Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്‌ലാം ഹുസൈന് രണ്ടാം ജന്മമേകി കേരളം; കാഴ്ച കിട്ടി, ഇനി കൈകൾ വേണം

islam-hussein-dhikhra-hussein കാഴ്ച തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കിടുന്ന ഇസ്‍ലാം ഹുസൈൻ. മാതാവ് ദിക്ര ഹുസൈൻ സമീപം. ചിത്രം: മനോരമ

കൊച്ചി∙ മുട്ടിനു താഴെ മുറിച്ചുമാറ്റിയ കൈകൾ ഉയർത്തി ഇസ്‌ലാം ഹുസൈൻ നിഷ്കളങ്കമായി ചിരിച്ചു. മുന്നിൽ ഇരുന്നവരുടെ മുഖത്തെ പുഞ്ചിരി അവൻ കൺനിറയെ കണ്ടു. ഇടതുകണ്ണിലൂടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നു അവനെ സംബന്ധിച്ച് ആ കാഴ്ച. ആഭ്യന്തര കലാപം രൂക്ഷമായ യെമനിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇസ്‌ലാം ഹുസൈൻ എന്ന ഇരുപത്തിയൊന്നുകാരൻ.

ഡോക്ടറാവുന്നതു സ്വപ്നം കണ്ട ഇസ്‌ലാം ഹുസൈന്റെ കണ്ണുകൾ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ ബോംബ് സ്ഫോടനത്തിൽ പൊട്ടിത്തകർന്നു. പഴുപ്പുബാധിച്ച കൈകൾ മുറിച്ചുമാറ്റി. മധ്യ യെമനിലെ മലഞ്ചെരുവുകളിലെ പുരാതന ഗ്രാമമായ ടൈസിസിനു സമീപമുള്ള ഗ്രാമത്തിലാണ് ഇസ്‌ലാമിന്റെ വീട്. യുദ്ധഭൂമിയായ അവിടെ ഇസ്‌ലാമിനെ പോലെ മരിച്ചു ജീവിക്കുന്ന അറുന്നൂറിലേറെ യുവാക്കളുണ്ട്. പലർക്കും കൈകാലുകളില്ല, കാഴ്ചയില്ല, കേൾവിയില്ല...

ആ നരകജീവിതത്തിന് തന്റെ ശരീരം വിട്ടുകൊടുക്കാൻ ഇസ്‌ലാമും ബന്ധുക്കളും ഒരുക്കമല്ലായിരുന്നു. യെമനിലെ ആശുപത്രിയിൽ ചികിൽസയ്ക്കു പ്രവേശിപ്പിച്ചപ്പോൾ കാലുകൾ മുറിച്ചുമാറ്റാതെ മാർഗമില്ലെന്നു ഡോക്ടർമാർ വിധിച്ചു. ഇസ്‌ലാമിന്റെ പിതാവ് അതിന് ഒരുക്കമല്ലായിരുന്നു. ഈജിപ്തിലെ ആശുപത്രിയിൽ ചികിൽസിച്ചപ്പോൾ കാലുകൾ രക്ഷിക്കാനായി. പക്ഷേ, കൈകൾ മുറിച്ചുമാറ്റി.

വീണ്ടും പരീക്ഷണത്തിനായാണ് ഇസ്‌ലാമും കുടുംബവും കേരളത്തിൽ എത്തിയത്. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ കോർണിയൽ ട്രാൻസ്പ്ലാന്റ് ശസ്ത്രക്രിയയിലൂടെ ഒരു കണ്ണിന്റെ കാഴ്ച്ച 90 ശതമാനം തിരിച്ചുകിട്ടി. ഇടതുകണ്ണും ശരിയാക്കി. ഒഫ്താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ എസ്.പിള്ള, ഡോ. അനിൽ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

islam-hussein പിതാവ് അഹമ്മദ് മുഹമ്മദ്, മാതാവ് ദിക്ര ഹുസൈൻ, ഡോ. അനിൽ രാധാകൃഷ്ണൻ, ഡോ. ജിമ്മി മാത്യു, ഡോ. ഗോപാൽ എസ്.പിള്ള എന്നിവർക്കൊപ്പം ഇസ്‍ലാം ഹുസൈൻ. ചിത്രം: മനോരമ

‘മൂന്നുവർഷത്തിനിടയിൽ നാട്ടിൽ 500-600 ആളുകൾക്കു വീതം കൈകാലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ജീവൻ തിരിച്ചുകിട്ടിയതു ഭാഗ്യം.  എനിക്ക് ഇപ്പോൾ ലോകം കാണാൻ സാധിക്കുന്നുണ്ട്. ഇത് എന്റെ രണ്ടാം ജന്മമാണ്’– നിറകണ്ണുകളോടെ ഇ‌‌സ്‌ലാം പറഞ്ഞു. രണ്ടു വർഷം കൂടി ഇവിടെ താമസിച്ച് ഇസ്‌ലാമിന്റെ കൈകൾ തുന്നിച്ചേർക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധ്യാപകനായ പിതാവ് അഹമ്മദ് മുഹമ്മദും മാതാവ് ദിക്ര ഹുസൈനും.