Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ബച്ചനൊപ്പം; വിവാദങ്ങൾ അനാവശ്യം: എസ്പി ബാലസുബ്രഹ്മണ്യം

spb-bacchan

ദേശീയ ഗാനം പാടിത്തീർക്കാൻ ഇത്ര സമയമേ പാടുള്ളുവെന്ന് നിയമത്തിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അതിശയകരം തന്നെ. പക്ഷേ ബച്ചൻ ദേശീയ ഗാനം ആലപിച്ചപ്പോൾ മാത്രമെന്താണ് ഇങ്ങനെയൊരാരോപണം എന്ന് മനസിലാകുന്നില്ല. ചോദിക്കുന്നത് രാജ്യം കണ്ട എക്കാലത്തേയും മികച്ച ഗായകരിലൊരാളായ എസ് പി ബാലസുബ്രഹ്മണ്യമാണ്.

ലതാജീ, ഭീംസൻ ജോഷി, ബാലമുരളി എന്നിവരടങ്ങുന്ന സംഘത്തിനൊപ്പം ഞാനും മുൻപ് ദേശീയ ഗാനം ആലപിച്ചിട്ടുണ്ട്. ആ സമയത്തൊന്നും ഇത്തരമൊരു ആരോപണമൊന്നും ഉയർന്നു കേട്ടില്ലല്ലോ. ഇന്ത്യ പാക് മത്സരത്തിന് മുന്നോടിയായി ബച്ചൻ ആലപിച്ച ദേശീയ ഗാനത്തിൽ പിഴവുകളുണ്ടെന്ന് കാണിച്ച് ഒരാൾ പൊലീസിൽ സമർ‌പ്പിച്ച പരാതിയോടും അനുബന്ധ വിവാദങ്ങളോടുമാണ് രൂക്ഷമായ ഭാഷയിൽ എസ് പി ബാലസുബ്രഹ്മണ്യം പ്രതികരിച്ചത്. ബച്ചൻ നല്ല സ്ഫുടതയോടെയും കൃത്യമായ പിച്ചിലുമാണ് ദേശീയ ഗാനം പാടിയതെന്നും എസ്പിബി വിലയിരുത്തി.

സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് ഇതൊക്കെ. നമ്മുടെ രാജ്യത്തെ ജഡ്ജിമാർക്ക് കൈകാര്യം ചെയ്യാൻ ആവശ്യത്തിലധികം കേസുകളുണ്ട്. അവർ കൂടുതൽ സമ്മർദ്ദമായി വീണ്ടുമൊരെണ്ണം കൂടി കൊടുക്കണോ. അതിനേക്കാളുപരി ഈ രാജ്യത്ത് ഒരുപാട് പ്രശന്ങ്ങളുണ്ട്. പറ്റുമെങ്കിൽ അതിന് പരിഹാരം കണ്ടെത്താനാണ് വിവാദങ്ങൾ ഉയർത്തുന്നവർ ശ്രമിക്കേണ്ടത്. സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുവാൻ ഇത്തരത്തിലുള്ള വിലകുറഞ്ഞ ശ്രമങ്ങൾ നടത്തരുത്. ഞാൻ ബച്ചനൊപ്പമാണ്. അദ്ദേഹം ദേശീയ ഗാനം ആലപിക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനമാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ എസ്പിബി തന്റെ നിലപാട് അറിയിച്ചു.

ഇന്ത്യ പാക് ടി20 മത്സരത്തിന് മുന്നോടിയായി ബച്ചൻ ദേശീയ ഗാനം ആലപിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടയിൽ ബച്ചനെതിരെ ഡൽഹി പൊലീസിൽ കേസും നൽകി ഒരാൾ. അധിക സമയമെടുത്താണ് ദേശീയ ഗാനം പാടിയത്, വരികളിലുള്ള സിന്ധ് എന്ന വാക്കിനു പകരം സിന്ധു എന്നാണ് ബച്ചൻ ഉച്ഛരിച്ചത് എന്നാണ് ബച്ചനെതിരെ ഷോർട്ട് ഫിലിം സംവിധായകനായ പി ആർ ഉല്ലാസ് ഡൽഹി അശോക് നഗർ പൊലീസിനു നൽകിയ പരാതിയിലുള്ളത്. ബച്ചൻ നാലു കോടി രൂപ പ്രതിഫലമായി വാങ്ങിയാണ് ഗാനം ആലപിച്ചതെന്നായിരുന്നു ആദ്യ വിവാദം. സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ബച്ചനെതിരെ ഉയർന്നത്. മണിക്കൂറുകൾ നീണ്ട വാദപ്രതിവാദം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റെ സൗരവ് ഗാംഗുലിയുടെ പ്രസ്താവനയോടെ അൽപം അടങ്ങിയപ്പോഴാണ് ഈ പൊലീസ് പരാതി ഉയർന്നുവന്നത്.

Your Rating: