Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌മദ്യശാലകൾ: ദൂരപരിധിയിൽ ഇളവില്ലെന്നു സുപ്രീം കോടതി

liquor-bottles-alcohol

ന്യൂഡൽഹി ∙ ദേശീയപാതകളുടെ സമീപം മദ്യശാലകൾ നിരോധിച്ച ഉത്തരവിൽ ഇളവു വരുത്തില്ലെന്നു സുപ്രീം കോടതി. മാഹിക്കു പ്രത്യേക ഇളവ് അനുവദിക്കണം എന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി തള്ളിയാണു ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് ഇങ്ങനെ വിധിച്ചത്.

ഇളവ് അനുവദിക്കുന്നതു മുൻ ഉത്തരവിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു. മാഹി ലിക്കർ മർച്ചന്റ്സ് അസോസിയേഷൻ, മാവേലി വൈൻസ് എന്നിവ ഫയൽ ചെയ്ത ഹർജിയിലാണ് ഈ ഉത്തരവ്.

തലശ്ശേരി–മാഹി ബൈപാസ് നിർമാണം പൂർത്തിയാകുമ്പോൾ നാഷനൽ ഹൈവേ 17ൽ നാലു കിലോമീറ്റർ ദൂരം മാഹി പ്രദേശം ഹൈവേയുടെ പുറത്താകുമെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ നിലവിലുള്ള ഹൈവേയുടെ ഇരുഭാഗത്തുമുള്ള മദ്യശാലകൾ മാറ്റേണ്ട കാര്യമില്ല.

നാഷനൽ ഹൈവേ അതോറിറ്റി പുതിയ ബൈപാസിന്റെ പണി ഫെബ്രുവരിയിൽ തുടങ്ങുമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ മുൻ ഉത്തരവിൽ ഇളവ് അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കിയ കോടതി ഈ ഹർജികൾ തള്ളി.

ദേശീയപാതകളുടെ ഇരുവശത്തും 500 മീറ്ററിൽ കുറഞ്ഞ ദൂരത്തിൽ സ്ഥിതിചെയ്യുന്ന മദ്യവിൽപന കേന്ദ്രങ്ങൾ ഏപ്രിൽ ഒന്നുമുതൽ അടച്ചുപൂട്ടണം എന്നായിരുന്നു നേരത്തേ പുറപ്പെടുവിച്ച ഉത്തരവ്.

സുപ്രീം കോടതിയിൽ മാഹി ലിക്കർ മർച്ചന്റ്സ് അസോസിയേഷനു വേണ്ടി നിധേഷ് ഗുപ്ത, പോണ്ടിച്ചേരി സംസ്ഥാന സർക്കാരിനു വേണ്ടി വെങ്കിടരമണി, മാവേലി വൈൻസിനു വേണ്ടി വി.കെ.ബിജു, മാഹി സംരക്ഷണ കൗൺസിലിനു വേണ്ടി മനോജ് ജോർജ് എന്നീ അഭിഭാഷകർ ഹാജരായി.

related stories
Your Rating: