Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോ അക്കാദമി ഗേറ്റ് ഇളക്കി മാറ്റി; മതിൽ ഇന്നു പൊളിക്കും

Law Academy main gate

തിരുവനന്തപുരം∙ ജല അതോറിറ്റിയുടെ ഭൂമിയിലും സർക്കാർ പുറമ്പോക്കിലുമായി നിർമിച്ച പേരൂർക്കട ലോ അക്കാദമി ലോ കോളജിന്റെ പ്രധാനകവാടം ഇളക്കിമാറ്റി. കോളജ് മാനേജ്മെന്റ് തന്നെയാണു ഗേറ്റ് മാറ്റിയത്. 28 സെന്റ് ഭൂമിയിൽ നിർമിച്ച മതിൽ ഇന്നു പൊളിച്ചുമാറ്റുമെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഞായറാഴ്ചയായതിനാൽ കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടായേക്കില്ല. ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുന്ന അക്കാദമിയിൽ നാളെ ക്ലാസുകൾ ആരംഭിക്കുകയാണ്. അതിനു പിന്നാലെ, എല്ലാ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും യോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനു ചേരുമെന്ന് അക്കാദമി ഡയറക്ടർ എൻ.നാരായണൻ നായർ അറിയിച്ചു. നാളെ ക്ലാസ് ആരംഭിക്കുമ്പോൾ പല വിദ്യാർഥികളും വിജയാഹ്ലാദ സൂചകമായി യൂണിഫോം ഉപേക്ഷിച്ചു സാരി ഉടുത്തു വരാൻ ധാരണയായിട്ടുണ്ടെന്നാണു വിവരം.

പുറമ്പോക്കു ഭൂമിയും ജല അതോറിറ്റിയിലേക്കുള്ള പൊതുവഴിയും കയ്യേറിയാണ് അക്കാദമിയുടെ കവാടവും മതിലും നിർമിച്ചതെന്നു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്.കുര്യൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു 24 മണിക്കൂറിനുള്ളിൽ പൊളിച്ചുനീക്കാൻ റവന്യൂ വകുപ്പ് അക്കാദമിക്ക് വെള്ളിയാഴ്ച നോട്ടിസ് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു കോളജ് മാനേജ്മെന്റ് ഇന്നലെ രാവിലെ ഗേറ്റ് ഇളക്കി മാറ്റിയത്. തഹസിൽദാർ കെ.ആർ.മണികണ്ഠന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. മതിലുകൾ അക്കാദമി സ്വയം പൊളിച്ചുമാറ്റാത്തതിനാൽ ഇന്നു രാവിലെ പൊളിക്കാനാണു നിർദേശം. ഇതിന്റെ ചെലവ് അക്കാദമിയിൽ നിന്നു പിന്നീട് ഈടാക്കും.

കോളജ് കന്റീനും സഹകരണ ബാങ്കും അക്കാദമിവളപ്പിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെ കുറിച്ച് മാനേജ്മെന്റിന്റെ വിശദീകരണം കേട്ട ശേഷം മാത്രമേ നടപടിയുണ്ടാകൂ. മതിലും ഗേറ്റും പുറമ്പോക്കിലാണെന്നു വ്യക്തമായതിനാൽ നടപടികൾക്കു ബുദ്ധിമുട്ടില്ല. എന്നാൽ, കന്റീനും ബാങ്കും പ്രവർത്തിക്കുന്ന കെട്ടിടം കലക്ടർ ഏറ്റെടുക്കുമ്പോൾ ഒട്ടേറെ നിയമപ്രശ്നങ്ങൾ ഉടലെടുക്കുമെന്നാണു സൂചന. അക്കാദമിയുടെ നിയമാവലിയിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചും വാണിജ്യസ്ഥാപനങ്ങൾ പ്രവ്ര‍ത്തിപ്പിക്കുന്നതിന്റെ നിയമസാധുത പരിശോധിച്ചും മാത്രമേ ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാകൂ.

ജല അതോറിറ്റിയുടെ ഭൂമിയിലേക്കുള്ള വഴിയിലും ബേസിക് ടാക്സ് റജിസ്റ്റർ (ബിടിആർ) പ്രകാരം പൈപ്പ് ലൈൻ കടന്നുപോകുന്ന വഴിയിലുമാണ് അക്കാദമിയിലേക്കുള്ള പ്രധാന കവാടവും റോഡും പണിതിരിക്കുന്നതെന്നു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പൊതുവഴിയാണെന്നും അക്കാദമിക്കായി ഇത് ഒരു ഘട്ടത്തിലും പതിച്ചുനൽകിയിട്ടില്ലെങ്കിലും ഇവർ സ്വകാര്യ വഴിയായും ഗേറ്റായും ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ പരമാർശിച്ചിരുന്നു.

related stories
Your Rating: