Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസ് പ്രക്ഷോഭത്തിന്; പ്രധാനമന്ത്രിയെ വിചാരണ ചെയ്യും

congress-leaders ഒരുമിച്ച് മുന്നോട്ട്: കേന്ദ്ര സർക്കാരിന്റെ നോട്ട് പിൻവലിക്കൽ തീരുമാനത്തിനെതിരെ ന്യൂഡൽഹിയിൽ കോൺഗ്രസ് സംഘടിപ്പിച്ച ജനവേദനാ സമ്മേളനത്തിൽ പങ്കെടുക്കുന്ന എ.കെ.ആന്റണി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കൊടിക്കുന്നിൽ സുരേഷ് എംപി, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖർഗെ എന്നിവർ. ചിത്രം: ജെ. സുരേഷ്

ന്യൂഡൽഹി ∙ നോട്ട് റദ്ദാക്കലിനെതിരായ രണ്ടാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യമെങ്ങും നാൽക്കവലകളിൽ വിചാരണ ചെയ്യാനും റിസർവ് ബാങ്ക് ഓഫിസുകൾ ഘെരാവോ ചെയ്യാനും കോൺഗ്രസ് ജനവേദനാ സമ്മേളനം തീരുമാനിച്ചു. ബാങ്കിൽനിന്നു പണമെടുക്കാൻ ഊഴം കാത്തു നിന്നു ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ സമ്മേളനം അനുശോചിച്ചു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അസാന്നിധ്യത്തിൽ, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം, അഞ്ചു സം‌സ്ഥാന നിയമസഭകളിലേക്കു നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുൻപ്, കേന്ദ്ര സർക്കാരിനെതിരായ സമരപ്രഖ്യാപനമായി.

മോദി വാഗ്ദാനം ചെയ്ത നല്ലദിനങ്ങളെത്താൻ കോൺഗ്രസ് വീണ്ടും അധി‌കാരത്തിലെ‌ത്തുക മാത്രമാണു മാർഗമെന്നു രാഹുൽ പറഞ്ഞു. നോട്ട് റദ്ദാക്കൽ തീരുമാനത്തിന്റെ ദൂഷ്യവശങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂവെന്നായിരുന്നു മുൻ പ്ര‌‌ധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മുന്നറിയിപ്പ്. ആഘാതത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനം ഗണ്യമായി കുറയുമെ‌ന്നും തൊഴിൽ ഗണ്യമായി നഷ്ടപ്പെടുമെന്നും മുൻ ധനമന്ത്രി പി.ചിദംബരം വില‌യിരുത്തി.

PTI1_11_2017_000123b

ജനുവരി 23 മുതൽ ഫെബ്രുവരി 20 വരെ രാജ്യത്തെ എല്ലാ നിയമസഭാ നിയോജകമണ്ഡലങ്ങളിലെയും തിരഞ്ഞെടുത്ത നാൽക്കവലകളിൽ പ്ര‌ധാനമന്ത്രിയെ പ്രതീകാത്മകമായി വിചാരണ ചെയ്യാനാണു തീരുമാനം. 50 ദിവസത്തിനുശേഷം നോട്ട് റദ്ദാക്കലിന്റെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെങ്കിൽ നാൽ‌ക്കവലയിലെത്തി ശിക്ഷയേൽക്കാൻ തയാറാണെന്നു പ്രധാനമന്ത്രി രാജ്യത്തിനു നൽകിയ വാക്കിന്റെ അടിസ്ഥാനത്തിലാണിതെന്നു കോൺ‌ഗ്രസ് രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേൽ വിശദീകരിച്ചു. കർഷകർക്കും തൊഴിലാളികൾക്കും ദിവസക്കൂലിക്കാർക്കും നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ, സമ്പ‌ദ്‌വ്യവസ്ഥയ്ക്കേറ്റ ആഘാതം, തൊഴിൽനഷ്ടം തുടങ്ങി പ്രധാനമന്ത്രി മറുപടി നൽകേണ്ട ചോദ്യങ്ങളാണു സമരത്തിലുയരുക. താൽപര്യമെങ്കിൽ ഇഷ്ടമുള്ള നാൽക്കവലയിലെത്തി പ്രധാനമന്ത്രിക്കു ചോദ്യങ്ങൾ നേരി‌ടാമെന്ന് അഹമ്മദ് പട്ടേൽ പറഞ്ഞു. എന്നാൽ, വിചാരണ നട‌ത്തുകയല്ലാതെ ശിക്ഷ വിധിക്കാൻ ഉദ്ദേശ്യമില്ല.

എല്ലാ റിസർവ് ബാങ്ക് മേഖലാ ഓഫിസുകളും 18നു ഘെരാവോ ചെയ്യും. 20 മുതൽ 25വരെ സംസ്ഥാനതല ജനവേദന സമ്മേളനങ്ങൾ നടത്തും. ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലും സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ കീഴ്ഘടകങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിനുശേഷം നോട്ട് റദ്ദാക്കലിനെതിരെ നടത്തിയ ആദ്യഘട്ട സമരത്തിന്റെ സമാപനമായിരു‌ന്നു സ‌മ്മേളനം. ഫലത്തിൽ, രാഹുൽ ഗാ‌ന്ധിയുടെ അധ്യക്ഷതയിൽ നടന്ന ആദ്യത്തെ അനൗപചാരിക എഐസിസി സ‌‌മ്മേളനം കൂടിയായിരുന്നു ഇത്. 2014 ജനുവരിക്കുശേഷം എഐസിസി സമ്മേളനം ചേർന്നിട്ടില്ല. പ്രതിപക്ഷ കക്ഷികളെ ഏകോപിപ്പിച്ചു സമരം നടത്താനുള്ള നീക്കത്തോടൊപ്പം സ്വന്തമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ച് അണികളെ സജീവമാക്കാൻ കൂടിയാണു കോൺഗ്രസിന്റെ ശ്രമം.

എല്ലാ സംസ്ഥാനങ്ങളിൽനിന്നും പ്രമുഖ നേതാക്കളും പ്രതിനിധികളും സ‌മ്മേളനത്തിനെത്തി. കേരളത്തെ പ്രതിനിധീകരിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.സി.വിഷ്ണുനാഥ് എന്നിവർ പ്രസംഗിച്ചു. ‌ഇന്ദിരാ ഗാന്ധി ജന്മശതാബ്ദി അനുസ്മരണ പ്രമേയം പാർട്ടി തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എംപി അവതരിപ്പിച്ചു.

Your Rating: