Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഇന്നു മുതൽ

text-book

നെന്മാറ∙ പാഠപുസ്തക വിതരണം വൈകുന്നെന്ന പഴി ഇനി പഴംകഥ. അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകത്തിന്റെ ആദ്യഭാഗം ഇന്നു മുതൽ വിതരണം ചെയ്തു ചരിത്രം സൃഷ്ടിക്കുകയാണു വിദ്യാഭ്യാസ വകുപ്പ്. മൂന്നു ഭാഗങ്ങളായാണ് അടുത്ത പാഠ്യവർഷത്തിലെ പുസ്തകങ്ങളും ലഭിക്കുക. സ്കൂളുകളിൽ നിന്നു നവംബറിൽ തന്നെ ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ഓൺലൈനായി ശേഖരിച്ചിരുന്നു. സ്കൂൾ തുറക്കുമ്പോഴേക്കും എല്ലാ വിദ്യാർഥികൾക്കും പുസ്തകമെത്തിച്ചെന്ന് ഉറപ്പാക്കും. പാഠപുസ്തക അച്ചടിച്ചുമതലയുള്ള കൊച്ചിയിലെ കെബിപിഎസ് (കേരള ബുക്സ് അൻഡ് പബ്ലിക്കേഷൻ സൊസൈറ്റി) തന്നെ നേരിട്ടു വിതരണവും നടത്തും.

അതേസമയം, വളരെ നേരത്തെയുള്ള വിതരണം തങ്ങൾക്കു ബാധ്യതയാകുമെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലേക്കു പുസ്തകം സൗജന്യമാണെങ്കിലും ഒൻപത്, 10 ക്ലാസുകളിലേതിനു വില നൽകണം. അടുത്ത വർഷത്തെ കുട്ടികളുടെ ഏകദേശ കണക്കു മാത്രമാണ് സ്കൂൾ അധികൃതർ ഇപ്പോൾ നൽകിയിട്ടുള്ളത്.

അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ മേയ് രണ്ടിനു ഫലം പ്രസിദ്ധീകരിച്ച ശേഷമേ വില നൽകി വാങ്ങാൻ മിക്ക കുട്ടികളും തയാറാകൂ. അതുവരെ സൂക്ഷിക്കേണ്ടിവരുന്നത് സ്കൂളുകൾക്കു ബാധ്യതയാകും. വിതരണം ചെയ്യുന്ന പുസ്തകങ്ങൾ ജൂൺവരെ സൂക്ഷിക്കാൻ വിദ്യാർഥികളും ജാഗ്രത പാലിക്കേണ്ടതുണ്ട്. 70 ശതമാനത്തോളം അച്ചടി പൂർത്തിയായെന്നും ഫെബ്രുവരിയിൽ വിതരണം പൂർത്തിയാക്കുമെന്നും വിതരണച്ചുമതലയുള്ള കെബിപിഎസ് ഉദ്യോഗസ്ഥൻ ഷമീർ അറിയിച്ചു.