Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പടയൊരുക്കം ജാഥയുടെ ബാനർ ഒന്നിന് ‘പ്രതിഷേധക്കോട്ട’യായി പ്രദർശിപ്പിക്കും

Ramesh Chennithala

തിരുവനന്തപുരം∙ യുഡിഎഫിന്റെ പടയൊരുക്കം ജാഥയുടെ മുന്നോടിയായി നടന്ന ഒപ്പുശേഖരണയജ്ഞത്തിന്റെ ബാനർ ഫെബ്രുവരി ഒന്നിനു തിരുവനന്തപുരം മുതൽ കൊല്ലം വരെ ‘പ്രതിഷേധക്കോട്ട’യായി പ്രദർശിപ്പിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 1,08,43450 ആളുകളാണ് കേന്ദ്ര–സംസ്ഥാനസർക്കാരുകൾക്കെതിരെ അണിചേർന്ന് ഒപ്പിട്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ ഒപ്പുകൾ, ഏറ്റവും നീളമേറിയ ബാനർ എന്നീ രണ്ടു ലോകറെക്കോർഡുകളാണ് ഇതിലൂടെ യുഡിഎഫ് നേടിയെടുക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു.

സെക്രട്ടേറിയറ്റ് മുതൽ കൊല്ലം കലക്ടറേറ്റ് വരെ 70 കിലോമീറ്റർ ദേശീയപാതയുടെ ഇടതുവശം ചേർന്നാണ് ബാനർ പ്രദർശിപ്പിക്കുക. ബൂത്തുകളിൽ നിന്നു സമാഹരിച്ച ഒപ്പുകളുടെ ബാനറുകൾ കൂട്ടിക്കെട്ടി 50 മീറ്റർ നീളമുള്ളതു വീതമാക്കിയിട്ടുണ്ട്. വൈകിട്ട് നാലരയ്ക്ക് ബാനർ‍ എടുത്തു ചുരുൾ നിവർത്തും. കൃത്യം അഞ്ചുമണിക്കു ബാനറുകൾ കൂട്ടിച്ചേർക്കും. മൂന്നു മിനിറ്റായിരിക്കും ഇങ്ങനെ ഒരേസമയത്തു പ്രദർശിപ്പിക്കുക. തുടർന്നു വിവിധ കേന്ദ്രങ്ങളിൽ അഞ്ചരയ്ക്ക് യുഡിഎഫിന്റെ പൊതുയോഗങ്ങളും സംഘടിപ്പിക്കും.

ഓരോ കിലോമീറ്റർ ദൂരത്തിന്റെയും മേൽനോട്ടച്ചുമതല ഒരു യുഡിഎഫ് നേതാവിനായിരിക്കുമെന്ന് ഉപനേതാവ് എം.കെ.മുനീർ അറിയിച്ചു. യുഡിഎഫ് മണ്ഡലം കമ്മിറ്റി നേതാക്കൾക്കു പ്രത്യേക ചുമതല നൽകിയിട്ടുണ്ടെന്നു പടയൊരുക്കം ഉപസമിതിയുടെ കൺവീനർ വി.ഡി.സതീശൻ പറഞ്ഞു. യുഡിഎഫ് വിട്ട ജനതാദൾ(യു) നേതാക്കൾ ഇതിൽ ഒപ്പിട്ടുണ്ടെന്നതു ശരിയാണെങ്കിലും പ്രവർത്തകർ മുന്നണിക്കൊപ്പം തന്നെയാണെന്നു ചെന്നിത്തല പറഞ്ഞു. പല പ്രദേശങ്ങളിൽ അവർ യുഡിഎഫ് നേതൃത്വവുമായി ബന്ധപ്പെട്ടു മുന്നണിയിൽ തന്നെ തുടരുമെന്നു വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.