Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലുചക്ര വാഹനമുണ്ടായിരിക്കെ മുൻഗണനാറേഷൻ വാങ്ങിയവർ 37,429

ration

കൊച്ചി ∙ സംസ്ഥാനത്ത് 40 ലക്ഷത്തോളം പേർ തെറ്റായ വിവരം നൽകി റേഷൻ കാർഡ് സ്വന്തമാക്കി. ഇതിൽ അനർഹമായി റേഷൻ മുൻഗണനാപട്ടികയിൽ കയറിപ്പറ്റിയത് 37,429 പേർ. ഭക്ഷ്യവകുപ്പിന്റെ കണ്ടെത്തലാണിത്. നാലു ചക്രവാഹനമുള്ളവരുടെ കണക്ക് മോട്ടോർ വാഹനവകുപ്പ് ലഭ്യമാക്കിയപ്പോഴാണ്, ഗുരുതര ക്രമക്കേടു വെളിപ്പെട്ടത്.

കാർഡിനായി വിവരശേഖരണം നടത്തിയപ്പോൾ നാലുചക്രവാഹനമുണ്ടെന്ന് അറിയിച്ചത് 9.25 ലക്ഷം പേരാണ്. എന്നാൽ മോട്ടോർ വാഹനവകുപ്പ് നൽകിയ കണക്കുമായി ഒത്തുനോക്കിയപ്പോൾ, റേഷൻ കാർഡുള്ള 49 ലക്ഷം പേർക്ക് നാലു ചക്രവാഹനമുണ്ട്. നാലുചക്രവാഹനമുണ്ടെങ്കിൽ റേഷൻ മുൻഗണനാപട്ടികയിൽ ഉൾപ്പെടാൻ അർഹതയില്ല. വാഹനമില്ലെന്നു വിവരം നൽകി മുൻഗണന നേടിയവർ 37,429 പേരാണ്. ഇതിൽ 4342 പേർ അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിൽപെടുന്നവരാണ്.

കാർഡിനുവേണ്ടിയുള്ള വിവരശേഖരണം മൂന്നുവർഷം മുൻപാണു തുടങ്ങിയത്. അന്ന് നാലു ചക്രവാഹനം ഇല്ലാതിരുന്ന ചിലരും ഈ ലിസ്റ്റിൽ പെട്ടിരിക്കാം. ഏറ്റവുമധികം അനർഹർ മുൻഗണനാപട്ടികയിലെത്തിയത് തൃശൂർ ജില്ലയിലാണ് (5501); കുറവ് വയനാട്ടിലും (907). കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിശദപരിശോധന നടത്തും. 1000 ചതുരശ്രയടിയിലധികം വിസ്തീർണമുള്ള വീടിനു നികുതിയടയ്ക്കുന്നവരുടെ കണക്ക് തദ്ദേശസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർ മുൻഗണനാപട്ടികയിലുണ്ടോ എന്നു കണ്ടെത്തുകയാണ് ഉദ്ദേശ്യം. ആകെ 80.18 ലക്ഷം റേഷൻ കാർഡുകളിൽ 79 ലക്ഷത്തിലധികം വിതരണം ചെയ്തു കഴിഞ്ഞപ്പോഴാണ് ഗുരുതരമായ ഈ കണ്ടെത്തലുകൾ. ഓരോ വിഭാഗത്തിനും ഓരോ നിറത്തിലാണ് കാർഡുകൾ. അനർഹരെ പുറത്താക്കി, അർഹരെ ഉൾപ്പെടുത്തുമ്പോൾ കവർ മാറ്റേണ്ടിവരും. ഇതോടെ കാർഡ് വിതരണം താളംതെറ്റും.

എസ്എംഎസ് വരും, പിന്നെ നടപടി

അനർഹമായി മുൻഗണനാപട്ടികയിൽ കയറിപ്പറ്റിയവർ സ്വയം ഒഴിവാകാൻ ആവശ്യപ്പെട്ട് ആദ്യം എസ്എംഎസ് അയയ്ക്കും. പിന്നാലെ കടുത്ത നടപടികളിലേക്കു കടക്കും. ഒരുവർഷമായി സൗജന്യനിരക്കിൽ കൈപ്പറ്റിയ റേഷൻ വിഹിതത്തിന്റെ തുക തിരിച്ചടപ്പിക്കുന്നതടക്കം ആലോചനയിലുണ്ട്.