Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫീസ് വാങ്ങി സ്വകാര്യ ട്യൂഷൻ: സർക്കാർ അധ്യാപകരെക്കുറിച്ച് അന്വേഷണം

Representative Image Representative Image

കണ്ണൂർ ∙ സ്വകാര്യ ട്യൂഷനെടുക്കുന്ന സര്‍ക്കാർ - എയ്ഡഡ് സ്‌കൂള്‍ അധ്യാപകർ സൂക്ഷിക്കുക. വിദ്യാഭ്യാസ ചട്ടത്തിനു വിരുദ്ധമായി ഫീസ് വാങ്ങി ട്യൂഷനെടുക്കുന്ന അധ്യാപകരെക്കുറിച്ചു വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. ബാലാവകാശ കമ്മിഷൻ നിർദേശത്തെത്തുടർന്നാണു നടപടി. അധ്യാപകരുടെ സ്വകാര്യ ടൂഷനെക്കുറിച്ചു സംസ്ഥാന ബാലവാകശ കമ്മിഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു വിശദീകരണം തേടിയിരുന്നു. തുടർന്നാണ് ഇത്തരം അധ്യാപകരെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരോട് ആവശ്യപ്പെട്ടത്.  

സ്കൂൾ സമയത്തിനു മുൻപും ശേഷവും സ്വകാര്യ ടൂഷനെടുക്കുന്ന അധ്യാപകർ സ്കൂളിൽ കാര്യക്ഷമമായി ജോലി ചെയ്യുന്നില്ലെന്ന പരാതി ലഭിച്ചതോടെയാണു ബാലവകാശ കമ്മിഷൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോടു വിശദീകരണം തേടിയത്. മികച്ച ശമ്പളം ലഭിക്കുന്ന അധ്യാപകർ പണത്തിനായി സ്വകാര്യ ട്യൂഷൻ എടുക്കുമ്പോൾ വിദ്യാർഥികളോടുള്ള കടമ നിറവേറ്റാകുന്നില്ലെന്നും പരാതിയിൽ പറയുന്നു. സർക്കാർ–എയ്ഡഡ് സ്കൂൾ അധ്യാപകർ ഫീസ് വാങ്ങി ട്യൂഷനെടുക്കുന്നത് കേരള വിദ്യാഭ്യാസ ചട്ടത്തിനെതിരാണ്. അതേസമയം സ്കൂളിലെ പ്രധാനാധ്യാപകന്റെ അനുവാദത്തോടെ ദിവസം രണ്ടുമണിക്കൂർ പരാമവധി നാലു വിദ്യാർഥികൾക്ക് സൗജന്യമായി ട്യഷനെടുക്കാമെന്നു നിയമമുണ്ട്.