്. അതുകൊണ്ടാണ് സിനിമയിലെ വിവിധ മേഖലകളിൽ ചുവടുറപ്പിക്കാൻ പറ്റിയതും. എന്റെ തോന്നലുകളുടെ പിന്തുടരുന്നത് വളരെ ലളിതമായതുകൊണ്ടാണ് ഞാനിങ്ങനെ ചെയ്യുന്നത്''.

നിർമ്മാതാവെന്ന നിലയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും മറ്റെന്തിനേക്കാളും ചിത്രത്തിന്റെ കണ്ടന്റിന് പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്നാണ് അനുഷ്ക പറയുന്നത്. ചിത്രം വലുതോ ചെറുതോ ആയിക്കോട്ടെ അതും ഒരു സിനിമ തന്നെയാണ്. ആളുകൾ വിനോദത്തിനായാണ് സിനിമ കാണാനെത്തുന്നത്. കണ്ടന്റിനേക്കാൾ വലുതാണ് താനെന്ന് ആർക്കെങ്കിലും തോന്നിയാൽ അതാണ് ഏറ്റവും വലിയ മണ്ടത്തരം. താരങ്ങളേക്കാൾ, സംവിധായകരേക്കാൾ അതിനപ്പുറമുള്ള എല്ലാത്തിനേക്കാളും വലുതാണ് കണ്ടന്റ്.

'' ദിവസം മുഴുവൻ ഞാൻ ജോലിചെയ്യുന്നുണ്ട്. ഞാൻ സമയം നൽകുന്ന ഒരു കൂട്ടമാളുകളുടെ കൈയിലാണ് എന്റെ ജീവിതമെന്ന് എനിക്ക് നന്നായറിയാം. എനിക്ക് പറ്റിയ സിനിമകൾ തിരഞ്ഞെടുക്കാൻ സമയം വേണം. അതിന് കുറേ ആളുകളോട് സംസാരിക്കണം. എനിക്കിഷ്ടമുള്ള സിനിമകൾ മാത്രം തിരഞ്ഞെടുത്ത് അഭിനയിക്കണമെങ്കിൽ വളരെ സുരക്ഷിതമായ ഒരിടത്താണ് ഞാനിപ്പോൾ നിൽക്കുന്നതെന്ന ബോധമുണ്ടാവണം. ഞാനൊരു പുതുമുഖമല്ലാത്തതതുകൊണ്ടു തന്നെ എനിക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു പുതുമുഖമായിരിക്കുന്ന സമയത്തും ഞാനങ്ങനെ ചെയ്തിട്ടില്ല. ഞാനതിൽ സന്തുഷ്ടയായിരുന്നു''.അനുഷ്ക പറയുന്നു.

ഒരു അഭിനേത്രി എന്ന നിലയിൽ ‍ഞാനെന്റെ സമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെക്കുറിച്ച് ആളുകൾക്ക് ധാരണകാണും. എന്നാൽ ക്യാമറയ്ക്കു പിന്നിൽ അതല്ല അവസ്ഥ. അഭിനയത്തിന് വിനിയോഗിക്കുന്നതുപോലെ തന്നെയുള്ള സമയം നിർമ്മാതാവായിരിക്കുമ്പോഴും വിനിയോഗിക്കണം. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന, ഷാരൂഖിനും കത്രീന കൈഫിനുമൊപ്പം അഭിനയിച്ച സീറോ എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് അനുഷ്കയിപ്പോൾ. നിലവിൽ പുതിയ ചിത്രങ്ങളിലൊന്നും താരം ഇതുവരെ കരാറൊപ്പിട്ടിട്ടില്ല.