വിവാദങ്ങളിൽ ജീവിതം ബാലൻസ് ചെയ്യുന്നതിങ്ങനെ: മലൈക അറോറ

Malaika Arora. Photo Credit: Instagram

ബിടൗണിലെ ബിഗ്സ്ക്രീനിൽ ഇപ്പോൾ‌ അത്ര സജീവമല്ലെങ്കിലും സെലിബ്രിറ്റി ഗോസിപ് കോളത്തിൽ അടുത്തിടെയായി മലൈക അറോറയുടെ പേര് അടിക്കടി പ്രത്യക്ഷപ്പെടുന്നുണ്ട്. ബോളിവുഡ് താരം അർജുൻ കപൂറും മലൈകയും ഡേറ്റിങ്ങിലാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. വാർത്ത സത്യമാണെന്നംഗീകരിക്കുകയോ കളവാണെന്നു പറഞ്ഞ് നിഷേധിക്കുകയോ ചെയ്തിട്ടില്ല.

സ്വകാര്യ ജീവിതം ചർച്ചയാകുന്ന സാഹചര്യമുണ്ടായിട്ടും പതറാതെ പക്വതയോടെയാണ് മലൈക പ്രതികരിച്ചിരിക്കുന്നത്. വാർത്തകൾ നിരന്തരം പ്രചരിക്കുമ്പോൾ ക്ഷുഭിതയാകാതെ സമചിത്തതയോടെ അതിനോടു പ്രതികരിക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മലൈക പറഞ്ഞതിങ്ങനെ:-

''അനിവാര്യമായ സന്ദർഭങ്ങളിൽ നോ പറയാനായാൽ ജീവിതം ബാലൻസ് ചെയ്യാൻ സാധിക്കും''. അർജുനും മലൈകയും തമ്മിൽ പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹിതരാകുമെന്നുമുള്ള വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലായിരുന്നു മലൈകയുടെ മറുപടി. 1998 ൽ ബോളിവുഡ് താരം അർബാസ്ഖാനെ വിവാഹം കലിച്ച മലൈക 2016 ൽ വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട്. 

ജീവിതത്തിലുണ്ടായ നഷ്ടങ്ങളിൽ നിന്നു എങ്ങനെ പുറത്തു കടന്നുവെന്ന ചോദ്യത്തിന് മലൈക ഉത്തരം നൽകിയതിങ്ങനെ:- ''പറഞ്ഞു പഴകിയ ഉത്തരങ്ങൾ തന്നെ. എന്റെ സുഹൃത്തുക്കൾ, കുടുംബം, പിന്നെ യോഗ. ഇതെല്ലാമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. മുൻപു പറഞ്ഞതു പോലെ ഇതെല്ലാം ജോലിയുടെ ഭാഗം തന്നെയാണ്. അതിനെ അംഗീകരിച്ച് ജീവിതത്തിന്റെ ബാലൻസ് തെറ്റാതെ മുന്നോട്ടു പോകണം.''- മലൈക പറയുന്നു.

ലാക്മേ ഫാഷൻ വീക്കിലേക്ക് മോഡലുകളെ തിരഞ്ഞെടുക്കുന്ന ജഡ്ജിങ് പാനലിനെ ഒരു വിധികർത്താവാണിപ്പോൾ മലൈക. ദീപിക പദുക്കോൺ, കത്രീന കൈഫ് എന്നീ താരങ്ങൾക്ക് ബിടൗണിലേക്ക് വഴി തുറന്ന വേദിയാണിത്. ഇത്തരം വേദിയിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കുമ്പോൾ മനസ്സിലൂടെ കടന്നു പോകുന്ന കാര്യങ്ങളെക്കുറിച്ച് മലൈക പറയുന്നതിങ്ങനെ:–

''ഇത്തരം വേദികളിൽ സ്വന്തം വ്യക്തിത്വം പ്രകടിപ്പിക്കുകാൻ സാധിക്കുക എന്നതാണ് പ്രധാന കാര്യം. ക്ലോണുകളെ എനിക്കിഷ്ടമല്ല. സ്വന്തമായി വ്യക്തിത്വമുള്ള പെൺകുട്ടികളെയാണെനിക്കിഷ്ടം. അവർ വ്യത്യസ്തരായിരിക്കാം– ചിലപ്പോൾ പൊക്കമുള്ളവളാകാം, ചിലപ്പോൾ ഇരുണ്ടിട്ടാവാം, പക്ഷേ വ്യത്യസ്തരായിരിക്കുക എന്നതാണ് പ്രധാനം. പുതിയതെന്തെങ്കിലും അവർക്ക് നൽകാൻ കഴിയണം. അതിനു സാധിച്ചില്ലെങ്കിൽ ഒരാൾ മറ്റൊരാളുടെ ക്ലോൺ ആയി മാറും.– മലൈക പറയുന്നു.

മോഡലായിട്ടായിരുന്നു മലൈകയുടെയും കരിയറിന്റെയും തുടക്കം. മോഡലുകൾക്ക് സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്യാൻ കഴിയില്ലെന്ന ചിന്തയുണ്ടോയെന്ന ചോദ്യത്തിന് മലൈക പറഞ്ഞതിങ്ങനെ:-

''കാലം മാറിയിട്ടുണ്ട്. ബിസിനസ്സിൽ ഉയർന്നു കേൾക്കുന്ന വലിയ പേരുകളൊക്കെ മോഡലിങ് പശ്ചാത്തലത്തിൽ നിന്നു വന്നവരുടേതാണ്. പുതിയ മോഡലുകളെ സ്ക്രീനിൽ കാണുകയെന്നത് വളരെ കൗതുകമുള്ള കാര്യമാണ്. സ്ക്രീനിലും ബിസിനസ്സിലും എന്നും മോഡലുകൾക്ക് മികച്ച സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുള്ളത്''.- മലൈക പറയുന്നു.

ഛയ്യ ഛയ്യാ എന്ന ഗാനത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ മലൈക 2008ലാണ് അർബാസിനൊപ്പം സിനിമാ നിർമ്മാണ രംഗത്തേക്കിറങ്ങിയത്. ഡബാങ്, ഡബാങ് 2 എന്നീ ചിത്രങ്ങൾ അർബാസ് ഖാൻ പ്രൊഡക്ഷൻസ് റിലീസ് ചെയ്തത്. ടെലിവിഷൻ റിയാലിറ്റി ഷോയിലെ ജ‍ഡ്ജിങ് പാനലിലാണ് മലൈകയെ ഇപ്പോൾ കൂടുതലായും കാണാൻ സാധിക്കുന്നത്. വിധികർത്താവായുള്ള ജോലിയെപ്പറ്റിയുള്ള ചോദ്യത്തിന് 'ഞാൻ മികച്ചൊരു വിധികർത്താവാണെന്നായിരിക്കാം ആളുകളുടെ ധാരണ' എന്നായിരുന്നു മലൈകയുടെ മറുപടി.