Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതിക വിസ്ഫോടനം വരുന്നു: ഇന്ത്യ എന്തു ചെയ്യും?

ജയന്ത് മാമ്മൻ മാത്യു
robotics-hand

ഏതാനും ആഴ്ച മുൻപ് യുഎസിലെ പിറ്റ്സ്ബർഗ് സന്ദർശിച്ചപ്പോൾ, കറങ്ങുന്ന സംവിധാനം മുകളിൽ ഘടിപ്പിച്ച യൂബർ എസ്‌യുവി ഓടുന്നതു കണ്ടു. പിറ്റ്സ്ബർ‌ഗിൽ ഡ്രൈവറില്ലാ വണ്ടികളിറക്കി യൂബറിന്റെ പരീക്ഷണ ഓട്ടമാണ്. സ്വയംനിയന്ത്രിതമെങ്കിലും വേണ്ടി വന്നാൽ വാഹനം നിയന്ത്രിക്കാൻ ഒരാൾ എപ്പോഴുമുണ്ടാകും. അതൊരു ‘ബാക്ക്അപ്പാ’ണ്.

ഇത്തരം ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറങ്ങാൻ തയാറെടുക്കുമ്പോഴാണ് പിറ്റേന്ന് ആകാശത്തെ ഒരു ‘വിസ്ഫോടന’ത്തെക്കുറിച്ചു വായിച്ചത്: സിലിക്കൻവാലിയിലെ കിറ്റി ഹോക്ക് കമ്പനി പറക്കുംകാറിന്റെ മാതൃകയുമായി രംഗത്തിറങ്ങിയിരിക്കുന്നു. സംഗതി ബാറ്ററി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരു യന്ത്രമാണ്. കിറ്റി ഹോക്കിന്റെ പറക്കുംകാറിനുവേണ്ടി പണമെറിയുന്നത് ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ്.

സ്വയംനിയന്ത്രിത സംവിധാനം അവതരിപ്പിച്ച് യൂബർ കൊണ്ടുവരാനിരിക്കുന്ന വിസ്ഫോടനത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ഡ്രൈവറില്ലാത്ത നെടുനീളൻ ട്രക്കുകളും വിതരണവുമൊക്കെ. ഡ്രൈവറില്ലാ ട്രക്ക് കഴിഞ്ഞ വർഷം തന്നെ യൂബർ പരീക്ഷിച്ചതാണ്. അത്തരമൊരു ട്രക്കിൽ സാധനമെത്തിക്കുകവരെ ചെയ്തു.

ഇനിയുള്ള കാലം സാങ്കേതിക കുതിച്ചുചാട്ടങ്ങളുടേതും വിസ്ഫോടനങ്ങളുടേതുമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിങ്, ഓട്ടൊനമി, റോബട്ടിക്സ്, ത്രീ ഡി, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ബിഗ് ഡേറ്റ തുടങ്ങിയവയെല്ലാം യാഥാർഥ്യമായിക്കഴിഞ്ഞു. എന്തിനേറെ പറയുന്നു, ഈ പറഞ്ഞവയെല്ലാം നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ്. ഇതിന്റെയെല്ലാം സാങ്കേതിക കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരിക്കാം. പക്ഷേ, പ്രയോജനം അനുഭവിച്ചറിയുന്നു.

വരുമോ ‘മെയ്ഡ് ഇൻ ഇന്ത്യ’?

make-in-india

ഇന്ത്യയിലെ സാങ്കേതിക കമ്പനികൾക്കു വെല്ലുവിളിയായി മുന്നിലുള്ളത് തികച്ചും വ്യത്യസ്തമായ ഒരു വിസ്ഫോടനമാണ്. അറുപഴഞ്ചൻ ബിസിനസ് മാതൃകകളും കുറച്ചു രാഷ്ട്രീയവും മാറ്റങ്ങളോടു പൊരുത്തപ്പെടാനുളള കാലതാമസവും കൂടിച്ചേരുമ്പോൾ ദീർഘകാലമായി ഈ മേഖലയിലുള്ളവരുടെ സ്വപ്നനേട്ടങ്ങൾക്കു കടിഞ്ഞാൺ വീഴും.

അടുത്ത രണ്ടു മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യൻ ഐടി മേഖലയ്ക്കു നഷ്ടപ്പെടുക ഒന്നേമുക്കാൽ ലക്ഷം മുതൽ രണ്ടു ലക്ഷം വരെ തൊഴിലവസരങ്ങളെന്ന് മക്കിൻസെ കൺസൽറ്റന്റ്സ് പറയുന്നു. ഇന്ത്യൻ ഐടി ഈ നാൽക്കവലയിൽ നിൽക്കാൻ തുടങ്ങിയിട്ട് കുറെ വർഷങ്ങളായി. സ്വയം പുതുക്കാതെയും കുറഞ്ഞ ഉൽപാദനച്ചെലവെന്ന ‘ദുഷ്പേര്’ പേറിയുള്ള ശീലം മാറ്റാതെയും രക്ഷയില്ല. ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്നൊരു പുത്തൻ വിപ്ലവം ഇവിടെ വരുമോ? അതിനുള്ള സാധ്യത തള്ളിക്കളയണ്ട.

ഇന്ത്യയിൽ നൂതന സംരംഭങ്ങൾക്കു പറ്റിയ സാഹചര്യം ഏറെയുണ്ട്. പരീക്ഷണങ്ങൾക്കായുള്ള ആവേശവും. ഈ സാഹചര്യം രാജ്യമെമ്പാടുമായി നൂറുകണക്കിനു സ്റ്റാർട്ടപ്പുകൾക്കാണു ജന്മം നൽകുന്നത്. ശരിയായ ഉപദേശവും പിന്തുണയും ലഭിച്ചാൽ ഈ കമ്പനികളുടെ ഗതിതന്നെ മാറ്റിമറിക്കാവുന്നതേയുളളൂ. ചെലവുകുറച്ചുള്ള, വളരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ ഒരു വലിയ വിപണി. പുറത്തുനിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് കാലക്രമേണ കുറയും.

ഇതു യാഥാർഥ്യമാകണമെങ്കിൽ, നക്ഷത്രസ്ഥാനങ്ങളെല്ലാം ശരിയാകണം. ഇതിന് ആദ്യം വേണ്ടത് ഇന്ത്യൻ സർവകലാശാലകളും കോർപറേറ്റ് രംഗവും ഗൗരവത്തോടെ കൈകോർക്കുകയെന്നതാണ്. പുതിയ ചിന്തകളിലേക്കും പുതിയ സാങ്കേതികവിദ്യകളിലേക്കും അടുക്കാൻ കൂട്ടുകച്ചവടങ്ങൾ വേണം.

റോബോട്ടണി

597257894

ഇരുപതിലേറെ വർഷം മുൻപ് പിറ്റ്സ്‌ബർഗിലെ കാർനെഗി മെലൻ സർവകലാശാലയിൽ (സിഎംയു) പഠിക്കുമ്പോഴുണ്ടായ ഒരു സംഭവം ഇന്നുമോർക്കുന്നു. ലോകത്തെ തന്നെ ആദ്യത്തെ ഡ്രൈവറില്ലാ കാറുകളിലൊന്നിൽ നാടുചുറ്റുന്നതിനെപ്പറ്റി സർവകലാശാലയിലെ ഗവേഷകർ ആലോചന തുടങ്ങിയപ്പോൾ അവിടെയുണ്ടായ ആവേശം.

കൃഷിപോലെ വലിയ താരത്തിളക്കമില്ലാത്ത മേഖലയിൽപ്പോലും പുത്തൻ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ മികച്ച വിളവിന്റെ രൂപത്തിൽ പ്രകടമാണ്. റോബോട്ടണി (RoBotany) എന്നൊരു വിദ്യതന്നെയെടുക്കാം. സിഎംയു സർവകലാശാലയിലെ വിദ്യാർഥിയാണ് അതു വികസിപ്പിച്ചെടുത്തത്. റോബട്ടിക്സ്, ഓട്ടമേഷൻ, ഡേറ്റ, സോഫ്ട്‌വെയർ അനലിറ്റിക്സ് എന്നിവയുടെ സങ്കലനം. കാലാവസ്ഥയോ ഭൂപ്രദേശമോ ഏതുമാകട്ടെ, വർഷത്തിൽ എല്ലാ സമയവും മികച്ച വിളവു കിട്ടുന്ന സ്മാർട് കൃഷിയിടങ്ങളാണ് റോബോട്ടണിയുടെ സമ്മാനം.

സിനിമകളിൽ നാം കണ്ട് അദ്ഭുതപ്പെട്ട പല കൗതുക ഉപകരണങ്ങളും നമ്മുടെ നിത്യോപയോഗത്തിനു വേണ്ടിയും ഇപ്പോൾ വികസിപ്പിക്കുന്നു. അടുത്ത വമ്പൻ ആശയത്തിനു ജന്മം നൽകാൻ മൽസരരംഗത്തുള്ളത് നൂറുകണക്കിനു സ്റ്റാർട്ടപ്പുകളാണ്.

എഐയും ഇന്ത്യയും

artificial-inteligence

ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് (എഐ) ചാടിക്കടക്കാനുള്ള അടുത്ത അതിർത്തി. നമ്മുടെ ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരാൻ കെൽപുള്ളതാണ് എഐ. പക്ഷേ, ഈ രംഗത്തെ വൻ മുന്നേറ്റങ്ങൾക്കായി ഇന്ത്യ തയാറെടുത്തിട്ടുണ്ടോ? നമുക്കിത് ധാർമികമായ ചില വെല്ലുവിളികളും ഉയർത്തുന്നുണ്ട്.

എല്ലാ മേഖലകളിലും പുതുസാങ്കേതികവിദ്യ നൽകുന്ന സഹായം നാം കണ്ടു തുടങ്ങിയിട്ടുണ്ട്. നിർമാണമേഖലകളിലും ശസ്ത്രക്രിയകളിലും ഇവ മനുഷ്യനു പകരമാകുന്നു. മനുഷ്യർക്കായി എല്ലാം മെച്ചപ്പെടുത്താനുള്ള ഈ മൽസരയോട്ടത്തിൽ ഒരു ചോദ്യം പലരെയും പേടിപ്പെടുത്തുന്നുണ്ട്: യന്ത്രങ്ങൾ നമ്മുടെമേൽ പൂർണ നിയന്ത്രണം സ്ഥാപിച്ച് എല്ലാം കുഴച്ചുമറിക്കുന്ന ഒരു കാലം വരുമോ?

പരമ്പരാഗത ബിസിനസിലും ജീവിതരീതിയിലുമൊക്കെ വൻസ്വാധീനം ചെലുത്തുന്നവയാണ് ഈ സാങ്കേതിക മുന്നേറ്റങ്ങളെല്ലാം തന്നെ. യന്ത്രങ്ങൾ മനുഷ്യർക്കു പകരക്കാരായി എത്തുന്നത് വ്യാപിച്ചാൽ ഇന്ത്യൻ ജനതയ്ക്ക് അതു ഞെട്ടലുണ്ടാക്കിയേക്കാം. അതിന്റെ അനന്തരഫലങ്ങൾ എന്തൊക്കെയെന്നും നമുക്കറിയില്ല.

എന്തായാലും, ഇന്ത്യൻ സാങ്കേതിക കമ്പനികളെ സംബന്ധിച്ച് അടുത്ത ഏതാനും വർഷങ്ങൾ നിർണായകമാണ്. അടുത്ത പത്തു വർഷത്തിനുള്ളിൽ അടുത്ത ഗൂഗിൾ ഇന്ത്യയിൽനിന്നാകട്ടെ.

മാറ്റത്തിനായി നമുക്കു വേണ്ടത്

  • പുതിയ സാങ്കേതികവിദ്യകളിൽ ശ്രദ്ധയൂന്നാൻ അവസരമൊരുക്കുന്ന സർവകലാശാലാ പാഠ്യപദ്ധതികൾ.

ഇതിനായി അടിസ്ഥാനതലത്തിൽതന്നെ മാറ്റം വേണ്ടി വരും. ഇപ്പോഴത്തെ സാഹചര്യത്തിൽ, വേറിട്ട ചിന്തകൾക്കു വഴങ്ങുന്ന പ്രോൽസാഹനം ഒരിടത്തുമില്ല.

  • അടിയന്തര പ്രാധാന്യത്തോടെ നൈപുണ്യങ്ങളെ പുനർനിർവചിക്കണം.

70% ആളുകളുടെയും കഴിവുകൾ പുതിയ കാലത്തിനു ചേരുംവിധം പരുവപ്പെടുത്തിയെടുക്കാമെന്നാണു വിദഗ്ധർ പറയുന്നത്. ബാക്കിയുള്ളവർക്ക് മാറാനുള്ള ആത്മവിശ്വാസം കുറവായിരിക്കാം. പക്ഷേ, പകുതിപ്പേർക്കെങ്കിലും പുതിയ നൈപുണ്യങ്ങളുമായും പുതിയ കാലവുമായും പൊരുത്തപ്പെടാനാകും.

  • ഉൽപാദനം മുന്നിൽക്കണ്ടുള്ള നിക്ഷേപം.

ഇന്ത്യയിലെ കമ്പനികൾ ഉൽപാദനക്ഷമതയിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. ചില മേഖലകളിൽ സ്വന്തം സ്ഥാനമുറപ്പിച്ച ഒട്ടേറെ കമ്പനികളുണ്ട്. ഇവയിൽ പലതും ലോകത്തു പലയിടത്തും നിർണായക സാന്നിധ്യമായിട്ടുണ്ട്. ഈ പ്രവണത ഇനി കൂടുകയേയുള്ളൂ.