Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൃഗശാലയിലെത്തിയ സഞ്ചാരികൾക്കു നേരെ കുതിച്ചുചാടിയ സിംഹം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Lion Attack

കൂട്ടിലാണെങ്കിലും കാട്ടുമൃഗങ്ങള്‍ക്ക് അവയുടേതായ ശൗര്യമുണ്ടാകും. കാട്ടിലെ രാജാവായ സിംഹങ്ങളുെട കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ല. എത്രയൊക്കെ ഇണങ്ങിയാലും തടവറയോട് പൊരുത്തപ്പെട്ടാലും വന്യമായ വേഗം മനസ്സിലേക്കും ശരീരത്തിലേക്കുമെത്തുന്ന ചില നിമിഷങ്ങളുണ്ട്. മെക്സിക്കോയിലെ മൃഗശാലയിലെത്തിയ ഒരുകൂട്ടം സന്ദര്‍ശകർക്കാണ് പെൺ സിംഹത്തിന്റെ പ്രകടനം കണ്ടു ശ്വാസം നിലച്ചു പോയത്.

സഞ്ചാരികളെയും വഹിച്ചു കൊണ്ടുള്ള ബാറ്ററി വണ്ടി സിംഹക്കൂടിനു സമീപത്തെത്തിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം. വണ്ടിയില്‍ സഞ്ചരിച്ച ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ ഈ സംഭവം പകര്‍ത്തുകയും ചെയ്തു. ഒരാണ്‍ സിംഹവും പെണ്‍സിംഹവുമാണ് ദൃശ്യങ്ങളിലുള്ളത്. കൂടിനു ചുറ്റും മറയില്ല. പകരം റോഡിനെയും കൂടിനെയും തമ്മില്‍ വേര്‍തിരിക്കുന്നത് ഒരു വലിയ കിടങ്ങാണ്.

വണ്ടി കൂട്ടിനടുത്തേക്കെത്തിയപ്പോള്‍ തന്നെ പെണ്‍സിംഹത്തിന്‍റെ പെരുമാറ്റത്തിലെ അസ്വസ്ഥത പ്രകടമാണ്. ആക്രമിക്കാന്‍ തയ്യാറെടുക്കും വിധം വാല്‍ ചുഴറ്റി കുതിക്കാന്‍ തയ്യാറായി കക്ഷി നിന്നു. പെട്ടെന്നുതന്നെ ആണ്‍ സിംഹവും ജാഗരൂകനായി. എന്നാല്‍ സിംഹത്തിനും വണ്ടിക്കുമിടയില്‍ കിടങ്ങുള്ളതിനാൽ സഞ്ചാരികള്‍ക്കു ഭയം തോന്നിയതുമില്ല. ഇതിനിടെയിലാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പെണ്‍സിംഹം  കുതിച്ചു ചാടിയത്.

പരമാവധി വേഗത്തില്‍ ചാടിയ സിംഹം റോഡിനോട് ചേര്‍ന്നുള്ള കിടങ്ങിന്‍റെ ഭിത്തിയുടെ സമീപംവരെയെത്തിയെങ്കിലും പിടികിട്ടാതെ കിടങ്ങിലേക്കു വീണു. ഒരു നിമിഷത്തേക്ക് വണ്ടിക്കുള്ളില്‍ നിന്നു കൂട്ടനിലവളി ഉയര്‍ന്നു. സിംഹത്തിനു ഭിത്തിയില്‍ പിടി കിട്ടിയിരുന്നെങ്കില്‍ കഥ മറ്റൊന്നായേനെ. മറയില്ലാത്ത ബാറ്ററി വണ്ടിയും വേലിക്കെട്ടില്ലാത്ത റോഡും ചേര്‍ന്ന് വലിയ അപകട സാധ്യതയാണ് ചെറിയ സമയത്തിനുള്ള അവിടെ സൃഷ്ടിച്ചത്. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ റോഡിനോടു ചേര്‍ന്ന് വേലിനിർമ്മിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 

related stories