Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഡിഎഫ് ‘പടയൊരുക്കം’ ബാനർ പ്രദർശനം പ്രതിഷേധക്കോട്ടയായി

padayorukkam-exhibition-chennithala ഒപ്പിട്ടു പ്രതിഷേധമതിൽ: കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘പടയൊരുക്കം’ ജാഥയിൽ ശേഖരിച്ച 1.08 കോടി ഒപ്പുകളടങ്ങിയ ബാനറിന്റെ പ്രദർശനത്തിനു തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ തുടക്കമിട്ടപ്പോൾ. കൊല്ലം കലക്ടറേറ്റ് വരെ 70 കിലോമീറ്റർ ദൂരം യുഡിഎഫ് നേതാക്കളും പ്രവർത്തകരും മനുഷ്യമതിൽ തീർത്താണു ബാനർ പ്രദർശിപ്പിച്ചത്.

തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയിൽ ശേഖരിച്ച 1.08 കോടി ഒപ്പുകളുടെ പ്രദർശനവും സെക്രട്ടേറിയറ്റ് മുതൽ കൊല്ലം കലക്‌ടറേറ്റ് വരെ 70 കിലോമീറ്റർ യുഡിഎഫ് തീർത്ത മനുഷ്യക്കോട്ടയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധക്കോട്ടയായി. ഒപ്പുകളടങ്ങിയ ബാനർ പ്രദർശനം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന് അർഹമായതായി കെപിസിസി അറിയിച്ചു. 

നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകൾ, പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം, സംസ്ഥാനത്തെ രൂക്ഷമായ വിലക്കയറ്റം, ധന പ്രതിസന്ധി, ക്രമസമാധാനത്തകർച്ച, വികസന മുരടിപ്പ്, സാമൂഹിക പെൻഷനുകളുടെ നിഷേധം എന്നീ പ്രശ്‌നങ്ങൾ ഉയർത്തിയായിരുന്നു മനുഷ്യക്കോട്ട. 

padayorukkam-exhibition-oommen യുഡിഎഫ് പ്രതിഷേധക്കോട്ട കൊല്ലത്ത് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. കടവൂർ ശിവദാസൻ, സി.വി.പത്മരാജൻ, ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ജോണിനെല്ലൂർ, കെ.പി.എ.മജീദ്, കെ.സി.രാജൻ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ.

ദേശീയപാതയുടെ ഒരു വശത്തു വൈകിട്ട് അഞ്ചുമുതൽ മൂന്നു മിനിറ്റായിരുന്നു ബാനർ പ്രദർശിപ്പിച്ചത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. 

സെക്രട്ടേറിയറ്റിനു മുന്നിൽ എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, വി.എം.സുധീരൻ, യുഡിഎഫ് കൺവീനർ പി.പി.തങ്കച്ചൻ, മുസ്‌ലിംലീഗ് നേതാവ് ഡോ. എം.കെ.മുനീർ, ആർഎസ്പി നേതാവ് എ.എ.അസീസ്, കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, സിഎംപി നേതാവ് സി.പി.ജോൺ, ഫോർവേഡ് ബ്ലോക്ക് നേതാവ് റാം മോഹൻ, കെ.മുരളീധരൻ, വി.കെ.ഇബ്രാഹിംകുഞ്ഞ്, വി.ഡി.സതീശൻ, ബെന്നി ബഹനാൻ, തമ്പാനൂർ രവി, പാലോട് രവി, ഷാനിമോൾ ഉസ്മാൻ, നെയ്യാറ്റിൻകര സനൽ, വി.എസ്.ശിവകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്, കരകുളം കൃഷ്ണപിള്ള, കെ.പി.അനിൽകുമാർ, ടി.സിദ്ദീഖ്, ഇബ്രാഹിംകുട്ടി കല്ലാർ, സോളമൻ അലക്‌സ്, ബീമാപള്ളി റഷീദ് എന്നിവർ നേതൃത്വം നൽകി. 

പാളയത്തെ പൊതുസമ്മേളനത്തിൽ ഏഷ്യൻ ബുക് ഓഫ് റെക്കോർഡ്‌സ് ബ്യൂറോ അജ്യുഡിക്കേറ്റർ വിവേക് രാജ ലോകത്തെ ഏറ്റവും വലിയ ബാനർ, ഏറ്റവും വലിയ സിഗ്‌നേച്ചർ ക്യാംപെയ്ൻ എന്നീ ബഹുമതികൾ രമേശ് ചെന്നിത്തലയ്ക്കു കൈമാറി. 

കൊല്ലത്തു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ലീഗ് നേതാവ് കെ.പി.എ.മജീദ്, ജോണി നെല്ലൂർ, സി.വി.പത്മരാജൻ, പി.വി.മുഹമ്മദ്, വി.ടി.ബൽറാം, ബിന്ദു കൃഷ്ണ, കെ.സി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി. 

തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ 11 കേന്ദ്രങ്ങളിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. 43 കേന്ദ്രങ്ങളിലായി യുഡിഎഫ് എംഎൽഎമാർ, യുഡിഎഫിന്റെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ തുടങ്ങിയവർ ബാനർ പ്രദർശനത്തിനു നേതൃത്വം നൽകി.

related stories