Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അർഹതയില്ലാതെ റേഷൻ: പണം തിരിച്ചടച്ചില്ലെങ്കിൽ ജയിൽ

LP-RATION-SHOP-4-col-B&W

തിരുവനന്തപുരം∙ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതി മറച്ചുവച്ചു സൗജന്യമായും കുറഞ്ഞ നിരക്കിലും റേഷൻ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയവരിൽ നിന്നു തുക തിരിച്ചുപിടിക്കുന്ന നടപടി ആരംഭിച്ചു. ഇതിനു തയാറാകാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ആറുമാസം വരെ തടവും പിഴയുമാണു ശിക്ഷ. മാർച്ച് മുതൽ വാങ്ങിയ റേഷന്റെ വിപണി വിലയാണ് ഇവർ ഒടുക്കേണ്ടത്. ഒരു കിലോഗ്രാം അരിക്ക് 29.81 രൂപയും ഗോതമ്പിന് 20.68 രൂപയുമാണിത്. ഒപ്പം, കാർഡ് ഹാജരാക്കി മുൻഗണനേതര വിഭാഗത്തിലേക്കു മാറ്റണം. 80.71 ലക്ഷം കാർഡ് ഉടമകളിൽ 10 ലക്ഷത്തിലേറെപ്പേർ അനർഹമായി ഇളവു കൈപ്പറ്റുന്നുണ്ടെന്നാണു ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടൽ.

മുൻഗണനാ വിഭാഗത്തിലെ 80,000 സർക്കാർ ജീവനക്കാരെ ഒഴിവാക്കിയിരുന്നു.  74 താലൂക്ക് സപ്ലൈ ഓഫിസർമാരും അനർഹരുടെ പട്ടിക തയാറാക്കുന്ന തിരക്കിലാണിപ്പോൾ. ഒരു ഓഫിസിൽ നിന്ന് ഈ മാസം കുറഞ്ഞത് 2500 പേർക്ക് നോട്ടിസ് നൽകണമെന്നാണു നിർദേശം. അനർഹരുടെ വിവരം നാട്ടുകാർ തന്നെ  ഫോണിലൂടെ നൽകുന്നുണ്ട്. 

പരിധി വിട്ട് റേഷൻ വാങ്ങിയവർ

സ്വകാര്യാവശ്യത്തിന് ഉപയോഗിക്കുന്ന നാലുചക്ര വാഹനം, 1000 ചതുരശ്ര അടി വീട്, ഒരേക്കറിൽ കൂടുതൽ ഭൂമി എന്നിവയുള്ളവർ മുൻഗണനാ വിഭാഗത്തിന്റെ പരിധിയിൽ വരില്ല. അഥവാ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കഴിഞ്ഞ ഡിസംബറിനകം കാർഡ് ഹാജരാക്കി സ്വയം ഒഴിവാകണമെന്നു നിർദേശിച്ചിരുന്നു. എന്നിട്ടും തയാറാകാത്തവരെയാണ് ഇപ്പോൾ പിടികൂടുന്നത്.