Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.വി. അൻവറിന്റെ മിച്ചഭൂമി കണ്ടെത്തിയ ഡപ്യൂട്ടി കലക്ടർക്കു സ്ഥലംമാറ്റം

കോഴിക്കോട് ∙ പി.വി. അൻവർ എംഎൽഎയ്ക്കു മിച്ചഭൂമിയുണ്ടെന്നു കണ്ടെത്തുകയും നടപടിയുമായി മുന്നോട്ടു പോവുകയും ചെയ്ത ലാൻഡ് അക്വിസിഷൻ ഡപ്യൂട്ടി കലക്ടർ എൻ‍. കെ. ഏബ്രഹാമിനെ കണ്ണൂരിലേക്കു സ്ഥലം മാറ്റി. വിഷയത്തിൽ അൻവറിന് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്നു ചോദിക്കാനിരിക്കെയാണ് തിരക്കിട്ട് സ്ഥലം മാറ്റിയത്. ഭരണ സൗകര്യത്തിനായാണു സ്ഥലം മാറ്റുന്നതെന്നാണ് ഉത്തരവിലുള്ളത്.

താമരശേരി ലാൻഡ് ബോർഡ് ചെയർമാൻ കൂടിയായ ഏബ്രഹാം കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അൻവറിനു 18.5 ഏക്കർ മിച്ചഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട്, മലപ്പുറം കലക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ചാണ് മിച്ചഭൂമിയുണ്ടെന്നു കണ്ടെത്തിയത്. സംസ്ഥാന ലാൻഡ് ബോർഡിന്റെ നിർദേശത്തെത്തുടർന്നാണ് അൻവറിനു കൈവശം വയ്ക്കാവുന്നതിലും അധികം ഭൂമിയുണ്ടോ എന്ന് അന്വേഷിച്ചത്. അൻവറിനെതിരെ സീലിങ് കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു.

തുടർന്ന് അൻവറിന്റെ ആധാരം പരിശോധിക്കുകയും കേസിന്റെ ഡ്രാഫ്റ്റ് തയാറാക്കുകയും ചെയ്യുന്ന ഘട്ടമെത്തിയിരുന്നു. നേരത്തേ കോഴിക്കോട് ഡപ്യൂട്ടി കലക്ടറായിരുന്ന ഷാമിൻ സെബാസ്റ്റ്യനെയാണു പകരം നിയമിച്ചിരിക്കുന്നത്. ഷാമിന് താമരശ്ശേരി ലാൻഡ് ബോർഡ് ചെയർമാന്റെ ചുമതലയുമുണ്ടാകും.

related stories