Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യെമനിൽ വധശിക്ഷ: മലയാളി യുവതിക്കായി വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു

nimisha-priya-yeman

കൊച്ചി ∙ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയ്ക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ. എംബസി മുഖേന പ്രശ്നം പരിശോധിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജോയ്സ് ജോർജ് എംപി നൽകിയ കത്തിനാണ് ഈ മറുപടി ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസും വിഷയത്തിൽ ഇടപെടും. വിഷയം നെന്മാറ എംഎൽഎ കെ. ബാബുവാണ് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. 

പാലക്കാട്  കൊല്ലങ്കോട്  സ്വദേശിയും നഴ്സുമായ നിമിഷപ്രിയയാണു സഹായം തേടുന്നത്. അവിടെ വധശിക്ഷയ്ക്കു  വിധിക്കപ്പെട്ടവരെ പാർപ്പിക്കുന്ന അൽബെയ്‌ദ ജയിലിലാണ് ഇവരിപ്പോൾ. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്ന് നിമിഷപ്രിയ കത്തിൽ പറയുന്നു.

യെമൻകാരനായ ഭർത്താവിനെ കൊലപ്പെടുത്തി വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ച കേസിലാണു യുവതി പിടിയിലായത്. ഭർത്താവ് തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് ഇവർ കത്തിൽ ആരോപിച്ചു. പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങൾക്ക് ഇരയായതായി കത്തിൽ പറയുന്നു. തോക്കു ചൂണ്ടി പല തവണ ഭീഷണിപ്പെടുത്തിയതായും പറയുന്നു. 

യെമനിൽ എത്തിയതു മുതൽ ജയിലിലായതുവരെയുള്ള കാര്യങ്ങൾ 12 പേജുള്ള കത്തിലുണ്ട്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014ൽ ആണു തലാലിന്റെ സഹായം നിമിഷപ്രിയ തേടുന്നത്. താൻ ഭാര്യയാണെന്നു തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷപ്രിയ ആരോപിക്കുന്നു. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തി. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. സ്വർണാഭരണങ്ങളും തട്ടിയെടുത്തു വിറ്റു. 

നിമിഷപ്രിയയുടെ മോചനത്തിനായി പണം നൽകാൻ മാരിബ് ആസ്ഥാനമായ എൻജിഒ ശ്രമിക്കുന്നുണ്ട്. എൻജിഒ വഴി നിമിഷപ്രിയയുടെ കത്ത് കേന്ദ്രമന്ത്രി വി.കെ. സിങ്ങിനു കൈമാറി. സർക്കാർ സഹായം കൂടിയുണ്ടെങ്കിൽ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണു നിമിഷപ്രിയയുടെ സുഹൃത്തുക്കൾ. കൊല്ലങ്കോട് തേക്കിൻചിറയിലെ വീട് അടച്ചുകിടക്കുകയാണ്. എറണാകുളത്തുള്ള അമ്മ തേക്കിൻചിറയിലെ വീട്ടിൽ ഇടയ്ക്കു വന്നുപോകാറുണ്ടെന്ന് ആ നാട്ടുകാർ പറഞ്ഞു.