Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർത്തിക്കെതിരെ തിരച്ചിൽ നോട്ടിസ്: തക്കതായ കാരണം ഉണ്ടെന്ന് സിബിഐ

karti-chidambaram

ന്യൂഡൽഹി ∙ തക്കതായ കാരണങ്ങളുള്ളതുകൊണ്ടാണു മുൻ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെതിരെ അഴിമതിക്കേസിന്റെ പശ്‌ചാത്തലത്തിൽ തിരച്ചിൽ നോട്ടിസ് ഇറക്കിയതെന്നു സിബിഐ സുപ്രീം കോടതിയിൽ അറിയിച്ചു. കാർത്തിക്കു വിദേശത്തുള്ളതായി ആരോപിക്കപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളും വസ്‌തുവകകളും സംബന്ധിച്ച തെളിവുകൾ രഹസ്യരേഖയായി നൽകാൻ ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സിബിഐയോടു നിർദേശിച്ചു. കാർത്തി നൽകിയ സത്യവാങ്‌മൂലത്തിനു കേസ് ഇനി പരിഗണിക്കുന്ന 11ന് അകം സിബിഐ മറുപടി നൽകണം. കൂട്ടുപ്രതികളിലൊരാളായ രവി വിശ്വനാഥനു വിദേശത്തുപോകുന്നതിനു കോടതി അനുമതി നിഷേധിച്ചു. 

ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്‌സ് മീഡിയ എന്ന സ്‌ഥാപനത്തിനു വിദേശത്തുനിന്നു 305 കോടി രൂപ നിക്ഷേപം സ്വീകരിക്കാൻ കാർത്തി വഴിവിട്ടു സഹായിച്ചെന്നാണ് ആരോപണം. സ്ഥാപനത്തിനു വിദേശനിക്ഷേപ പ്രോൽസാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി നേടിക്കൊടുത്തപ്പോൾ കാർത്തിക്കു 3.5 കോടി രൂപ കോഴ ലഭിച്ചെന്നും സിബിഐ ആരോപിക്കുന്നു.