Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈസ്കൂൾ ക്ലാസുകളിലെ പുസ്തകങ്ങൾ 20ന് മുമ്പ് കൊടുത്തുതീർക്കും: മന്ത്രി

textbook

തിരുവനന്തപുരം∙ ഹൈസ്കൂൾ ക്ലാസുകളിലെ പാ​ഠപുസ്തകങ്ങളിൽ 98 ശതമാനവും സ്കൂളുകളിൽ എത്തിച്ചതായി മന്ത്രി സി.രവീന്ദ്രനാഥ്. 20നു മുൻപ് വിതരണം പൂർത്തിയാക്കും. തമിഴ്, കന്നഡ തുടങ്ങിയ ന്യൂനപക്ഷ ഭാഷാ പുസ്തകങ്ങൾ മാത്രമാണ് ഇനി എത്തിക്കാനുള്ളതെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.

തലസ്ഥാനം ഉൾപ്പെടെ എല്ലാ ജില്ലകളിലും പാഠപുസ്തക വിതരണം ആരംഭിച്ചതായി ജില്ലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഏഴാം ക്ലാസ് പുസ്തകങ്ങളുടെ അച്ചടി കൊച്ചിയിലെ കേരള ബുക്സ് ആൻ‍‍‍ഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ പൂ‍ർത്തിയായിട്ടില്ല. ഈ പുസ്തകങ്ങളുടെ വലുപ്പവ്യത്യാസമാണു കാരണം. ഇത് അവസാനത്തേക്കു മാറ്റിവച്ചിരിക്കുകയാണ്.

വിതരണച്ചുമതലയുള്ള അധ്യാപകരിൽ പലരും അവധിക്കാല പരിശീലന കോഴ്സുകളിലായത് പാലക്കാട് പോലുള്ള ചില ജില്ലകളിലെ വിതരണത്തെ ബാധിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലേക്കുള്ള വിതരണം 22നു തുടങ്ങും.

പത്തനംതിട്ട ജില്ലയിൽ ഒൻപത് ഉപജില്ലകളിലെ വിതരണം പൂർത്തിയായി. രണ്ട് ഉപജില്ലകളിലെ സ്കൂളുകളിൽ ഇന്ന് വൈകിട്ടോടെ പുസ്തകം എത്തിക്കും. ആലപ്പുഴ ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിലേക്കുള്ള 13 ലക്ഷത്തോളം പുസ്തകങ്ങൾ വിതരണം ചെയ്തു. പുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നതിൽ വീഴ്ചവരുത്തിയ ചില സ്കൂളുകളിൽ സംസ്കൃതം, അറബി പുസ്തകങ്ങൾ വിതരണം ചെയ്യുന്നതിൽ മാത്രമാണ് കാലതാമസം ഉണ്ടായത്.

കോട്ടയത്ത് ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ പുസ്തകങ്ങളും സ്കൂളുകളിൽ എത്തും. ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ക്ലാസിലെ പാഠപുസ്തകങ്ങളിൽ 80% സ്കൂളുകളിൽ എത്തിച്ചതായി ഡിഡിഇ എ. അബൂബക്കർ അറിയിച്ചു. 25നകം എല്ലാവർക്കും നൽകും. തമിഴ് മീഡിയം സ്കൂളുകളിലെ പുസ്തകങ്ങളുടെ അച്ചടി വൈകിയത് ഇടുക്കിയിൽ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം ജില്ലയിലെ ഹൈസ്കൂളുകളിൽ പാഠപുസ്തക വിതരണം പൂർത്തിയായി. യുപി സ്കൂളുകളിൽ 75 ശതമാനവും നൽകി. ചെറിയ ക്ലാസുകളിലേത് വൈകാതെയെത്തും. തൃശൂർ ജില്ലയിൽ ഹൈസ്കൂൾ ക്ലാസിലെ 70% പുസ്തകങ്ങളും ലഭ്യമായതായി ഡിഡിഇ അറിയിച്ചു. അഞ്ചു ദിവസത്തിനുള്ളിൽ ബാക്കി എത്തിക്കും. 20ന് അകം വിതരണം തീർക്കും.

പാലക്കാട് ജില്ലയിൽ പാഠപുസ്തകവിതരണം പൂർണതോതിൽ ആരംഭിച്ചിട്ടില്ല. രണ്ടാം ഘട്ടം പുസ്തകങ്ങൾ ഇന്നലെയാണ് എത്തിച്ചേർന്നത്. മലപ്പുറം ജില്ലയിൽ ഹൈസ്കൂൾ ക്ലാസുകളിലെ ഒന്നാം വോള്യം പുസ്തകങ്ങൾ സ്കൂൾ ക്ലസ്റ്റർ സൊസൈറ്റികൾക്ക് വിതരണം ചെയ്തുകഴിഞ്ഞു. ചില സ്കൂളുകളിൽ വിതരണം തുടങ്ങിയിട്ടുണ്ട്. പ്രൈമറി ക്ലാസുകളിലെ ചില പുസ്തകങ്ങൾ കൂടി എത്താനുണ്ട്.

കോഴിക്കോട് ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ വിതരണം പൂർത്തിയായതായി ടെക്സ്റ്റ് ബുക്ക് ഡിപ്പോ അധികൃതർ അറിയിച്ചു. ഒന്നു മുതൽ ഏഴുവരെയുള്ള ക്ലാസുകളിൽ അറബിക്, ഉറുദു, സംസ്കൃതം പുസ്തകങ്ങൾ കിട്ടാനുണ്ട്. എട്ടാം ക്ലാസിലെ പുസ്തകം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലികളാണ് നടക്കുന്നത്. കണ്ണൂരിൽ 75% വിതരണം തീർന്നു. ബാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.

കാസർകോട് ജില്ലയിൽ പത്താം ക്ലാസിലെ കന്നഡ മീഡിയം ബയോളജി, ഐടി, സോഷ്യൽ സ്റ്റഡീസ് പാഠപുസ്തകങ്ങൾ കിട്ടാനുണ്ട്. മറ്റു പാഠപുസ്തകങ്ങളെല്ലാം സ്കൂൾ സഹകരണസംഘങ്ങൾ മുഖേന എത്തിക്കാനുള്ള നടപടികൾ തുടങ്ങി.