Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടമുള്ള റേഷൻ കടയിലേക്ക് 16,634 പേർ മാറി

Ration Card

തിരുവനന്തപുരം∙ കാർഡ് ഉടമകൾക്ക് ഇഷ്ടമുള്ള റേഷൻകട തിരഞ്ഞെടുക്കാനുള്ള പോർട്ട് സംവിധാനത്തിലൂടെ ഇതിനോടകം കടമാറിയതു 16,634 പേർ. ഫെബ്രുവരിയിൽ രണ്ടുപേരായിരുന്നെങ്കിൽ മാർച്ചിൽ 5543 പേർ സ്വന്തം കട ഉപേക്ഷിച്ചു സൗകര്യപ്രദമായ കടകൾ തിരഞ്ഞെടുത്തു. ദൂരസ്ഥലങ്ങളിൽ താമസിക്കുന്നവരും നിലവിലെ കടയിലെ സേവനത്തിൽ അതൃപ്തിയുള്ളവരുമാണു കാർഡ് പോർട്ട് ചെയ്യുന്നതിൽ മുന്നിൽ. 

സംസ്ഥാനത്തെ 14,435 റേഷൻ കടകളിലും ഇ–പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) മെഷീൻ സ്ഥാപിക്കുന്നതോടെ പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കും. വയനാട്, കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണു മെഷീൻ സ്ഥാപിക്കൽ‍ ശേഷിക്കുന്നത്. ഇതു 31ന് അകം പൂർത്തിയാകും.

രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാൻ സൗകര്യമൊരുക്കുന്ന പോർട്ട് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും റേഷൻ കടകളിൽ മെഷീൻ സ്ഥാപിച്ചശേഷമേ ഇതു നടപ്പാക്കുകയുള്ളൂ. അതോടെ വിവിധ സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന സർക്കാർ, സ്വകാര്യ സ്ഥാപന ജീവനക്കാർക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും അവർ ജോലി ചെയ്യുന്ന പ്രദേശത്തെ കടകളിൽനിന്നു റേഷൻ സാധനങ്ങൾ വാങ്ങാനാകും.

ഇ–പോസ് മെഷീൻ സ്ഥാപിച്ച കടകളിലെ ഓരോ ദിവസത്തെയും വിതരണം ഉദ്യോഗസ്ഥർക്ക് അവരുടെ ഓഫിസിൽ ഇരുന്നു നിരീക്ഷിക്കാനാകും. ഈ മാസത്തെ കണക്ക് അനുസരിച്ച് 26 വരെ 25,47,262 കാർഡുടമകൾ റേഷൻ വാങ്ങി.

സിവിൽ സപ്ലൈസ് കോർപറേഷൻ നേരിട്ടാണു ഭക്ഷ്യധാന്യങ്ങൾ ഇപ്പോൾ റേഷൻ കടകളിൽ എത്തിക്കുന്നത്. അടുത്ത ഘട്ടത്തിൽ റേഷൻ സാധനങ്ങൾ കടകളിലേക്കു കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതിനു താൽപര്യപത്രം ക്ഷണിച്ചു. 

റേഷൻ സാധനങ്ങൾ സൂക്ഷിക്കാൻ വാടകയ്‌ക്കെടുത്ത സപ്ലൈകോയുടെ ഗോഡൗണുകളിൽ സിസിടിവി ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

റേഷൻകട മാറുന്നത് ലളിതം

കാർഡ് ഉടമകൾക്കു തങ്ങൾക്കു താൽപര്യമുള്ള കടയിൽ കാർഡ് ഹാജരാക്കി പോർട്ട് ചെയ്യാം. അവിടെ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ കാലതാമസം ഉണ്ടാകില്ല. ഓരോ കടയ്ക്കും മാസം ആവശ്യമുള്ളതിന്റെ ഒന്നരയിരട്ടി ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ട്. പോർട്ട് ചെയ്യുന്നവർക്ക് ഇതിൽനിന്നു ഭക്ഷ്യധാന്യം നൽകാം.