Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുബായ് വഴി ഇന്ത്യയിലേക്ക് ; ഹവാല പണമൊഴുക്കിന്റെ വഴി

leader-visual-main

തിരഞ്ഞെടുപ്പു കമ്മിഷനു കോഴ നൽകാൻ എഐഎഡിഎംകെ നേതാവ് ടി.ടി.വി.ദിനകരൻ ശ്രമിച്ചെന്ന കേസിൽ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഹവാല ഇടപാടുകാരൻ നരേഷ് ജെയിനിന്റെ യഥാർഥ പേര് നിധുസിങ് എന്നാണ്. കേരളത്തിലെ ഹവാല ഇടപാടുകാർക്കു സുപരിചിതൻ. നരേഷ് ഭായ്, ബാബു ഭായ് എന്നീ വിളിപ്പേരുകളും ഈ ചെന്നൈ സ്വദശിക്കുണ്ട്. പെരിന്തൽമണ്ണയിലെ പഴയകാല ഹവാല ഇടപാടുകാരൻ ഒരു ഷോപ്പിങ് കോംപ്ലക്സ് ഇടപാടിൽ ഇപ്പോഴും 25 ലക്ഷം രൂപ നരേഷിനു നൽകാനുണ്ട്. 

ഇടപാടുകാർ പലതട്ടിൽ 

ഹവാലയും കുഴൽപ്പണവും ഒരിടപാടിന്റെ രണ്ടറ്റത്തുള്ള രണ്ടു പേരുകളാണ്. ദുബായിൽ കോടികൾ മറിയുന്ന വൻകിട ഇടപാടുകൾക്കു ഹവാലയെന്നും നാട്ടിൽ ചെറിയ തുകകൾ വിതരണം ചെയ്യുന്നതിനെ കുഴൽപ്പണമെന്നും ഈ രംഗത്തുള്ളവർ വിളിക്കുന്നു. വിദേശങ്ങളിൽ പണം സ്വീകരിക്കുന്ന ഏജന്റ് മുതൽ കേരളത്തിൽ അവരുടെ വീടുകളിൽ രൂപ എത്തിച്ചു കൊടുക്കുന്ന കാരിയർ വരെ പല കണ്ണികൾ ചേർന്നതാണു ഹവാല ശൃംഖല. ഗൾഫ് മേഖലയിൽ നിന്നു പണം സ്വീകരിച്ചു മുംബൈ വരെ എത്തിച്ചു കൊടുക്കുന്നവരാണു ഹവാല മൊത്തക്കച്ചവടക്കാർ. മുംബൈയിൽ നിന്നോ ചെന്നൈയിൽ നിന്നോ പണമെത്തിച്ച്, കാരിയർമാർ വശം പ്രവാസികളുടെ വീടുകളിൽ എത്തിച്ചു കൊടുക്കുന്നവരാണു ചില്ലറ വിതരണക്കാർ. 

ഹവാല വരുന്ന വഴികൾ 

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളിൽ നിന്നു സ്വീകരിക്കുന്ന പണം കുഴൽപ്പണ ഏജന്റുമാർ ഹവാല ഏജന്റിനെ ഏൽപിക്കും. മറ്റു ഗൾഫ് രാജ്യങ്ങളിലെ ഹവാലയും യുഎഇയിലെ മറ്റ് എമിറേറ്റുകളിലെ ഹവാലയും ഏജന്റുമാർ ദുബായിലെത്തിക്കുന്നതാണ് അടുത്തപടി. ബാങ്ക് ഉദ്യോഗസ്ഥരുമായി രഹസ്യധാരണയുണ്ടാക്കിയാണു ഹവാല മറ്റു രാജ്യങ്ങളിൽ നിന്നു ദുബായിലേക്ക് അയയ്ക്കുക. കേരളത്തിലെ ഏജന്റിന്റെ കയ്യിൽ പണം ഏൽപിക്കുന്നതു വരെയുള്ള ഉത്തരവാദിത്തം ഹവാല ഏജന്റിനാണ്. ദുബായിൽ എത്തുമ്പോഴേക്കും ഹവാല യുഎഇ ദിർഹത്തിലേക്കു മാറ്റിയിരിക്കും. ദുബായിൽ നിന്നു ഹവാല ഇന്ത്യയിലെത്തിക്കലാണ് മൂന്നാമത്തെ ഘട്ടം. 

‘വാതിൽപ്പടി വിതരണം’ 

നാട്ടിലെത്തിക്കാനുള്ള പ്രയാസം കാരണം മുംബൈയിൽ നിന്നു കേരളത്തിലെ സംഘങ്ങൾ ഹവാല കൊണ്ടുവരുന്നതു കുറഞ്ഞു. 

ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ ഏതെങ്കിലും ഒരു കച്ചവടക്കാരന്റെ മേൽവിലാസം ഹവാല ഏജന്റിനു സേട്ടു നൽകും. അവർ നൽകുന്ന ഹവാലപ്പണം പ്രത്യേക വാഹനങ്ങളിലോ ട്രെയിനിലോ ബസിലോ കേരളത്തിലെത്തിക്കും. പിന്നീട്, ഹവാല ഏജന്റിന്റെ കീഴിലുള്ള മറ്റു സംഘങ്ങൾ കുഴൽപ്പണ ഏജന്റിന്റെ കേന്ദ്രത്തിൽ എത്തിക്കും. ഒരു കുഴൽപ്പണ ഏജന്റ് തന്നെ മൂന്നോ നാലോ വൻകിട ഹവാല ഇടപാടുകാർ വഴിയാണു പണം നാട്ടിലെത്തിക്കുക. 

പണം വിതരണം ചെയ്യേണ്ടവരുടെ പട്ടികയും മേൽവിലാസവും ഗൾഫിൽ നിന്നു കുഴൽപ്പണ ഏജന്റ് വാട്സാപ്പിലോ ഇമെയിൽ വഴിയോ നാട്ടിലെ സംഘത്തിനു കൈമാറിയിട്ടുണ്ടാകും. അതിൽ, അന്നന്നു നൽകേണ്ടതും പിറ്റേന്നു നൽകേണ്ടതും കുടിശിക നൽകേണ്ടതുമുണ്ടാകും. 

ചെന്നൈ, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നു സ്വർണം വാങ്ങി കേരളത്തിലേക്കു കടത്തുന്ന രീതിയുമുണ്ട്. സ്വർണം കടത്തുന്നതു കൂടുതൽ എളുപ്പമാണ്. ഗൾഫ് രാജ്യത്തിൽ തുടങ്ങി നാട്ടിൻപുറം വരെ നീളുന്ന ഹവാല–കുഴൽപണ ശൃംഖല നീണ്ടതാണെങ്കിലും പണം വീട്ടിലെത്താൻ മണിക്കൂറുകൾ മതി. ഉയർന്ന നിരക്കും സൗകര്യങ്ങളും മാത്രമല്ല, പെട്ടെന്നു വീട്ടിൽ പണം കിട്ടുമെന്നതും പ്രവാസിക്ക് ഇന്നും ഹവാല സംഘങ്ങളെ പ്രിയപ്പെട്ടതാക്കുന്നു. 

leader-visual

ഹവാല നിരക്കുകൾ 

5,680 മുതൽ 5,700 വരെ സൗദി റിയാൽ നൽകിയാൽ കേരളത്തിൽ ഒരു ലക്ഷം രൂപ ലഭിക്കും (ഔദ്യോഗിക വിനിമയ നിരക്കു പ്രകാരം ഇത്രയും റിയാലിനു ലഭിക്കേണ്ടത് 97,923 രൂപ മുതൽ 98,268 രൂപ വരെ). യുഎഇ ദിർഹമാണെങ്കിൽ കേരളത്തിൽ ഒരു ലക്ഷം രൂപ ലഭിക്കാൻ ദുബായിൽ 5,500 ദിർഹം നൽകണം (ഔദ്യോഗിക നിരക്ക് 5500 ദിർഹം – 96,855 രൂപ). 

കാരിയർ നിരക്ക് 

ചെന്നൈ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു ഹവാല കേരളത്തിലെത്തിക്കുന്ന കാരിയർക്ക് 10,000 രൂപ വരെയാണു പ്രതിഫലം. ഹവാലപ്പണത്തിന്റെ അളവനുസരിച്ച്, പ്രതിഫലത്തുകയിലും വർധനയുണ്ടാകും. ‌കേരളത്തിലെത്തിച്ച ഹവാലപ്പണം കുഴൽപ്പണ ഏജന്റിനു കൈമാറുന്നതും ഏതാണ്ട് ഇതേ രീതിയിലാണ്. ഇങ്ങനെ വിതരണം ചെയ്യാൻ പോകുന്ന കാരിയർമാർ മിക്കവാറും 20,000 രൂപ മുതൽ 30,000 രൂപ വരെ മാസശമ്പളക്കാരായിരിക്കും. കുഴൽപ്പണം വീടുകളിൽ വിതരണം ചെയ്യുന്ന കാരിയർമാർക്ക് 500 രൂപ മുതൽ 1,500 രൂപ വരെയാണു കൂലി. 

ഗൾഫിൽ റോഡ് ഹവാല 

നേരത്തേ സൗദിയിൽ നിന്നു ബാങ്കുകൾ വഴിയാണു ദുബായിലേക്കു ഹവാല അയച്ചിരുന്നത്. പേരിനു മാത്രമുള്ള കമ്പനികളുടെ അക്കൗണ്ടുകളിലൂടെ, ഉദ്യോഗസ്ഥരുമായി രഹസ്യധാരണയുണ്ടാക്കിയായിരുന്നു അത്. തീവ്രവാദ സംഘടനകൾക്കു പണമൊഴുകുന്നുവെന്ന വിവരങ്ങളെ തുടർന്നു ഗൾഫ് രാജ്യങ്ങളിൽ ബാങ്ക് ഇടപാടുകൾ കർക്കശമായി നിരീക്ഷിക്കാൻ തുടങ്ങിയതോടെ ദുബായിലേക്കുള്ള ഹവാല കടത്ത് റോഡ്, വിമാന മാർഗങ്ങൾ വഴിയായി. 

എടിഎമ്മിലും കുഴൽ 

പലരുടെയും പേരിലെടുത്ത ബാങ്ക് അക്കൗണ്ടുകളിലൂടെ കുഴൽപ്പണ വിതരണം നടക്കുന്നുണ്ട്. വിദേശത്തു നിന്നോ കേരളത്തിൽ നിന്നോ ഈ അക്കൗണ്ടിലേക്കു ചെറിയ തുകകൾ നിക്ഷേപിക്കുകയാണു ചെയ്യുക. എടിഎം കാർഡ് കാരിയറുടെ കയ്യിലുണ്ടാകും. നൽകേണ്ട വീടിനടുത്തുള്ള എടിഎമ്മിൽ നിന്നു പണമെടുക്കുകയാണു ചെയ്യുക. വലിയ തുകയുമായി യാത്ര ചെയ്യുന്നതിലുള്ള അപകട സാധ്യത ഒഴിവാക്കാനാണിത്. 20 മുതൽ 25 ‌വരെ എടിഎം കാർഡുകളുമായാണ് കാരിയർമാർ വിതരണത്തിനിറങ്ങുക.

ഇന്ത്യയിലെത്തിക്കാൻ വഴികൾ മൂന്ന്

ദുബായിൽ നിന്ന് ഹവാല ഇന്ത്യയിലെത്തിക്കാൻ പ്രധാനമായും മൂന്നു വഴികളാണിപ്പോഴുള്ളത്. കറൻസി വിനിമയ നിരക്ക്, കേന്ദ്രസർക്കാരിന്റെയും വിദേശരാജ്യങ്ങളുടെയും ധനകാര്യ തീരുമാനങ്ങൾ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണു ഹവാല ഇടപാടുകാർ ഏതു വഴി വേണമെന്നു തിരഞ്ഞെടുക്കുക. 

1. ബാങ്ക് അക്കൗണ്ട് : ദുബായിലും ഇന്ത്യയിലുമായി പലരുടെ പേരിലായി സ്ഥാപനങ്ങളും കയറ്റിറക്കുമതി ലൈസൻസുമൊക്കെയുള്ള വൻകിട വ്യാപാരികളുടെ (സേട്ടുമാരെന്നു ഹവാല ഇടപാടുകാർ വിളിക്കുന്നവർ) ബാങ്ക് അക്കൗണ്ടുകളിലൂടെ. ഹവാല ഏജന്റ് പണം സേട്ടുവിന്റെ ദുബായിലെ ഓഫിസിൽ ഏൽപിക്കും. ഇന്ത്യയിൽനിന്നു ദുബായിലേക്ക് കയറ്റുമതി ചെയ്ത തുണിത്തരങ്ങളുടെയോ മറ്റു സാധനങ്ങളുടെയോ വില എന്ന നിലയിൽ ബാങ്കുകളിലൂടെ ഹവാലപ്പണം ഇന്ത്യയിലേക്ക്. പേരിനു മാത്രമുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടിലൂടെയാകും ഈ ഇടപാട്. ഇന്നും ഹവാലയുടെ ഒഴുക്കു പ്രധാനമായും ഈ വഴിയിലൂടെ തന്നെയാണ്. 

2. റിവേഴ്സ് ഹവാല : വിദേശത്ത്, രേഖകളിൽ പെടാത്ത തദ്ദേശ കറൻസി ആവശ്യമുള്ളവർക്കു കൂടിയ നിരക്കിൽ നൽകുന്നതാണു റിവേഴ്സ് ഹവാല. ഇത് ഇന്ത്യക്കാർക്കോ വിദേശികൾക്കോ ആവാം. ഈ രംഗത്തു മലയാളികൾ സജീവമാണ്. വിദേശത്ത് ഹവാല ഏജന്റുമാർ വഴി ശേഖരിക്കുന്ന അവിടത്തെ കറൻസിയാണ് ഇങ്ങനെ വിതരണം ചെയ്യാറ്. ഇന്ത്യയിലെ വിമാനത്താവളങ്ങളിലും മറ്റും അനധികൃത ഇടപാടുകാർ വഴി ശേഖരിക്കുന്ന വിദേശ കറൻസി വിദേശത്തേക്കു കള്ളക്കടത്ത് നടത്താറുമുണ്ട്. ചില ഇറക്കുമതി ബിസിനസുകാർ തീരുവ വെട്ടിക്കാൻ ഇറക്കുമതി സാധനങ്ങളുടെ വില കുറച്ചു കാണിക്കും. രേഖകളിൽ കാണിക്കുന്ന തുക മാത്രമേ ഔദ്യോഗികമായി വിദേശത്തേക്ക് അയയ്ക്കാൻ പറ്റൂ. ബാക്കി തുക ഹവാല ഇടപാടുകാർ വിദേശകറൻസിയായി നൽകും. ഇറക്കുമതിക്കാരൻ പകരം നൽകുന്ന ഇന്ത്യൻ കറൻസി ഹവാലയായി ഇന്ത്യയിൽ വിതരണം ചെയ്യും. 10 മുതൽ 20 വരെ ശതമാനം കമ്മിഷനാണു റിവേഴ്സ് 

3. കള്ളക്കടത്ത് : ഹവാലപ്പണം കൊണ്ടു സ്വർണം, കുങ്കുമപ്പൂവ്, സിഗരറ്റ് തുടങ്ങിയ സാധനങ്ങൾ വാങ്ങി ഇന്ത്യയിലേക്കു കള്ളക്കടത്തു നടത്തും. സാധനങ്ങൾ വിറ്റ്, പണം ഇന്ത്യയിൽ ഹവാല ബിസിനസിലേക്ക്. കള്ളക്കടത്തിലെ ലാഭവും ലക്ഷ്യം. കോഴിക്കോട്, മലപ്പുറം, കാസർകോട് സംഘങ്ങൾ ഹവാല, സ്വർണക്കടത്തു മേഖലയിൽ സജീവമാണ്.

∙ ഗൾഫിൽ നിന്നു കേരളത്തിലേക്ക് ഹവാല എത്തിക്കുന്ന വൻകിടക്കാരന് ഒരു കോടി രൂപയുടെ ഇടപാടിൽ ലഭിക്കുന്നത് അഞ്ചു ലക്ഷം രൂപ. 

∙ നാട്ടിൽ സ്വന്തമായി വിതരണശൃംഖല ഉള്ള ഏജന്റുമാർ ദിവസക്കൂലി അടിസ്ഥാനത്തിൽ ആളുകളെ നിയോഗിച്ചു വിതരണം നിർവഹിക്കുന്നു. 

∙ മറ്റുള്ളവരാകട്ടെ, നാട്ടിലെ വിതരണം മറ്റു കുഴൽപ്പണ ഇടപാടുകാരെ ഏൽപിക്കും. ഒരു ലക്ഷം രൂപ വിതരണം ചെയ്താൽ 2000 രൂപ മുതൽ 3000 രൂപ വരെയാണു കുഴൽപണ ഇടപാടുകാർക്കുള്ള പ്രതിഫലം. 

∙ ഒരു കോടി രൂപയുടെ കുഴൽപ്പണത്തിന് ഒരു ‘കൊക്ക’ എന്നാണു വിളിപ്പേര്. 

∙ ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂ‍ർ എന്നിവിടങ്ങളിൽ നിന്നു കേരളത്തിലേക്ക് ഹവാല എത്തിക്കുന്നതു പ്രത്യേക വാഹനങ്ങളിലും ട്രെയിൻ, ബസ്, ചരക്കു ലോറികൾ എന്നിവയിലുമാണ്.

പരമ്പര അവസാനിച്ചു