Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രീമാര്യേജ് കോഴ്സുകളുടെ ആവശ്യകത?

premarriage

പ്രീമാര്യേജ് കോഴ്സുകൾ പകരുന്ന പുതിയ അറിവുകളെന്തെല്ലാം? —ഒരു അനുഭവക്കുറിപ്പ്

അമ്പതുനൊയമ്പു കഴിയാൻ ഇനി ദിവസങ്ങൾ മാത്രം. വിവാഹത്തിനു വെറും രണ്ടാഴ്ചയുടെ ഇടവേളയേയുള്ളൂ. ഈ സമയത്താണു വിവാഹഒരുക്കകോഴ്സിൽ പങ്കെടുക്കാൻ പോകുന്നത് പ്രതിശ്രുതവരനും എന്നോടൊപ്പം ഇതിൽ പങ്കുചേരുന്നുണ്ട്. മൂന്നു ദിവസങ്ങൾ — രാവും പകലുമായി നീളുന്ന ക്ലാസുകൾ . എനിക്കറിയാത്ത എന്തു കാര്യങ്ങളാണ് അവിടെ പറഞ്ഞു തരുന്നത്? ഏറെ മുൻവിധികളുണ്ടായിരുന്നു. സെമിനാർ ഹാളിൽ 180 ഓളം — യുവതീയുവാക്കൾ എല്ലാവരും വിവാഹത്തിന് ഒരുങ്ങുന്നവർ. അവർക്കൊപ്പം നിശ്ചയിക്കപ്പെട്ട ഇരിപ്പിടത്തിൽ ഞാനും ഇരുന്നു. പ്രാർത്ഥനയോടെ ക്ലാസുകൾ തുടങ്ങി. പ്രതിശ്രുതവരനും വധുവും പരസ്പരം പരിചയപ്പെടുത്തണം— വധുവിന്റെ കാര്യങ്ങൾ പറയേണ്ടതു വരൻ .വരന്റെ കാര്യങ്ങൾ വധു പറയണം . തികച്ചും പുതുമയാർന്നൊരു തുടക്കം. ഞങ്ങൾ പരസ്പരം പരിചയപ്പെടുത്തി. സ്നേഹയെന്ന ഞാനും മനു എന്ന എന്റെ പ്രതിശ്രുതവരനും ഉത്തമദമ്പതികൾ എങ്ങനെയുള്ളവരായിരിക്കണം ആദ്യക്ലാസ് ആരംഭിച്ചു.

1. ഉത്തമനായ ഭർത്താവും ഉത്തമയായ ഭാര്യയും

സ്നേഹിക്കുക എന്നതിന്റെ വിശാലമായ അർഥം ആനന്ദിപ്പിക്കുകയാണെന്ന് ആ ക്ലാസ് ഓർമിപ്പിച്ചു. ദമ്പതികൾ പരസ്പരം ബഹുമാനം പുലർത്തണം, തീരുമാനങ്ങൾ ആലോചിച്ചെടുക്കണം. എന്നും നല്ല സുഹൃത്തുക്കളായിരിക്കണം. നല്ല ഭാര്യയും ഭർത്താവുമാകാനൊരുക്കുന്ന മികവുറ്റ ആശയങ്ങൾ അവിടെ പങ്കുവയ്ക്കപ്പെട്ടു.

വിവാഹത്തിനു മെഡിക്കൽ ജോതകം നോക്കേണ്ടതിന്റെ അനിവാര്യത

2. കുടുംബധാർമികത

മൂല്യബോധമുള്ള ഒരു കുടുംബം എങ്ങനെ പണിതുയർത്താമെന്ന ചിന്തയാണു പിന്നീടു വിശദീകരിക്കപ്പെട്ടത്. പ്രത്യേകിച്ചു കത്തോലിക്കാ കുടുംബധാർമികതയുടെ അടിസ്ഥാനദർശനങ്ങൾ . സ്വവർഗസഹവാസങ്ങൾ , ലിവിങ്ടുഗദർ പോലുള്ള സ്വതന്ത്രമായ ഒരുമിക്കലുകൾ, വ്യഭിചാരബന്ധങ്ങൾ, വിവാഹപൂർവ— വിവാഹേതരബന്ധങ്ങൾ, ഗർഭനിരോധനമാർഗങ്ങളുടെ അമിതോപയോഗം, ഗർഭഛിദ്രം എന്നിങ്ങനെ ധാർമികതയ്ക്കു വിലങ്ങുതടിയാകുന്ന കാര്യങ്ങളെക്കുറിച്ചും അവയോടുള്ള പ്രായോഗിക സമീപനങ്ങൾ എങ്ങനെ വേണമെന്നും ഈ ക്ലാസ് വിശദമാക്കി. കത്തോലിക്കാ കുടുംബത്തിന്റെ നിയോഗങ്ങൾ സ്നേഹം പങ്കു വയ്ക്കുക, ജീവൻ പകരുക എന്നിവയാണെന്ന് ക്ലാസ് ഓർമിപ്പിച്ചു.

3. ധനവിനിയോഗവും കുടുംബ ബജറ്റും

പത്തായങ്ങളുടെ സമൃദ്ധിയല്ല, സ്നേഹപൂർണമായ ഒരു വറ്റാണ് കുടുംബാംഗങ്ങളുടെ വിശപ്പു ശമിപ്പിക്കുന്നത് എന്ന ബോധ്യം ഈ ക്ലാസിലൂടെ ലഭിച്ചു. സ്ത്രൈണ മൂല്യങ്ങളും പുരുഷമൂല്യങ്ങളും വിശദീകരിക്കപ്പെട്ടു. സമ്പത്ത് കുടുംബത്തിനു വേണ്ടി സുരക്ഷിതമായി നിക്ഷേപിക്കുന്നതു പുരുഷമൂല്യങ്ങളിൽ ഉൾപ്പെടുന്നു. അതുപോലെ സമ്പത്ത് ആർജിക്കുന്നത് നേരെ വാ നേരെ പോ രീതിയിലായിരിക്കണം. കുടുംബാംഗങ്ങളുടെ സന്തോഷത്തിൽ അവരെക്കാൾ സന്തോഷിക്കുന്നതും ദുഃഖങ്ങളിൽ അവരെക്കാൾ ദുഃഖിക്കുന്നതും സ്ത്രൈണമൂല്യങ്ങളിൽ പ്രദാനമാണ്. അതുപോലെ ദാനധർമം കൊണ്ടു കുടുംബജീവിതത്തിന് വേലിയും കെട്ടണം

4. സ്വാഭാവിക കുടുംബസംവിധാനം

ദമ്പതികൾ ഉത്തരവാദിത്വത്തോടെ കൂഞ്ഞുങ്ങൾക്കു ജന്മം നൽകി പക്വതയിൽ അവരെ വളർത്തണമെന്നുള്ള ചിന്തകളോടെ സ്വാഭാവിക കുടുംബസംവിധാനത്തെക്കുറിച്ചുള്ള ക്ലാസ് ആരംഭിച്ചു. യാദൃച്ഛികമായി ഒരു കുഞ്ഞും ജനിക്കരുത്. കുഞ്ഞിനുവേണ്ടി ആഗ്രഹിച്ചു ജന്മം നൽകണം. മക്കളെ ജനിപ്പിക്കാനും കഴിയുംവിധം ആരോഗ്യം സന്തോഷവും മക്കളെ ജനിപ്പിക്കാനും കഴിയുംവിധം ആരോഗ്യവും സന്തോഷവും കഴിവുമുള്ള ഉത്തമവ്യക്തികളാക്കി അവരെവളർത്താനുള്ള ആഭിമുഖ്യവും സന്നദ്ധതയും ഉണ്ടായിരിക്കുകയുമാണ് ഉത്തരവാദിത്വപൂർണമായ മാതൃത്വം അല്ലെങ്കിൽ പിതൃത്വം. ധാർമികമായ കുടുംബാസൂത്രണമാർഗങ്ങൾ ശീലിക്കുന്നതിൽ തെറ്റില്ലെന്ന കത്തോലിക്കാ സഭയുടെ നിലപാടുകളും വ്യക്തമാക്കപ്പെട്ടു.

വിവാഹത്തിനു മുൻപ് ഈ പരിശോധനകൾ

സ്വാഭാവിക കുടുംബസംവിധാനത്തെക്കുറിച്ചും വിശദീകരിക്കപ്പെട്ടു. സ്ത്രീയുടെ ആർത്തവചക്രത്തിലെ ഗർഭസാധ്യതയുള്ള ഏതാനും ദിവസങ്ങളിൽ ദമ്പതികൾ ലൈംഗികതയിൽ നിന്നു വിട്ടുനിന്ന് ഗർഭധാരണംഒഴിവാക്കുന്ന രീതിയാണ് സ്വാഭാവികമാർഗം( ഡോ. ബില്ലിംഗ്സ് മുറ അഥവാ ശ്ലേഷ്മ മുറ സ്വാഭാവിക കുടുംബസംവിധാനമാർഗമാണ്) ഗർഭാശയഗളത്തിൽ നിന്നു വരുന്ന ശ്ലേഷ്മത്തിന്റെ വ്യത്യാസത്തിലൂടെ ഓവുലേഷൻ ദിവസം കണ്ടു പിടിച്ചു ഗർഭമാകുന്ന ദിവസവും ഗർഭമാകത്ത ദിവസങ്ങളും നിശ്ചയിക്കാം. കൃത്രിമഗർഭനിരോധന മാർഗങ്ങളുടെ ചില അപകടങ്ങളെയും ക്ലാസ് ചൂണ്ടിക്കാട്ടി. ദമ്പതിമാർക്കിടയിൽ സംശയം വളരുന്നു. ഇനി അപകടമില്ല എന്ന കണക്കുകൂട്ടലിൽ വ്യഭിചാരം മുതലായ തിന്മകളിലേക്കു നീങ്ങാനും സാധ്യതകളേറെ.‌

5. വിവാഹജീവിതത്തിലെ ലൈംഗികത

ക്രിസ്ത്യൻ വിവാഹജീവിതത്തിലെ ലൈംഗികതയും അതിന്റെ വിവിധ ഘട്ടങ്ങളുമാണ് ഈ ക്ലാസിൽ വിശദമാക്കിയത്. സ്ത്രീപുരുഷലൈംഗികാവയവങ്ങൾ , ലൈംഗികരീതികൾ എന്നിവയെല്ലാം ഒരു ഡോക്ടർ വ്യക്തമാക്കി. നല്ല ലൈംഗികതയിലേക്കുള്ള തയാറെടുപ്പുകൾ ഉൾപ്പെടെ ശാസ്ത്രീയവുംപൂർണവുമായ ലൈംഗികവിജ്ഞാനമാണ് ഈ ക്ലാസ് നൽകിയത്.

6. ആർട്ട് ഓഫ് കമ്മ്യൂണിക്കേഷൻ

ദമ്പതികൾ തമ്മിലുള്ള ആശ—യവിനിമയം എങ്ങനെ വേണമെന്നു വിശദമാക്കുന്ന ക്ലാസായിരുന്നു ഇത്. പങ്കാളിക്കു താൽപര്യമുള്ള വിഷയം ,മേഖലകൾ, സാഹചര്യങ്ങൾ , വിഷയാവതരണ രീതി..തുടങ്ങിയ വാക്കുകളിലൂടെയും പ്രതീകങ്ങളിലൂടെയും എങ്ങനെ മികച്ച ആശയവിനിമയം സാധ്യമാക്കാം എന്ന് ഈ ക്ലാസ് വ്യക്തമാക്കി

7. മദ്യാസക്തിക്കെതിരെ തിരിച്ചറിവുകൾ

ഒരിക്കൽ ലഹരിവസ്തുക്കൾക്ക് അടിമയായൽ ആ അടിമത്തം മരണംവരെ നിലനിൽക്കുമെന്ന് ആൽക്കഹോളിസത്തെക്കുറിച്ചുള്ള ക്ലാസ് ഓർമപ്പെടുത്തി. മദ്യാസക്തി ഒരു രോഗം തന്നെയാണെന്ന തിരിച്ചറിവിലേക്ക് ആ ക്ലാസ് നയിച്ചു.

മദ്യാസക്തി നാലുതരം രോഗാവസ്ഥകളിലേക്കാണു നയിക്കുന്നത്.

ശാരീരികരോഗം— ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഓർമക്കുറവ്, കൈകാൽവിറയൽ, ഛർദിൽ, സംശയസ്വഭാവം ,വിഭ്രാന്തികൾ ഇവ ആരംഭിക്കുന്നതോടെ ശാരീരികരോഗമായിക്കഴിഞ്ഞു.

മാനസികരോഗം— എന്നെ ആരും സ്നേഹിക്കുന്നില്ല, എന്നെ ആരും അംഗീകരിക്കുന്നില്ല, എന്നെ ആരും മനസ്സിലാക്കുന്നില്ല, അമ്മയും മക്കളും ഒറ്റക്കെട്ട് എന്നിങ്ങനെയുള്ള ചിന്തകളിലൂടെ മദ്യാസ്കതി മാനസികരോഗമായി മാറുന്നു. കുടുംബത്തെ ബാധിക്കുന്ന രോഗം എത്രയോ കുട്ടികളുടെ, കുടുംബങ്ങളുടെ സ്വസ്ഥതയും സാമ്പത്തികഅടിത്തറയും തകരുന്നു. നിരാശയും അസംതൃപതിയും മൂലം ആത്മഹത്യാനിരക്കും വർധിക്കുന്നു.

ദൈവത്തിൽ നിന്നും അകറ്റുന്ന രോഗം —രോഗങ്ങൾ മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുകയാണു ചെയ്യുന്നത്. എന്നാൽ മദ്യാസക്തി എന്ന രോഗത്തിന് അടിമയായ വ്യക്തി, രോഗം വളരുന്തോറും ദൈവത്തിൽ നിന്നകലുന്നു. ജീവിതത്തിന്റെ ട്രാക്ക് തെറ്റാൻ ഒരിക്കലും ഇടയാക്കില്ല എന്നു ക്ലാസിൽ പങ്കെടുത്ത ഓരോരുത്തരും ദൃഢനിശ്ചയമെടുത്തു.

8. ഗർഭച്ഛിദ്രം

കർത്താവിന്റെ ദാനമാണ് മക്കൾ . ഉദരഫലം ഒരു സമ്മാനവും— സങ്കീർത്തനത്തിലെ ഈ വാക്യത്തെ ഓർമിപ്പിച്ചുകൊണ്ട് ക്ലാസ് ആരംഭിച്ചു ഗർഭപാത്രത്തിലും ഗർഭപാത്രത്തിനു പുറത്തും മരണാനന്തരജീവിതത്തിലൂടെയെുമായി നീളുന്നവയാണു മനുഷ്യജീവന്റെ ഘട്ടങ്ങൾ. ഗർഭച്ഛിദ്രവും അതിന്റെ ഭീകരതയെയും കുറിച്ച് അവബോധം നൽകുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.

9. പ്രോലൈഫ് ജീവനു വേണ്ടിയുള്ള വാദം

കൂടുമ്പോൾ ഇമ്പമുള്ളതാണു കുടുംബം എന്നാൽ കുട്ടികളുടെ എണ്ണം കുറയുമ്പോൾ കുടുംബത്തിന്റെ ഇമ്പം കുറയുന്നുവെന്നു പ്രോലൈഫ് എന്ന ക്ലാസ് വിശദമാക്കി. മക്കൾ സമ്പത്താണ് എന്നിങ്ങനെയുള്ള ചിന്തകളും ചർച്ചചെയ്യപ്പെട്ടു. 76 ഓളം രാജ്യങ്ങൾ അടുത്ത മൂന്നു തലമുറ കഴിയുമ്പോൾ ഇല്ലാതാകുമെന്ന കണ്ടെത്തലും ക്ലാസ് വ്യക്തമാക്കി. ജീവനുവേണ്ടി വാദിക്കുന്നവൻ ആകുന്നതിനു ക്ലാസ് ധൈര്യം പകർന്നു.

10. ഭാര്യഭർതൃമനശാസ്ത്രവ്യത്യാസങ്ങൾ

സ്ത്രീയും പുരുഷനും തമ്മിൽ സമാനതകൾ ഏറെയുണ്ട്. ണ്ണഞ്ഞ എന്നെഴുതുമ്പോൾ അതിൽ ണ്ണഞ്ഞ യും ഉണ്ട്. എന്നാൽ സ്ത്രീയും പുരുഷനും തമ്മിൽ വിത്യാസങ്ങളും ഉണ്ട്. കാഴ്ചയിൽ തന്നെ അറിയാനാകുന്ന രൂപവിത്യാസം, മാനസിക വ്യവഹാരങ്ങൾ ,വൈകാരികതലം, സാമൂഹികതലം, ധാർമികതലം , ഈ വിത്യാസങ്ങളാണെന്നു ക്ലാസിൽ വിശദമാക്കി. ഇക്യു മെച്ചപ്പെടാതെ എത്ര ഐക്യു ഉണ്ടായാലും കുടുംബജീവിതം ഭദ്രമാകില്ല. കുടുംബജീവിതത്തിനും സന്തോഷത്തിനും ഇമോഷണൽ കോഷ്യന്റ് ആവശ്യമാണ്. സ്ത്രീപുരുഷപ്രത്യേകതകളെയും ചർച്ച ചെയ്തു. പുരുഷൻ വികാരജീവിയാണ്. അതേസമയം സ്ത്രീഹൃദയം കൊണ്ടു സംസാരിക്കുന്നവളാണ്. ഈ ക്ലാസുകൾ കൂടാതെ കത്തോലിക്കാ സഭാ വിശ്വാസവുമായി ബന്ധപ്പെട്ട ചില ക്ലാസുകളും നടന്നു. മാതാപിതാക്കളോടുള്ള സമീപനം, ഗർഭസ്ഥശിശുവിന്റെ ജീവനു നൽകേണ്ട സവിശേഷ പ്രാധാന്യം എന്നീ വിഷയങ്ങളെക്കുറിച്ച് സംഘസംവാദങ്ങളുംക്ലാസുകളെ അടിസ്ഥാനമാക്കി പരീക്ഷകളും നടന്നു.

തികച്ചും വ്യത്യസ്തമായ ഒരനുഭവം. ഒരു മുന്നൊരുക്കവും കൂടാതെ വിവാഹിതരാകുന്ന അനേകർകിടയിൽ വിവാഹഒരുക്കകോഴ്സിൽ പങ്കെടുത്തു വിവാഹജീവിതത്തിലേക്കു കടക്കുന്നവർ എത്രയോ ഭാഗ്യമുള്ളവരാണ്. ഈ പുതിയ അറിവുകൾ നല്ല ദാമ്പത്യത്തിനും നല്ല ജീവിതത്തിനുമായി എന്നെന്നും കാത്തു വയ്ക്കാവുന്ന പവൻമാറ്റുള്ള നിക്ഷേപങ്ങളാണ്.

Your Rating: