അപർണ ബങ്കാർ; മഹാരാഷ്ട്രയിലെ പാഡ്‌വുമൺ

Aparna Bankar. Photo Credit: Google India Twitter

എല്ലാ സിനിമകളും ജീവിതത്തെക്കുറിച്ചാണു പറയുന്നതെങ്കിലും ബോളിവുഡിലെ പാഡ്മാന്‍ എന്ന അക്ഷയ്കുമാര്‍ ചിത്രം സമൂഹത്തിലെ ഒരു യഥാര്‍ഥ വ്യക്തിയുടെ ജീവിതചിത്രീകരണമായിരുന്നു. ഒരാളല്ല, ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഇന്നും അനേകം സ്ത്രീകള്‍ നേരിടുന്ന ഒരു ആരോഗ്യപ്രശ്നം. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാതെ ആര്‍ത്തവസമയത്ത് തുണി ഉപയോഗിച്ച് രോഗങ്ങള്‍ വരുത്തിവയ്ക്കുന്ന നൂറുകണക്കിനു സ്ത്രീകളുണ്ട്. 

പാഡ്മാൻ എന്ന സിനിമ ആയിരങ്ങളെ സ്വാധീനിച്ചെങ്കില്‍ മഹാരാഷ്ട്രയില്‍ ബ്രഹ്മണി ഗ്രാമത്തിലുള്ള അപര്‍ണ ബങ്കാര്‍ എന്ന യുവതി സിനിമയില്‍നിന്നു തന്റെ ജീവിതനിയോഗം തന്നെ കണ്ടെടുത്തു. ഗൂഗിളിന്റെ ഇന്റര്‍നെറ്റ് സാഥി പദ്ധതിയുടെ സഹകരണത്തോടെ അവര്‍ തന്റെ ഗ്രാമത്തില്‍ ഒരു സാനിറ്ററി നാപ്കിന്‍ നിര്‍മാണ യൂണിറ്റ് തന്നെ സ്ഥാപിച്ചു. പാഡ്മാന്‍ എന്ന സിനിമ തിയറ്ററുകളില്‍ തകര്‍ത്തോടുമ്പോഴായിരുന്നു അപര്‍ണയുടെ വ്യത്യസ്തമായ സംരംഭക ശ്രമം. 

നിര്‍മാണ യൂണിറ്റ് ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നു; 10 സാനിറ്ററി പാഡുകളുടെ പാക്കറ്റ് 40 രൂപയ്ക്കു വിറ്റ് അപര്‍ണ വരുമാനം കണ്ടെത്തുന്നു; ഒപ്പം ഗ്രാമീണരെ ആരോഗ്യ-ശുചിത്വ ജീവിതത്തിലേക്കു നയിക്കുകയും ചെയ്യുന്നു. സാനിറ്ററി പാഡ് നിര്‍മാണ യൂണിറ്റ് ഇപ്പോള്‍ പ്രശസ്തമാണെങ്കിലും തന്റെ തുടക്കം ഒട്ടും എളുപ്പമായിരുന്നില്ലെന്ന് അപര്‍ണ പറയുന്നു . ഗ്രാമത്തിലുള്ള സ്ത്രീകള്‍ ആര്‍ത്തവത്തിന്റെ ആദ്യത്തെ നാലുദിവസങ്ങളില്‍ വീടിനു പുറത്തിറങ്ങുക കൂടിയില്ല. വിദ്യാര്‍ഥിനികള്‍ ആര്‍ത്തവദിനങ്ങളില്‍ സ്കൂളില്‍ പോകാറില്ല. അങ്ങനെയൊരു ഗ്രാമത്തിലുള്ളവരോട് ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് സംസാരിക്കുക എന്നതുതന്നെ വെല്ലുവിളിയായിരുന്നു.  

ബ്രാഹ്മണി ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് സാനിറ്ററി പാഡുകളെക്കുറിച്ച് അറിവില്ല എന്നതല്ല പ്രശ്നം. പാരമ്പര്യ ആചാരങ്ങളില്‍നിന്നും വിശ്വാസങ്ങളില്‍നിന്നും മാറാനുള്ള വിമുഖത. ആര്‍ത്തവത്തെക്കുറിച്ചു സംസാരിക്കുന്നതുതന്നെ അവര്‍ നാണക്കേടായി കരുതുന്നു. പാഡ് വാങ്ങിക്കാന്‍ കടയില്‍പോകാനും അവര്‍ തയാറല്ല. പകരം വീട്ടില്‍ എളുപ്പത്തില്‍കിട്ടുന്ന തുണി ഉപയോഗിക്കുന്നു. മാറ്റം വേണമെന്ന് അപര്‍ണ തീരുമാനിച്ചു; ഭര്‍ത്താവ് പ്രസാദ് ബങ്കാറും കൂടെനിന്നു. അവര്‍ സ്ഥാപിച്ച നിര്‍മാണ യൂണിറ്റില്‍നിന്ന് മാസം 1000 സാനിറ്ററി പാഡുകള്‍ പുറത്തിറങ്ങിത്തുടങ്ങി. പക്ഷേ 300 മുതല്‍ 400 പാക്കറ്റുകള്‍ വരെ മാത്രമേ വിറ്റുപോയുള്ളൂ. 

തളരാതെ അപര്‍ണ തനിഷ്ക ഫൗണ്ടേഷന്‍ എന്ന സാമൂഹിക സന്നദ്ധ സംഘടനയുമായും പിന്നീട് ഗൂഗിള്‍ ഇന്റര്‍നെറ്റ് സാഥി പദ്ധതിയുമായും സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അപര്‍ണയുടെ പദ്ധതികളില്‍ നിര്‍ണായക പങ്കുവഹിച്ചത് ഇന്റര്‍നെറ്റ് തന്നെയാണ്. തുറന്നു സംസാരിക്കാന്‍ മടി കാണിച്ച സ്ത്രീകളെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ചു ബോധവത്കരിച്ചു. ഓരോരുത്തരും സ്വയം സൈറ്റുകള്‍ കണ്ടുപിടിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. ലോകം എങ്ങനെയാണു മുന്നോട്ടുപോകുന്നതെന്നും തങ്ങള്‍ എത്രമാത്രം പിന്നിലാണെന്നും അവര്‍ തിരിച്ചറിയുകയായിരുന്നു. 

തുടക്കത്തില്‍ സാനിറ്ററി പാഡ് നിര്‍മാണത്തിനുവേണ്ടി അപര്‍ണ 10 സ്ത്രീകളെ ജോലിക്കെടുത്തു. വില്‍പന കുറവായിരുന്നതിനാല്‍ സ്കൂളുകളില്‍ പോയി പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി പാഡുകള്‍ വിതരണം ചെയ്യുകപോലുമുണ്ടായി. ചില രക്ഷകര്‍ത്താക്കളില്‍നിന്ന് എതിര്‍പ്പുമുണ്ടായി. 

തുടക്കത്തില്‍ നിര്‍മാണയൂണിറ്റില്‍വന്ന് ആരും സാനിറ്ററി പാഡുകള്‍ വാങ്ങുന്ന പതിവും ഉണ്ടായിരുന്നില്ല. പക്ഷേ, ക്രമേണ മാറ്റങ്ങള്‍ സംഭവിക്കുന്നു. ആവശ്യക്കാരായി കൂടുതല്‍ സ്ത്രീകള്‍ എത്തുന്നു. എന്തായാലും പദ്ധതിയില്‍നിന്ന് പിന്‍മാറാന്‍ അപര്‍ണയും ഭര്‍ത്താവ് പ്രസാദും തയാറല്ല. നാളുകള്‍ കഴിയുന്തോറും കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നും കൂടുതല്‍ സ്ത്രീകള്‍ സാനിറ്ററി പാഡുകളിലേക്കു മാറുമെന്നുമെന്ന ഉറച്ച വിശ്വാസത്തിലാണവർ. മഹാരാഷ്ട്രയുടെ പാഡ്‍വുമണ്‍ എന്നാണ് അപര്‍ണ ഇപ്പോള്‍ അറിയപ്പെടുന്നത്. എന്തുകൊണ്ടും ആ വിശേഷണത്തിന് അവര്‍ അര്‍ഹയാണുതാനും.