Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുടിശിക 100 കോടി; പാഠപുസ്തക വിതരണത്തെ ബാധിക്കും

Text-books

തിരുവനന്തപുരം∙ പാഠപുസ്തകം അച്ചടിച്ചു വിതരണം ചെയ്ത വകയിൽ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിക്ക് (കെബിപിഎസ്) 2010 മുതൽ വിദ്യാഭ്യാസവകുപ്പ് നൽകാനുള്ളതു 100 കോടിയോളം രൂപ. പണം നൽകാത്തതിന്റെ പേരിൽ പാഠപുസ്തക വിതരണം വൈകിയാൽ തങ്ങൾക്ക് ഉത്തരവാദിത്തമുണ്ടാവില്ലെന്നു ചൂണ്ടിക്കാട്ടി കെബിപിഎസ് അധികൃതർ പലതവണ വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർക്കു കത്ത് നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.

പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിന്റെ വിതരണം പൂർണമാകാത്ത സാഹചര്യത്തിൽ അടിയന്തരമായി 15 കോടി രൂപ കെബിപിഎസിനു നൽകാൻ ധനവകുപ്പ് നടപടി എടുത്തതായി അറിയുന്നു. കുടിശിക കൊടുത്തു തീർക്കാൻ ധനവകുപ്പ് തയാറായില്ലെങ്കിൽ പാഠപുസ്തകങ്ങളുടെ മൂന്നാം ഭാഗത്തിന്റെ വിതരണവും അവതാളത്തിലാകും. ഓരോ തവണയും പാഠപുസ്തകം വൈകുമ്പോൾ എല്ലാവരും ബഹളമുണ്ടാക്കുമെങ്കിലും വിതരണം പൂർത്തിയായാൽ പിന്നെ അനക്കമില്ല. 

പാഠപുസ്തക അച്ചടിക്കായി പ്രിന്റ് ഓർഡർ നൽകുന്നതു പൊതു വിദ്യാഭ്യാസ ഡയറക്ടർ (‍ഡിപിഐ) ആണെങ്കിലും പണം നൽകേണ്ടതു ധനവകുപ്പാണ്. ഇക്കാര്യം ആവശ്യപ്പെട്ടു കെബിപിഎസ്, വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുമ്പോൾ ധനവകുപ്പാണു പണം നൽകേണ്ടതെന്നു ചൂണ്ടിക്കാട്ടി അവർ ഒഴിഞ്ഞു മാറുന്നു. ലോട്ടറി അച്ചടിക്കുന്നതിന്റെ പ്രതിഫലം കൃത്യമായി കെബിപിഎസിനു നൽകുന്ന ധനവകുപ്പ്, പാഠപുസ്തക അച്ചടിയുടെ പണം ചോദിക്കുമ്പോൾ താൽപര്യം കാട്ടാറില്ല.കഴിഞ്ഞ അധ്യയന വർഷം അച്ചടിക്കൂലിയായി 13.07 കോടിയും വിതരണച്ചെലവായി 17.15 കോടിയും കടലാസ് വാങ്ങിയതിന് 24.82 കോടിയും നൽകാനുണ്ട്. 

മൂന്നു ഭാഗമായി അച്ചടി; അധിക ജോലിഭാരം

പാഠപുസ്തകങ്ങളുടെ ആദ്യഭാഗം മൂന്നു കോടിയും രണ്ടാം ഭാഗം രണ്ടരക്കോടിയും മൂന്നാം ഭാഗം 80 ലക്ഷവും കോപ്പികളാണ് അച്ചടിക്കേണ്ടത്. ആദ്യ ഭാഗം അച്ചടിക്കാൻ എട്ടു മാസവും രണ്ടാം ഭാഗം അച്ചടിക്കാൻ നാലു മാസവും ആണു സാധാരണ എടുക്കുന്നത്. ഇത്തവണ മൂന്നാം ഭാഗം കൂടി വന്നതോടെ അധിക ജോലിഭാരമാണു കെബിപിഎസിന് ഉണ്ടായത്. ഓരോ ഭാഗത്തിനും അവതാരിക, കവർ തുടങ്ങിയവ അച്ചടിച്ചു കുത്തിക്കെട്ടണം. ഇതു പാഠപുസ്തകം വൈകാൻ ഇടയാക്കി. കൂടുതൽ യന്ത്രസാമഗ്രികൾ സ്ഥാപിച്ചതോടെ ദിവസം നാലു ലക്ഷം പുസ്തകം അച്ചടിക്കാൻ സാധിക്കുന്നുണ്ട്. പക്ഷേ, സാമ്പത്തിക ബാധ്യത പരിഹരിച്ചില്ലെങ്കിൽ പുസ്തക വിതരണം ഇനിയും അവതാളത്തിലാകും.