Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാടിപ്പുറപ്പെടല്ലേ... കാത്തിരിക്കുന്നത് ആടുജീവിതങ്ങൾ

leader

ചെറുപ്പത്തിന്റെ അമിതാവേശവും പെട്ടെന്ന് പണമുണ്ടാക്കാനുള്ള അത്യാർത്തിയുംകൊണ്ട് അറിയാവഴികളിലേക്ക് ചാടിയിറങ്ങുന്നവർ വായിച്ചറിയണം, കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലെ ഈ യുവാവിന്റെ ജീവിതം. ഹവാല കടത്തു സംഘങ്ങൾ പലപ്പോഴും ബലിയാടാക്കുന്നതു മുൻപിൻ നോട്ടമില്ലാതെ ഈ വഴികളിലേക്ക് എടുത്തുചാടുന്ന യുവാക്കളെയാണ്. 

മരുഭൂമിയിലെ ഭയപ്പെടുത്തുന്ന വിജനതയും ആടുകളുടെ കൂട്ടക്കരച്ചിലും ഉണ്ടാക്കിയ നടുക്കം ഇപ്പോഴും കാണാം കൊടുവള്ളിയിലെ ആ ചെറുപ്പക്കാരന്റെ കണ്ണുകളിൽ. ‌ബെന്യാമിൻ നോവലിൽ എഴുതിയ ‘ആടുജീവിതം’ ഒറ്റ ദിവസം നേരിട്ടുകണ്ടതിന്റെ ഓർമപോലും ഈ യുവാവിനെ ഭയപ്പെടുത്തുന്നു. സൗദി അറേബ്യയിലെ റിയാദിൽനിന്നു ദമാമിലേക്കു ഹവാല കടത്തുന്നതിനിടെ പിടിയിലായ ഇയാൾ രണ്ടുമാസത്തോളം ജയിലിൽ കിടന്ന ശേഷമാണ് ആടുജീവിതം മുഖാമുഖം കണ്ടത്. ചെറുപ്പത്തിന്റെ ചോരത്തിളപ്പും അറിവില്ലായ്മയും കാരണം ഹവാല കാരിയറാകാൻ ചാടിപ്പുറപ്പെടുന്നവർക്കു പാഠമാണ് ഈ അനുഭവങ്ങൾ. 

യുവാവിന്റെ വാക്കുകളിലേക്ക്: ‘‘കഴിഞ്ഞവർഷം ഓഗസ്റ്റ് ഒന്നിനാണു തുണിക്കടയിലേക്കെന്നു പറഞ്ഞു ബന്ധുക്കൾ റിയാദിലെത്തിച്ചത്. രണ്ടു മാസം തുണിക്കടയിൽ നിന്നു. പിന്നീടു റിയാദിൽനിന്നു ദമാമിലേക്കു ഹവാല കടത്തലായി ജോലി. 20 ലക്ഷം സൗദി റിയാൽ (3.5 കോടിയോളം രൂപ) വരെ ഒറ്റദിവസം കടത്തിയിട്ടുണ്ട്. കാറിനകത്തു പ്രത്യേകം നിർമിച്ച ഇരുമ്പുപെട്ടിക്കുള്ളിലാണു പണം സൂക്ഷിക്കുക. ഇക്കൊല്ലം മാർച്ച് 27നു ദമാമിലെ ചെക്പോയിന്റിൽ വാഹന പരിശോധനയ്ക്കിടെ സൗദി പൊലീസിന്റെ പിടിയിലായി. പെട്ടികളിൽ 70,000 സൗദി റിയാലുണ്ടായിരുന്നു. പണം സ്പോൺസറുടേതാണെന്നും രേഖയുണ്ടെന്നും പറഞ്ഞു. തീരെച്ചെറിയ അളവിൽ ലഹരിമരുന്നും വാഹനത്തിൽനിന്നു ലഭിച്ചു. ലഹരിമരുന്നിനെപ്പറ്റി അറിയില്ലെന്ന് ആവർത്തിച്ചെങ്കിലും ഫലമുണ്ടായില്ല. അറബി ഭാഷ അറിയാത്തതും പ്രശ്നമായി. കേസായി, കോടതിയിലെത്തി. 40 ദിവസം ജയിലിൽ കിടന്നു. 

സ്പോൺസർ സഹായിച്ചതോടെ, നിരപരാധിയെന്നു കണ്ടു കോടതി വെറുതെവിട്ടു. എന്നാൽ, എനിക്കു ഹവാല ഇടപാടാണെന്നും വാഹനവും പണവുമൊക്കെ എന്റേതാണെന്നും ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും ബന്ധുക്കൾ ഇതിനിടെ സ്പോൺസറെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ജയിലിൽനിന്നു പുറത്തിറങ്ങിയ ദിവസം സ്പോൺസർ എന്നെ ഓഫിസിലെത്തിച്ചു ചീത്തവിളിക്കുകയും തല്ലുകയും ചെയ്തു. പിന്നീട്, മരുഭൂമിയിൽ അയാളുടെ ആടുഫാമിലേക്കു കൊണ്ടുപോയി. അന്നു തിരിച്ചുകൊണ്ടുവന്നെങ്കിലും നാളെ മുതൽ ഇവിടെയാണു നിന്റെ ജോലിയെന്നു പറഞ്ഞു. പ്രധാന റോഡിൽനിന്നു 30 കിലോമീറ്ററോളം മരുഭൂമിയിലൂടെ സഞ്ചരിച്ചുവേണം ഫാമിലെത്താൻ. ആകെ ഒരു പണിക്കാരനാണ് അവിടെയുണ്ടായിരുന്നത്. 

പിറ്റേന്ന്, അറബി എന്നെ മരുഭൂമിയിലെ ആടുഫാമിൽ കൊണ്ടുവിട്ടു. ജീവിതം തീർന്നെന്നു കരുതി. ഭാഗ്യത്തിന്, അറബിയുടെ സഹായി അന്നു ഫാമിൽ വന്നു. അയാൾക്ക് ഇംഗ്ലിഷ് അറിയാം. ബന്ധുക്കൾ പറ്റിച്ചതും ഹവാല കടത്തുമടക്കം സകലകാര്യങ്ങളും ഞാൻ അയാളോടു പറഞ്ഞു. അയാൾ അറബിയുടെ തെറ്റിദ്ധാരണ മാറ്റിയതുകൊണ്ടു പിറ്റേന്നുതന്നെ രക്ഷപ്പെട്ടു.’’ 

ഹവാല സംഘത്തിന്റെ ഭീഷണി ഇപ്പോഴും തീർന്നിട്ടില്ല. ഇയാളുടെ സഹോദരന്റെ പാസ്പോർട്ടും അഞ്ചുലക്ഷം രൂപയും ബൈക്കും നാലു മൊബൈൽ ഫോണുകളും സംഘം കൈവശപ്പെടുത്തി. ഇപ്പോഴും കുടുംബത്തെ ഇടയ്ക്കു ശല്യപ്പെടുത്തുകയും ചെയ്യുന്നു. ‌

ഗൾഫിൽ തുണിക്കടകൾ തുറക്കുകയാണ് പല ഹവാലക്കാരുടെയും എളുപ്പവഴി. ഹവാലയുടെ കലക്‌ഷൻ കേന്ദ്രങ്ങളാണിവ. കടകളിലേക്കെന്നു പറഞ്ഞു നാട്ടിൽനിന്ന് കാരിയർമാരെ എത്തിക്കുകയും ചെയ്യാം. ഒട്ടേറെ യുവാക്കൾ ഹവാലസംഘങ്ങളുടെ കാരിയർമാരായി വഞ്ചനയ്ക്കിരയായിട്ടുണ്ട്. ഹവാല സംഘങ്ങളുടെ കാരിയർമാരായ കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒട്ടേറെ യുവാക്കൾ ജയിലിലാണിപ്പോൾ. ചിലർ സൗദിയിലെ ഹവാല തട്ടിക്കൊണ്ടുപോകൽ സംഘങ്ങളുടെ പിടിയിലാണ്. 

തട്ടിക്കൊണ്ടുപോകൽ സംഘങ്ങളുടെ കയ്യിൽപെട്ടവർ രക്ഷപ്പെടാൻ സാധ്യത തീരെ കുറവാണെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു.

തട്ടിക്കൊണ്ടുപോകൽ സൗദിയിലും

ഹവാലപ്പണം തട്ടിക്കൊണ്ടുപോകുന്നതു കേരളത്തിൽ മാത്രമല്ല, സൗദിയിലും സ്ഥിരം സംഭവമാവുകയാണ്. തദ്ദേശീയരുടെയും ആഫ്രിക്കക്കാരുടെയുമൊക്കെ സംഘങ്ങൾ ഹവാല കടത്തുന്ന വാഹനം ആക്രമിച്ചു പണം തട്ടുന്നുണ്ട്. പൊലീസും കടത്തുസംഘങ്ങൾക്കു പിന്നാലെയുണ്ട്. റോഡ് മാർഗം സൗദിയിൽനിന്നു ദുബായിലേക്കു ഹവാല കടത്തു വർധിച്ചതോടെയാണു തട്ടിക്കൊണ്ടുപോകലുകളും കൂടിയത്. 

havala

ഹവാല എന്നാൽ

വിദേശത്തുനിന്ന് അനൗദ്യോഗികവും അനധികൃതവുമായ മാർഗങ്ങളിലൂടെ പണം ഇന്ത്യയിലെത്തിച്ചു വിതരണം ചെയ്യുന്നതാണു ഹവാല. സ്വർണക്കടത്ത്, കയറ്റിറക്കുമതി തട്ടിപ്പ് തുടങ്ങിയവയാണു ഹവാല ഇടപാടുകളുടെ പ്രധാന വഴികൾ. കോടിക്കണക്കിനു രൂപയാണു ഹവാലയിലൂടെ ദിനംപ്രതി ഇന്ത്യയിലെത്തുന്നത്. പ്രവാസി മലയാളികൾ വീട്ടിൽ പണമെത്തിക്കാൻ ഹവാല സംഘങ്ങളെ ആശ്രയിക്കുന്നു. വൻകിട പണമിടപാടുകളും ഹവാല ശൃംഖലയിലൂടെ നടക്കാറുണ്ട്.

2017 ഏപ്രിൽ ഒന്നു മുതൽ ഒക്ടോബർ 19 വരെ പിടികൂടിയ കള്ളക്കടത്ത് കേസുകൾ:

∙ 98 കേസുകളിലായി 33 കോടി രൂപയുടെ 109.317 കിലോ സ്വർണം

∙ 15 കേസുകളിൽ 3.82 കോടി രൂപയുടെ വിദേശ കറൻസി 

∙ ഒൻപതു കേസുകളിൽ 74.18 ലക്ഷം രൂപയുടെ 56.20 കിലോ കുങ്കുമപ്പൂവ് 

∙ മലപ്പുറം ജില്ലയിൽ നിന്നു പത്ത് കേസുകളിലായി 5.10 കോടി രൂപയുടെ ഹവാല

കേസുകളിൽ മുന്നിൽ കോഴിക്കോട് വിമാനത്താവളം

കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഏഴു മാസത്തിനിടെ എയർ കസ്റ്റംസ് പിടികൂടിയത് 39 കേസുകളിലായി 7.89 കോടി രൂപയുടെ 27.89 കിലോ സ്വർണം, മൂന്നു കേസുകളിലായി 1.29 കോടിയുടെ വിദേശ കറൻസി, എട്ടു കേസുകളിലായി 59.33 ലക്ഷം രൂപയുടെ 45.2 കിലോ കുങ്കുമപ്പൂവ്. ഡിആർഐ പിടികൂടിയത് പത്തു കേസുകളിലായി 8.34 കോടി രൂപയുടെ 28.328 കിലോ സ്വർണം, മൂന്നു കേസുകളിലായി 78 ലക്ഷംരൂപയുടെ വിദേശ കറൻസി, ഒരു കേസിൽ 14.85 ലക്ഷം രൂപയുടെ 11 കിലോ കുങ്കുമപ്പൂവ്.

‘കാരിയർ’ റിക്രൂട്ട്മെന്റ് 

ദുബായിലേക്കുള്ള കടത്ത് കര, ആകാശ മാർഗങ്ങളിലൂടെ ആയതോടെ കാരിയർമാരുടെ എണ്ണം കൂടി. മലബാർ ജില്ലകളിൽനിന്നുള്ള തൊഴിൽരഹിതരായ ചെറുപ്പക്കാരെ വൻതോതിൽ കാരിയർമാരായി സൗദിയിലേക്കു കടത്താൻ തുടങ്ങി. ദുബായ് കേന്ദ്രീകരിച്ച്, ചൈനയിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കുമൊക്കെ ഹവാല ഇടപാടു നടത്തുന്ന മലയാളികളുണ്ട്. ചൈനയിൽനിന്നു വൻതോതിൽ ചരക്കുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. കസ്റ്റംസ് തീരുവ വെട്ടിക്കാൻ, വില കുറച്ചു കാണിച്ചാണ് ഇറക്കുമതി. ബാക്കി തുക, ഹവാല ശൃംഖലയിലൂടെ നൽകുന്നു. 

ബാങ്ക് ഇടപാടിൽ കുറവ് 

ഗൾഫ് രാജ്യങ്ങളിൽ ബാങ്ക് ഇടപാടുകൾ കർശനമായി നിരീക്ഷിക്കാൻ തുടങ്ങിയതോടെ, കണക്കിൽ കാണിക്കാൻ പറ്റാത്ത വരുമാനമുള്ള കച്ചവടക്കാരും വ്യക്തികളും ബാങ്ക് ഇടപാടുകൾ കുറയ്ക്കാൻ നിർബന്ധിതരായി. ഈ പണമത്രയും ഹവാലയിലേക്കു മാറി. ഇന്ത്യയിൽ 2000 രൂപയുടെ പുതിയ നോട്ട് ഇറക്കിയതും ഹവാലക്കാർക്കു സഹായകമായി. സൂക്ഷിക്കാൻ കുറച്ചു സ്ഥലം മതിയെന്നതാണു മെച്ചം. ‌ 

തിരഞ്ഞെടുപ്പു കമ്മിഷനു കോഴ നൽകാൻ ശ്രമിച്ചുവെന്ന കേസിൽ തമിഴ്നാട്ടിലെ നേതാവിനൊപ്പം അറസ്റ്റിലായ നരേഷ് ജെയിനും മലപ്പുറത്തെ പെരിന്തൽമണ്ണയുമായി എന്താണു ബന്ധം? അതിനെപ്പറ്റി നാളെ