Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമനില്‍ ആഭ്യന്തര പ്രതിസന്ധി; സർക്കാർ മന്ദിരങ്ങൾ വിഘടനവാദികൾ പിടിച്ചെടുത്തു

yemen വിഘടനവാദികളുടെ പോരാളികൾ ഏദനിൽ

ഏഡൻ∙ ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ യെമനിലെ ഏഡനിൽ വിഘടനവാദികൾ സർ‌ക്കാർ മന്ദിരങ്ങൾ പിടിച്ചെടുത്തു. ഇവിടെ പ്രസിഡന്റ് അബ്ദുറബ് മൻസൂർ ഹാദിയുടെ സൈന്യവും വിഘടനവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. അക്രമ സംഭവങ്ങളിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നാണ് വിവരം. ഭരണം അട്ടിമറിക്കാനാണ് വിഘടനവാദികളുടെ ശ്രമമെന്നു പ്രധാനമന്ത്രി അഹമ്മദ് ബിൻ ദാഹർ ആരോപിച്ചു.

യെമനിലെ ഹാദി സർക്കാരിന്റെ താൽക്കാലിക കേന്ദ്രം ഏഡനാണ്. തലസ്ഥാന നഗരമായ സന ഹൂതി വിമതരുടെ നിയന്ത്രണത്തിലായതോടെയാണ് സർക്കാരിന്റെ പ്രവർത്തനം ഏഡനിലേക്കു മാറ്റിയത്. സംഘർഷം നിർത്താൻ ഞായറാഴ്ച വൈകിട്ടോടെ ഇരു വിഭാഗങ്ങളും ആഹ്വാനം ചെയ്തതിനാൽ പോരാട്ടത്തിന് നേരിയ അയവു വന്നിട്ടുണ്ട്.

ദക്ഷിണ, ഉത്തര യെമനുകൾ കൂട്ടിച്ചേർത്താണ് 1990ല്‍ യെമൻ രാഷ്ട്രം രൂപീകൃതമാകുന്നത്. എന്നാൽ പഴയ ദക്ഷി‌ണ യെമനു സ്വാതന്ത്ര്യം വേണമെന്നാണ് വിഘടനവാദികളുടെ ആവശ്യം. സർക്കാരിനെതിരെയുള്ള അഴിമതിയാരോപണവും ശക്തമായതോടെ മേഖലയിൽ സംഘർഷം കനക്കുകയായിരുന്നു. പ്രധാനമന്ത്രിയെയും മന്ത്രിസഭയെയും പുറത്താക്കാൻ വിഘടനവാദികൾ പ്രസിഡന്റിനു നൽകിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.