Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശാലിന്റെ പത്രിക തള്ളിയ ആർകെ നഗർ റിട്ടേണിങ് ഓഫിസറെ നീക്കി

Vishal

ചെന്നൈ ∙ തമിഴ്നാട്ടിൽ ഉപതിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ആർകെ നഗറിലെ റിട്ടേണിങ് ഓഫിസർ കെ. വേലുസാമിക്കു സ്ഥലംമാറ്റം. പ്രവീൺ പി. നായരാണ് ഇദ്ദേഹത്തിന് പകരമെത്തുന്ന പുതിയ റിട്ടേണിങ് ഓഫിസർ. മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കുന്ന നടൻ വിശാലിന്റെ പത്രിക സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കു പിന്നാലെയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമാണ് ആര്‍കെ നഗർ. ഡിസംബര്‍ 17നാണ് ഉപതിരഞ്ഞെടുപ്പ്. 24നാണ് വോട്ടെണ്ണൽ.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ നടൻ വിശാലിന്റെ നാമനിർദേശ പത്രിക നാടകീയ നീക്കങ്ങൾക്കൊടുവിൽ തള്ളിയത് വിവാദമായിരുന്നു. 10 വോട്ടർമാർ പിന്താങ്ങണമെന്ന വ്യവസ്ഥയനുസരിച്ചു വിശാൽ ഹാജരാക്കിയ രേഖകളിൽ രണ്ടു പേരുടെ ഒപ്പ് വ്യാജമാണെന്നായിരുന്നു ആരോപണം. സുമതി, ദീപൻ എന്നിവർ നേരിട്ടു ഹാജരായി ഇത് തങ്ങളുടെ ഒപ്പല്ലെന്നു സാക്ഷ്യപ്പെടുത്തിയതോടെ വരണാധികാരി പത്രിക തള്ളുകയായിരുന്നു.

എന്നാൽ അണ്ണാ ഡിഎംകെ നേതാക്കൾ തങ്ങളെ ഭീഷണിപ്പെടുത്തിയാണ് ഇങ്ങനെ പറയിച്ചതെന്നു സുമതിയും ദീപനും വ്യക്തമാക്കുന്ന വിഡിയോ ദൃശ്യവുമായി വിശാൽ രംഗത്തെത്തിയതോടെ വിവാദം കനത്തു. ഈ തെളിവ് കൂടി പരിഗണിക്കുമെന്നു വരണാധികാരി അറിയിച്ചെങ്കിലും രാത്രി 11 മണിയോടെ പത്രിക തള്ളിയതായി അറിയിച്ചു. പത്രിക തള്ളുന്നതായ ആദ്യ തീരുമാനമെത്തിയപ്പോൾ വിശാലും അൻപതോളം അനുയായികളും റോഡ് ഉപരോധിച്ചിരുന്നു.

രേഖകൾ അപൂർണമാണെന്നു ചൂണ്ടിക്കാട്ടി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ പത്രികയും തള്ളിയിരുന്നു. സൂക്ഷ്മ പരിശോധനയ്ക്കിടെ പത്രിക തള്ളണമെന്ന് അണ്ണാ ഡിഎംകെ, ഡിഎംകെ പ്രതിനിധികൾ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്. ഇതോടെ, അണ്ണാ ഡിഎംകെ സർക്കാരിലെ ഉന്നതർ വിളിച്ചു പത്രിക നൽകരുതെന്നു പറഞ്ഞിരുന്നെന്ന ആരോപണവുമായി ദീപ ജയകുമാറും രംഗത്തെത്തി. വിവാദ പരമ്പരയ്ക്കു പിന്നാലെയാണ് വേലുസാമിയെ സ്ഥലംമാറ്റിയത്.