Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

13 ലക്ഷം പാഠപുസ്തകങ്ങൾ വീണ്ടും അച്ചടിച്ചു; നഷ്ടം ഒരു കോടിയിലേറെ

textbook

കാക്കനാട് (കൊച്ചി)∙ സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയിനിങ് (എസ്‍സിഇആർടി) ഡയറക്ടറുടെ പേരുമാറിയെന്ന കാരണം പറഞ്ഞു 13 ലക്ഷം പാഠപുസ്തകങ്ങൾ വീണ്ടും അച്ചടിച്ചതു വിവാദമാകുന്നു. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി (കെബിപിഎസ്)യിലാണ് ഒരു കോടിയിലേറെ രൂപ നഷ്ടം വന്ന ഇൗ അച്ചടി. കഴിഞ്ഞ വർഷം കരുതൽ ശേഖരമായി അച്ചടിച്ചു വച്ചിരുന്ന 13 ലക്ഷം പാഠപുസ്തകങ്ങൾ ഈ വർഷം വിതരണം ചെയ്യാനായിരുന്നു തീരുമാനം.

പുസ്തകങ്ങളിൽ അന്നത്തെ എസ്‍സിഇആർടി ഡയറക്ടറുടെ പേരാണ് ഉൾപ്പെടുത്തിയിരുന്നത്. പുതിയ അധ്യയന വർഷമായപ്പോഴേക്കും ഡയറക്ടർ സ്ഥാനത്തു പുതിയ നിയമനം നടന്നു. അതോടെ പഴയ ഡയറക്ടറുടെ പേരുള്ള പാഠപുസ്തകങ്ങൾ വിതരണം ചെയ്യേണ്ടെന്നു തീരുമാനിക്കുകയായിരുന്നു. ഇതിന്റെ പേരിൽ 1.03 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണു പ്രാഥമിക കണക്ക്. ഇതേക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ അധ്യയന വർഷം വരെ രണ്ടു വാല്യങ്ങളായാണു പാഠപുസ്തകങ്ങൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നത്. പുതിയ അധ്യയന വർഷം മുതൽ മൂന്നു വാല്യങ്ങളായി പുസ്തകം അച്ചടിച്ചു വിതരണം ചെയ്യാനായിരുന്നു നിർദേശം. പേജുകൾ നിജപ്പെടുത്തി വിദ്യാർഥികളുടെ ഭാരം കുറയ്ക്കാനായിരുന്നു ഈ നടപടി. ഇതിന്റെ മറവിലാണു നേരത്തേ അച്ചടിച്ച പുസ്തകങ്ങൾ ഉപേക്ഷിച്ചു പുതിയ ഡയറക്ടറുടെ പേര് ഉൾപ്പെടുത്തി 13 ലക്ഷം പാഠപുസ്തകങ്ങൾ വീണ്ടും അച്ചടിച്ചത്. മൂന്നു വാല്യങ്ങളായി അച്ചടിച്ച പുതിയ പുസ്തകങ്ങൾ വിതരണം ചെയ്യാനാണു രണ്ടു വാല്യങ്ങളായി അച്ചടിച്ച 13 ലക്ഷം പുസ്തകങ്ങൾ മാറ്റിയതെന്നാണു സൊസെറ്റി അധികൃതരുടെ ന്യായീകരണം.

എന്നാൽ ഈ വർഷം മൂന്നു വാല്യങ്ങളായി അച്ചടിക്കണമെന്ന നിർദേശം 60 ശതമാനം പുസ്തകങ്ങളിലേ നടപ്പാക്കിയിട്ടുള്ളു. അവശേഷിക്കുന്ന 40 ശതമാനം രണ്ടു വാല്യങ്ങളായി തന്നെയാണ് അച്ചടിക്കുന്നത്. ഈ സാഹചര്യത്തിൽ രണ്ടു വാല്യങ്ങളായി മുൻ വർഷം അച്ചടിച്ച 13 ലക്ഷം പുസ്തകങ്ങൾ ഇത്തവണ വിതരണം ചെയ്യാമായിരുന്നുവെന്നാണു വിലയിരുത്തൽ. 130–180 പേജുകളുള്ള വലിയ പുസ്തകങ്ങൾ വരെ രണ്ടു വാല്യങ്ങളായി ഇത്തവണയും വിതരണം ചെയ്യുന്നുണ്ടെന്നിരിക്കേയാണു 80–88 പേജുകളുള്ള 13 ലക്ഷം പുസ്തകങ്ങൾ മൂന്നു വാല്യങ്ങളാക്കാനെന്ന പേരിൽ ഉപയോഗിക്കാതിരുന്നത്.

സർക്കാർ നിർദേശം കെബിപിഎസ് പാലിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം ∙ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടാതെ കെബിപിഎസ് അച്ചടിച്ച 1.3 കോടി രൂപയുടെ പഴയ സ്റ്റോക്കിൽപ്പെട്ട പാഠപുസ്തകങ്ങളാണ് അവിടെ കെട്ടിക്കിടക്കുന്നതെന്നും ഇക്കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ. ബാലാവകാശ കമ്മിഷന്റെ ഉത്തരവ് അനുസരിച്ച് പാഠപുസ്തകങ്ങൾ 60 പേജിൽ കൂടാൻ പാടില്ല. ഇതനുസരിച്ചു പുസ്തകങ്ങൾ മൂന്നു ഭാഗങ്ങളായി അച്ചടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

എന്നാൽ തീരുമാനം വരുന്നതിനു മുൻപേ പഴയപടി രണ്ടു ഭാഗങ്ങളുള്ള പാഠപുസ്തകങ്ങൾ കെബിപിഎസ് അച്ചടിച്ചു. ഇവയിൽ ബാലാവകാശ കമ്മിഷൻ നിശ്ചയിച്ചത്ര പേജുകളുള്ള പുസ്തകം വിതരണം ചെയ്യാനും ശേഷിച്ച പുസ്തകങ്ങൾ അഴിച്ചു മൂന്നു ഭാഗങ്ങളാക്കി വീണ്ടും കുത്തിക്കെട്ടാനും വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കെബിപിഎസ് ചെയ്തില്ല.

പുസ്തകത്തിൽ എസ്‌സിഇആർടി ഡയറക്ടറായി ആരുടെ പേരാണെങ്കിലും നിയമാനുസൃതം മൂന്നു ഭാഗമാക്കിയിരുന്നുവെങ്കിൽ വിതരണം ചെയ്യാൻ വിദ്യാഭ്യാസ വകുപ്പു തയാറായിരുന്നുവെന്നും വകുപ്പധികൃതർ വിശദീകരിച്ചു. ഇനി മുതൽ പുസ്തകങ്ങളിൽ എസ്‌സിഇആർടി ഡയറക്ടർ ഉൾപ്പെടെയുള്ള വ്യക്തികളുടെ പേരിനു പകരം തസ്തിക മാത്രം നൽകിയാൽ മതിയെന്നു വിദ്യാഭ്യാസ മന്ത്രി നിർദേശിച്ചിട്ടുണ്ട്.