Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്ത്യൻ വിവാഹമോചനം: സമയപരിധി കുറയ്ക്കുന്ന ഭേദഗതി വരുംസമ്മേളനത്തിൽ

divorce

ന്യൂഡൽഹി ∙ ക്രിസ്ത്യൻ ദമ്പതികൾക്ക് ഉഭയസമ്മത പ്രകാരം വിവാഹമോചിതരാകാൻ കുറഞ്ഞതു രണ്ടുവർഷം പിരിഞ്ഞു താമസിക്കണമെന്ന വ്യവസ്ഥ ഒരുവർഷമായി കുറയ്ക്കാനുള്ള ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനായില്ല. അടുത്ത സമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നു നിയമമന്ത്രാലയം വക്താവ് അറിയിച്ചു.

സുപ്രീം കോടതി വിധിയും സമുദായ താൽപര്യവും കണക്കിലെടുത്ത് 1986ലെ ക്രിസ്ത്യൻ വിവാഹ നിയമത്തിലെ പത്ത് എ വകുപ്പ് ഭേദഗതി ചെയ്യുമെന്നു 2016 മേയിൽ തന്നെ സർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നതാണ്. നിയമ മന്ത്രാലയം സംസ്ഥാനങ്ങളുടെ അഭിപ്രായവും തേടിയിരുന്നു. ദമ്പതികൾ വേർപെട്ടു കഴിയുന്നതിനു നിശ്ചയിച്ചിട്ടുള്ള കാലപരിധി കുറയ്ക്കുന്നതിനോട് 24 സംസ്ഥാനങ്ങൾ യോജിപ്പു പ്രകടിപ്പിച്ചു.

വിവിധ വ്യക്തിനിയമങ്ങളിൽ ഇക്കാര്യത്തിലുള്ള വ്യവസ്ഥകൾ സമാനമാക്കുന്നതിനു വേണ്ടി കൂടിയായിരുന്നു ഈ ഭേദഗതി. ഹിന്ദു വിവാഹ നിയമത്തിലും പാഴ്സി വിവാഹ നിയമത്തിലും പ്രത്യേക വിവാഹ നിയമത്തിലും ഒരുവർഷമാണ് കുറഞ്ഞ കാലപരിധിയായി നിശ്ചയിച്ചിട്ടുള്ളത്. ജില്ലാ കോടതി മുൻപാകെ വിവാഹമോചന അപേക്ഷ നൽകുമ്പോൾ ഭർത്താവും ഭാര്യയും ഹാജരാകണമെന്ന വ്യവസ്ഥ പരിഷ്കരിക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു. ആരെങ്കിലും ഒരാൾ മതിയെന്നു ഭേദഗതി ചെയ്യാനാണു നീക്കം. ദമ്പതികൾ അവസാനം ഒരുമിച്ചു താമസിച്ചിരുന്ന സ്ഥലത്തോ വിവാഹം നടന്ന സ്ഥലത്തോ ഉള്ള കോടതിയിൽ വേണം അപേക്ഷ നൽകാനെന്ന വ്യവസ്ഥയും നീക്കിയേക്കും. പകരം ഏതു കോടതിയുടെ പരിധിയിലാണോ താമസിക്കുന്നത് അവിടെ അപേക്ഷ നൽകാമെന്ന ഭേദഗതി കൊണ്ടുവന്നേക്കും.