Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയ നേതാക്കളുടെ മക്കൾ മുൻപ് അറസ്റ്റിലായവർ

Sanjay-Gandhi സഞ്ജയ് ഗാന്ധി

∙ സഞ്ജയ് ഗാന്ധി

‘കിസാ കുർസി കാ’ കേസിലെ പ്രധാന പ്രതിയായ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയെ 1978 മേയ് അഞ്ചിന് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കീഴ്ക്കോടതി നൽകിയ മുൻകൂർ ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി നടപടിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇതു കൂടാതെ മാരുതി റോഡ് റോളർ കേസിൽ സഞ്ജയ് ഗാന്ധിയെ 1979 ഏപ്രിൽ 27ന് അറസ്റ്റ് ചെയ്തു ഡെറാഡൂൺ ജയിലിലാക്കി. കേസുമായി ബന്ധപ്പെട്ടു കോടതിയിൽ ഹാജരാകാത്തതിനായിരുന്നു അറസ്റ്റ്.

prabhakararao പി.വി.പ്രഭാകർ റാവു

∙ നരസിംഹറാവുവിന്റെ മക്കൾ

133 കോടി രൂപയുടെ യൂറിയ ഇറക്കുമതി കേസിൽ മുൻപ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ മകൻ പി.വി.പ്രഭാകർ റാവുവിനെ 1998 നവംബർ 29ന് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. മറ്റൊരു പുത്രൻ പി.വി.രംഗറാവുവിനെ വഞ്ചനക്കുറ്റത്തിനു 2001 ഫെബ്രുവരി മൂന്നിന് അറസ്റ്റ് ചെയ്തു. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ പക്കൽനിന്നു സിനിമാ നിർമാണത്തിനു വാങ്ങിയ രണ്ടുകോടി രൂപ തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് ആന്ധ്രാപ്രദേശിലെ മുൻമന്ത്രി കൂടിയായ രംഗറാവുവിനെ അറസ്റ്റ് ചെയ്തത്.

P-sudhirkumar പി.സുധീർകുമാർ

∙ പി.സുധീർകുമാർ

മുൻ കേന്ദ്രമന്ത്രിയും കേരള ഗവർണറുമായിരുന്ന പി.ശിവശങ്കറിന്റെ മകനും ആന്ധ്രാപ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന പി.സുധീർകുമാറിനെ 1989 ജൂൺ ആറിന് അറസ്റ്റ് ചെയ്തു. നൈസാമാബാദ് എസ്പിയെ മർദിച്ചതിനായിരുന്നു അറസ്റ്റ്.

Sanjay-dutt സഞ്ജയ് ദത്ത്

∙ സഞ്ജയ് ദത്ത്

കോൺഗ്രസ് നേതാവും എംപിയുമായിരുന്ന സുനിൽ ദത്തിന്റെ പുത്രനും ചലച്ചിത്രതാരവുമായ സഞ്ജയ് ദത്തിനെ 1993ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 1993 ഏപ്രിൽ 19ന് അറസ്റ്റ് ചെയ്തു. സ്ഫോടനക്കേസ് പ്രതികളായിരുന്ന ഹനീഫ് ലക്ഡാവാല, സമീർ ഹിം ഗോറ എന്നിവരുടെ പക്കൽ നിന്ന് എകെ–47 തോക്ക് വാങ്ങിയെന്നായിരുന്നു കുറ്റം.

prakash-chandra-yadav പ്രകാശ് ചന്ദ്ര യാദവ്

∙ പ്രകാശ് ചന്ദ്ര യാദവ്

മുൻ കേന്ദ്രമന്ത്രി റാംലഖൻ യാദവിന്റെ പുത്രൻ പ്രകാശ് ചന്ദ്ര യാദവിനെ സിബിഐ 1996 ജൂൺ 18ന് അറസ്റ്റ് ചെയ്തു. യൂറിയ ഇറക്കുമതി കുംഭകോണവുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരുന്നു അറസ്റ്റ്.

mk-stalin എം.കെ.സ്റ്റാലിൻ

∙ എം.കെ.സ്റ്റാലിൻ

ചെന്നൈ നഗരത്തിലെ ഫ്ലൈ ഓവറുകളുടെ നിർമാണത്തിൽ 12 കോടി രൂപയുടെ അഴിമതി ആരോപണത്തെ തുടർന്നു മേയറും മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ മകനുമായ എം.കെ.സ്റ്റാലിനെ 2001 ജൂലൈ ഒന്നിന് അറസ്റ്റ് ചെയ്തു.

∙ സരബ്‌ജിത് സിങ്

മുൻ കേന്ദ്രമന്ത്രിയും ബിഹാർ ഗവർണറുമായിരുന്ന ബൂട്ടാ സിങ്ങിന്റെ മകൻ സരബ്‌ജിത് സിങ്ങിനെ 2009 ജൂലൈ 30നു സിബിഐ അറസ്‌റ്റ് ചെയ്‌തു. പട്ടികവിഭാഗം കമ്മിഷന്റെ പരിഗണനയിലുള്ള കേസ് ഒതുക്കാൻ മൂന്നുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണു സരബ്‌ജിത് പിടിയിലായത്. നവിമുംബൈയിലെ കെട്ടിട നിർമാതാവ് റാംറാവു പാട്ടീൽ ഒരു സഹകരണ സംഘത്തിൽ നിന്നു നൂറു പട്ടികവിഭാഗക്കാരുടെ പേരുകളിലായി 10 കോടിരൂപ വായ്‌പ തരപ്പെടുത്തിയതാണു കേസ്.

Kanimozhi

∙ കനിമൊഴി

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയെ 2ജി സ്‌പെക്‌ട്രം അഴിമതിക്കേസിൽ 2011 മേയ് 20ന് അറസ്റ്റ് ചെയ്തു കോടതിയിലെ ലോക്കപ്പിലേക്കു മാറ്റി. പിന്നീട് അവരെ തിഹാർ ജയിലിലടച്ചു.