Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുദ്ധക്കെടുതിയുടെ നേർക്കാഴ്ച; കണ്ണടച്ചു, അമാൽ എന്ന കണ്ണുനീർത്തുള്ളി

Amal-hussein അമാൽ ഹുസൈൻ

കയ്റോ∙ യെമനിലെ അറുതിയില്ലാ യുദ്ധയാതനകളുടെ നേർക്കാഴ്ചയായി മാറിയ 7 വയസ്സുകാരിയുടെ പട്ടിണിക്കോലം ന്യൂയോർക്ക് ടൈംസ് പത്രം കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചപ്പോൾ അതു കണ്ടു ഹൃദയം തകർന്ന വായനക്കാർ സഹായവാഗ്ദാനവുമായി എഴുതിച്ചോദിച്ചു: ആ കുഞ്ഞിന് ഇപ്പോൾ എങ്ങനെയുണ്ട്? 

അവൾ– അമാൽ ഹുസൈൻ– ഇപ്പോൾ ജീവിച്ചിരിപ്പില്ല.  വടക്കൻ യെമനിൽ, അഭയാർഥിക്യാംപിലെ ദുരിതക്കിടക്കയിൽ മരണവും കാത്തു കിടന്ന എല്ലുന്തിയ കുഞ്ഞുശരീരം നിശ്ചലമായി. ഹൃദയമുള്ളവർക്കാർക്കും കണ്ടുനി‍ൽക്കാൻ പ്രയാസമുള്ള ദൈന്യവുമായി അമാലിന്റെ കൊച്ചുകണ്ണുകൾ അടഞ്ഞ കാര്യം അമ്മ മറിയം അലിയാണു കണ്ണീരോടെ ലോകത്തെ അറിയിച്ചത്. 

പട്ടിണിയും രോഗവും മൂലം യെമനിൽ ഒരോ 10 മിനിറ്റിലും ഒരു കുഞ്ഞു മരിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ കണക്ക്. 18 ലക്ഷം കുട്ടികൾ പോഷകാഹാരമില്ലാതെ നരകിക്കുകയാണെന്നും യുനിസെഫ് മധ്യപൂർവദേശ മേധാവി ഗീർത് കാപ്പലേ‍ർ പറയുന്നു.