Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണ്‍ X, ഇത് ഭാവിയുടെ അദ്ഭുത ഫോണ്‍, കൂരിരുട്ടിലും ഉണരും, പുറത്തേക്കൊഴുകും സ്ക്രീൻ!

iphone-launch

ഐഫോണ്‍ 8/8 പ്ലസ് ഫോണുകള്‍ അവതരിപ്പിച്ച ശേഷം തിരിച്ചെത്തിയ ആപ്പിള്‍ മേധാവി ടിം കുക്ക് ഊഹാപോഹങ്ങള്‍ ശരിവച്ചുകൊണ്ടു പറഞ്ഞു. ''മറ്റൊന്നു കൂടി''..''One More thing''. അതായത് ഐഫോണുകളിലെ സൂപ്പര്‍ സ്റ്റാര്‍ പിറക്കാന്‍ പോകുന്നു! നേരത്തെ തന്നെ പറയട്ടെ, ഊഹാപോഹങ്ങള്‍ പലതും ശരിവച്ചു കൊണ്ടാണ് ഫോണ്‍ എത്തിയത്. 

പുതിയ ഫോണിനെ കുറിച്ച് ആപ്പിള്‍ പറയുന്നത്, പത്തു കൊല്ലം മുൻപ് അവതരിപ്പിച്ച ആദ്യ ഐഫോണ്‍ ഇന്നു വരെയുള്ള ഫോണുകള്‍ക്ക് മാതൃകയായെങ്കില്‍ പുതിയ ഫോണ്‍ അടുത്ത പത്തു വര്‍ഷത്തെ ഫോണുകള്‍ക്കു മാതൃകയാകും എന്നാണ്. പുതിയ ഫോണ്‍ പുറത്തിറക്കിയതിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ സാങ്കേതിക വിദ്യയില്‍ തങ്ങള്‍ ഒരു വന്‍ കുതിപ്പു തന്നെ നടത്തിയിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെട്ടു.

പുതിയ ഫോണിനെ അടുത്തറിയാം:

∙ പേര്-എഴുതുന്നത് ഐഫോണ്‍ X. വായിക്കുന്നത് ഐഫോണ്‍ ടെന്‍.

∙ സ്‌ക്രീന്‍

കാര്യമായ വിളുമ്പില്ലാതെ സൃഷ്ടിച്ച 5.8 ഇഞ്ച് സ്‌ക്രീനിലാണ് പുതിയ ഫോണിന്റെ ജീവന്‍ തുടിക്കുന്നത്. സാംസങ് ഗ്യാലക്‌സി S8ലും മറ്റും പരിചയപ്പെട്ട രീതിയില്‍ തന്നെയാണ് ഐഫോണിന്റെയും സ്‌ക്രീന്‍. എന്നാല്‍ വിളുമ്പു കുറച്ചു നിര്‍മിച്ച ഫോണിന് ഐഫോണ്‍ 7നേക്കാള്‍ അധികം വലിപ്പം കൂടുതലില്ല എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം.

iphone-x-screen

ഈ സ്‌ക്രീനിനെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലെ എന്നാണ്. റെസലൂഷന്‍ 2436 x 1125 ആണ്. (458ppi) ഇത് ഇന്നു വരെ മറ്റൊരു ഐഫോണിനുമില്ലാത്തത്ര റെസലൂഷനാണ്. ഇത് ഓലെഡ് (OLED) സ്‌ക്രീന്‍ ആണ്. (ഉച്ചാരണം ഓലെഡ് എന്നാണ.്) സ്‌ക്രീന്‍ ഹൈ ഡൈനാമിക് റെയ്ഞ്ച് (HDR) സപ്പോര്‍ട്ടു ചെയ്യുന്നു എന്നത് സ്‌ക്രീനിന്റെ മികവ് വര്‍ധിപ്പിക്കും. ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത് ഏറ്റവും പുതിയ HDR 10 സാങ്കേതികവിദ്യയാണ്.

3D ടച്ച് അനുഭവിക്കാവുന്ന ഡിസ്‌പ്ലെ ഐപാഡിലെയും ഐഫോണ്‍ 8ലും ഉള്ളതു പോലെ ട്രൂടോണ്‍ ആണ്. വെള്ളവും പൊടിയും വികര്‍ഷിക്കാന്‍ ശേഷിയുള്ള ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൊണ്ടാണ്. ഈ വര്‍ഷമിറക്കിയ മറ്റു ഫോണുകളെ പോലെ ഐഫോണ്‍ X ഉം ഗ്ലാസ് ആവരണം അണിഞ്ഞിരിക്കുന്നു.

∙ ഫെയ്‌സ്‌ഐഡി

ഫോണ്‍ അണ്‍ലോക്കു ചെയ്യാന്‍ ആദ്യ ഐഫോണിന് സ്ലൈഡ് ടു അണ്‍ലോക് ആയിരുന്നെങ്കില്‍ ഐഫോണ്‍ 5s ടച്ച് ഐഡി ശീലിപ്പിച്ചു. ഐഫോണ്‍ X ആകട്ടെ ഫെയ്‌സ് ഐഡി അവതരിപ്പിച്ചു.

ഐഫോണ്‍ X ന്റെ പുതുമകളിലൊന്ന് അതിന്റെ ഫെയ്‌സ് ഐഡിയാണ്. കൈയ്യില്‍ എടുക്കുമ്പോള്‍ അല്ലെങ്കില്‍, സ്‌ക്രീനില്‍ സ്പര്‍ശമേല്‍ക്കുമ്പോള്‍ ഫോണ്‍ ഉണരും. എന്നാല്‍, അണ്‍ലോക് ചെയ്യണമെങ്കില്‍ ഉപയോക്താവിന്റെ മുഖത്തിനു നേരെ പിടിക്കണം. മുന്‍ ക്യാമറകളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഇന്‍ഫ്രാറെഡ് സെന്‍സര്‍, ഫ്‌ളഡ് ഇലൂമിനേറ്റര്‍, ഡോഡ് പ്രൊജക്ടര്‍ ഇവ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കും. ഫോണ്‍ അണ്‍ലോക് ചെയ്യാന്‍ ഫെയ്‌സ് ഐഡിയാണ് ഏറ്റവും ലളിതവും സ്വാഭാവികവുമായ മാര്‍ഗ്ഗമെന്നാണ് കമ്പനി പറയുന്നത്. തങ്ങള്‍ അവതരിപ്പച്ചതില്‍ വച്ച് ഏറ്റവും പുരോഗമിച്ച സാങ്കേതികവിദ്യയും ഇതാണ് എന്ന് ആപ്പിള്‍ പറയുന്നു.

face-id-iphone

മുമ്പിലുള്ളത് ഇരട്ട ക്യാമറകളാണ്. ഊഹാപോഹങ്ങള്‍ പറഞ്ഞതു പോലയല്ലാതെ ഇവയെ ട്രൂ ഡെപ്ത് ക്യാമറാ സിസ്റ്റം എന്നാണ് ആപ്പിള്‍ വിളിക്കുന്നത്. ഇരുളിലും ഫ്‌ളഡ് ഇലൂമിനേറ്ററുടെ സഹയാത്തോടെ ഉടമയെ ഫോണ്‍ തിരിച്ചറിയും. ടച്ച് ഐഡി മറ്റൊരാളുടെ വിരല്‍ രേഖകളിലൂടെ തുറക്കപ്പെടാനുള്ള സാധ്യത 50,000ല്‍ ഒന്ന് ആയിരുന്നെങ്കില്‍ ഫെയ്‌സ് ഐഡി കബളിപ്പിക്കപ്പെടാനുള്ള സാധ്യത പത്തു ലക്ഷത്തില്‍ ഒന്നാണ് എന്നാണ് ആപ്പിള്‍ പറയുന്നത്. ഉപയോക്താവിന്റെ മുഖം അത്രമേല്‍ ആഴത്തില്‍ പഠിച്ചാണ് ഫോണ്‍ ഇതു ചെയ്യുന്നത്. ഹെയര്‍സ്റ്റൈല്‍ മാറ്റിയാലോ, താടിവച്ചാലൊ തൊപ്പി വച്ചാലോ ഒന്നും ഉടമയെ ഫോണ്‍ തിരിച്ചറിയാതിരിക്കില്ല. കൂടാതെ ഉടമയുടെ ഫോട്ടോയൊ, പ്രത്യേകമായി സൃഷ്ടിച്ച മുഖംമൂടിയൊ ഉപയോഗിച്ചാലും ക്യാമറയെ കബളിപ്പിക്കാനും ആകില്ല! മുഖം ചെരിച്ചു പിടിച്ചാല്‍ ഫോണ്‍ അണ്‍ലോക് ചെയ്യാനാകില്ല.

ഫോണ്‍ അണ്‍ലോക് ചെയ്തു കഴിഞ്ഞാന്‍ താഴെ നിന്ന് മുകളിലേക്കു സൈ്വപ് ചെയ്താല്‍ സ്‌ക്രീനില്‍ എത്താം. ഇതെ സൈ്വപ്പിങ് രീതി തന്നെയാണ് മള്‍ട്ടി ടാസ്‌കിങിനും. ഓപ്പണ്‍ ചെയ്തിരിക്കുന്ന ആപ്പിനെയും ഇങ്ങനെ തോണ്ടിയെറിഞ്ഞ് ക്ലോസ് ചെയ്യാം. തോണ്ടിയ ശേഷം പോസ് ചെയ്താല്‍ തുറന്നിരിക്കുന്ന ആപ്പുകളെ കാണാം.

ഫെയ്‌സ് ഐഡി എന്റര്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്. കിട്ടുന്ന കമാന്‍ഡ് അനുസരിച്ച് മുഖം ചെരിച്ചും നിവര്‍ത്തിയുമെല്ലാം കൊടുത്താല്‍ മതി. പല വീക്ഷണ കോണില്‍ നിന്നുള്ള രൂപം പകര്‍ത്തി സൂക്ഷിക്കും. ഇങ്ങനെ സംഭരിക്കുന്ന സ്വകാര്യ ഡേറ്റ ഫോണില്‍ തന്നെ ആയിരിക്കും സൂക്ഷിക്കുന്നതെന്ന് ആപ്പിള്‍ ഊന്നി പറയുന്നുണ്ട്. A11 ബയോണിക് ചിപ് ന്യൂറല്‍ എൻജിന്‍ ആണ് ഫെയ്‌സ് ഐഡിയ്ക്കു പിന്നിലുള്ള പ്രവര്‍ത്തനങ്ങളെ ഏകീകരിക്കുന്നത്. 600 ബില്ല്യന്‍ പ്രവര്‍ത്തികള്‍ ഒരു സെക്കന്‍ഡില്‍ ചെയ്യാനുള്ള പ്രപ്തി പ്രത്യേക ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ഒന്നിക്കുമ്പോള്‍ കിട്ടുന്നു. ഫോണ്‍ തുറക്കാന്‍ മാത്രമല്ല, ആപ്പിള്‍ പേയ്ക്കും ഫെയ്‌സ് ഐഡി തന്നെ ഉപയോഗിക്കണം.

∙ മെസേജിങ്

ഐഫോണ്‍ Xന്റെ മറ്റൊരു പ്രത്യേകത മെസേജിങ് ആണ്. മുകളില്‍ പറഞ്ഞ മുന്‍ ക്യാമറ സാധ്യമാക്കുന്ന വികൃതിത്തരങ്ങളാണ് ഇതിനു പിന്നില്‍. ഇമോജികള്‍ സുപരിചിതമാണല്ലൊ. ആനിമോജികള്‍ (animated emojis) ആണ് ഇവിടെ താരം. മുന്‍ ക്യാമറ ഉടമയുടെ മുഖഭാവം അനുകരിച്ച് ഇമോജിക്കു ജീവന്‍ വയ്പ്പിക്കുന്നു. ഒരു വിഡിയോ ഫയല്‍ സെന്‍ഡു ചെയ്യുന്നതു പോലെ മെസേജ് സെന്‍ഡു ചെയ്യാം. ഇതു ലഭിക്കുന്നയാള്‍ക്ക് അയച്ചയാളുടെ വികാരം വായിച്ചെടുക്കാനാകും. ഇത് മെസേജിങ്ങിന് പുതു ജീവന്‍ നല്‍കും. ഇവയെല്ലാം ആപ്പിളിന്റെ എആര്‍കിറ്റിന്റെ ലീലകളാണ്. സ്‌നാപ് ചാറ്റുമൊന്നിച്ച് പൊയ്മുഖങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയും ആപ്പിള്‍ ആരാഞ്ഞിട്ടുണ്ട്. ആനിമോജി ഉപയോഗിക്കുന്നയാളുടെ വ്യക്തിത്തത്തില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കെല്‍പ്പുള്ള ഒന്നാണ്.

iphone-x-

∙ ക്യാമറ

തങ്ങള്‍ ആണ്ടോടാണ്ടു കൊണ്ടുവരുന്ന മാറ്റങ്ങളില്‍ ആളുകള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്നത് പുതിയ ക്യാമറയ്ക്ക് എന്തു ചെയ്യാനാകും എന്നതാണെന്ന് ആപ്പിള്‍ പറയുന്നു.

ഐഫോണ്‍ 8 പ്ലസിന്റെ ക്യാമറയേക്കാള്‍ വലിയ മാറ്റങ്ങള്‍ ഈ ഫോണിനും ഇല്ല. ഇരട്ട ക്യാമറയാണ് ഇരു ഫോണുകള്‍ക്കും. 12MP സെന്‍സറില്‍ തന്നെ നില്‍ക്കുന്നു. രണ്ടു ഫോണുകളുടെയും വൈഡ് ലെന്‍സിന് F/1.8 അപേര്‍ച്ചര്‍ ആണ്. ഐഫോണ്‍ Xന്റെ ടെലി ഫോട്ടോ ലെന്‍സിന് അപേര്‍ച്ചര്‍ F/2.4 ആണ്. കൂടാതെ ടെലീ ലെന്‍സിനും ഒപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്.

iphonex

ക്വാഡ് എല്‍ഇഡി ട്രൂടോണ്‍ ഫ്‌ളാഷ്, എച്ഡിആര്‍, വിശദാംശങ്ങള്‍ ഒപ്പിയെടുക്കുന്നതിലെ കഴിവ്, ലാഗില്ലാത്ത ഷട്ടര്‍ തുടങ്ങിയവയാണ് എടുത്തു പറയാനുള്ള മറ്റു കാര്യങ്ങള്‍. 

∙ പോട്രെയ്റ്റ് ലൈറ്റിങ്

സങ്കീര്‍ണ്ണമായ പ്രകാശ വിന്യാസത്തിലൂടെ കൊത്തിയെടുക്കുന്നതാണ് പോര്‍ട്രെയ്റ്റുകള്‍ എന്നും ഐഫോണ്‍ ക്യാമറയുടെ പോര്‍ട്രെയ്റ്റ് മോഡിന് തനതായ രീതിയില്‍ പ്രകാശ ക്രമീകരണം നടത്താനുള്ള കഴിവുണ്ടെന്നും ആപ്പിള്‍ പറയുന്നു. ഫില്‍റ്ററുകളല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഫോട്ടോ എടുത്ത ശേഷം ഫോട്ടോ ആപ്പിലെത്തിയും ഫില്‍റ്ററുകള്‍ മാറ്റി പ്രകാശത്തെ ക്രമീകരിക്കാം. ഐഫോണ്‍ ഫൊട്ടോഗ്രഫിയില്‍ കൊണ്ടുവരുന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണിത്. ഐഫോണ്‍ X ന്റെ മുന്‍ക്യാമറകള്‍ക്കും ഈ ശേഷിയുണ്ട്. സെല്‍ഫി എടുക്കുന്നത് മറ്റൊരു തലത്തിലേക്ക് ഇതുയര്‍ത്തുമെന്ന് ആപ്പിള്‍ പറയുന്നു. 

∙ എആർ കിറ്റ് ( ARkit)

ഐഫോണുകളുടെ പുതുമ എആര്‍കിറ്റില്‍ പ്രകടമാണ്. ഗെയ്മിങ്ങിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കഴിവ് എടുത്തു കാണിച്ചത്. ഇത്തരം ഗെയ്മുകള്‍ കളിക്കുമ്പോള്‍ കളിക്കുന്നയാള്‍ മാറി നിന്നു കളിക്കുകയല്ല മറിച്ച് കളിയില്‍ ഉള്‍പ്പെട്ടു പോകും എന്നാണ് കമ്പനി പറയുന്നത്. കൂടുതല്‍ നിമഗ്നമായ അനുഭവമായിരിക്കും ലഭിക്കുക. 

∙ പ്രോസസര്‍

ഈ വര്‍ഷത്തെ മറ്റു ഐഫോണുകളെ പോലെ 64-ബിറ്റ് A11 ബയോണിക് ചിപ് ആണ് ഐഫോണ്‍ Xനും ശക്തി പകരുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ പ്രോസസറിനെക്കാളേറെ ശക്തിയുണ്ട് ആറു കോറുകളുള്ള പ്രോസസറിന്. വേണ്ട അവസരങ്ങളില്‍ ഇവ ആറും ഒരുമിച്ചു പ്രവര്‍ത്തിക്കും. പ്രത്യേകമായി നിര്‍മിച്ച ഗ്രാഫിക് പ്രോസസറും ഉണ്ട്. 

∙ ബാറ്ററി

പുതിയ പ്രോസസര്‍ ബാറ്ററി ഉപയോഗിക്കുന്നതില്‍ പിശുക്കു കാണിക്കുന്നു. ഐഫോണ്‍ 7നേക്കാള്‍ നിരവധി വേലകള്‍ കാണിക്കാനാകുമെങ്കിലും പഴയ ഫോണിനേക്കാള്‍ രണ്ടു മണിക്കൂര്‍ അധികം ബാറ്ററി കിട്ടുമത്രെ. 

∙ വയര്‍ലെസ് ചാര്‍ജിങ്

ഗ്ലാസ് പിന്‍ഭാഗമുള്ള ഈ വര്‍ഷത്തെ എല്ലാ ഐഫോണുകള്‍ക്കും വയര്‍ലെസ് ചാര്‍ജിങ് ഉണ്ട്. ചാര്‍ജിങ് മാറ്റില്‍ വെറുതെ കിടത്തിയാല്‍ മതി ചാര്‍ജാകും. ഇവിടെ ഒരു ചെറിയ അദ്ഭുതം സംഭവിച്ചിരിക്കുന്നു. സാധാരണ ഗതിയില്‍ സ്വന്തം സ്‌പെസിഫിക്കേഷനില്‍ ചാര്‍ജറുകള്‍ സൃഷ്ടിക്കുന്ന ആപ്പിള്‍ വയര്‍ലെസ് ചാര്‍ജിങ്ങില്‍ നിലവിലുള്ള Qi രീതിയിലാണ് പുതിയ ഫോണുകളുടെ ചാര്‍ജിങ്. ഇത് സാധാരണമാണ്. ഇത്തരം ചാര്‍ജറുകള്‍ ഉപയോഗിക്കുന്നവര്‍ പുതിയ ഐഫോണ്‍ വാങ്ങുന്നുണ്ടെങ്കല്‍ ഒരു പക്ഷെ വേറെ ചാര്‍ജര്‍ വാങ്ങേണ്ടി വന്നേക്കില്ല. Qi സ്റ്റാന്‍ഡര്‍ഡില്‍ ആപ്പിളും സ്വന്തം ചാര്‍ജിങ് മാറ്റ് നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ ഐഫോണും, ആപ്പിള്‍ വാച്ച് 3യും എയര്‍പോഡും ഒരുമിച്ചു ചാര്‍ജ് ചെയ്യാം.

wireless-charger

∙ കണ്ട്രോള്‍ സെന്റര്‍

സ്‌ക്രീനിന്റെ മുകളില്‍ നിന്ന് താഴേക്കു സ്വൈപ് ചെയ്യുമ്പോളാണ് കണ്ട്രോള്‍ സെന്റര്‍ പ്രത്യക്ഷപ്പെടുന്നത്. ഏറ്റവും പുതിയ വയര്‍ലെസ് സാങ്കേതികവിദ്യയും പുതിയ ഫോണില്‍ ഉണ്ട്.

∙ വില

64GB മോഡലിന് 999 ഡോളറാണ് വില. 256GB സംഭരണ ശേഷി വേണമെങ്കില്‍ 100 ഡോളര്‍ അധികം നല്‍കണം.

iphone-x-1

∙ എന്നു മാര്‍ക്കറ്റില്‍ എത്തും?

ഫോണ്‍ എത്താന്‍ വൈകുമെന്ന ഊഹാപോഹവും ശരിയായിരുന്നു. ഒക്ടോബര്‍ 27നു മാത്രമെ പ്രീ ഓര്‍ഡര്‍ സ്വീകരിക്കൂ. നവംബര്‍ 3ന് ഷിപ്പിങ് തുടങ്ങും. എന്നാല്‍ ഇത് ഏതു രാജ്യങ്ങളിലൊക്കെ ലഭ്യമാണെന്നും പറഞ്ഞിട്ടില്ലാത്തതിനാല്‍ അധികം യൂണിറ്റുകള്‍ ഇപ്പോള്‍ വില്‍പ്പനയ്ക്ക് റെഡിയല്ലെ‌ന്നും വരാം.

∙ ഭാവി? 

അടുത്ത പത്തു വര്‍ഷം സ്മാര്‍ട്ട്‌ഫോണില്‍ വരാന്‍പോകുന്ന മാറ്റം ഈ ഫോണില്‍ വായിച്ചെടുക്കാന്‍ സാധിക്കുമോ? നിര്‍മാണത്തികവിലും മറ്റും മികവു പ്രകടമാണെങ്കിലും സമൂലമായൊരു മാറ്റമൊന്നും  പ്രഥമദൃഷ്ട്യാ കാണാനായിട്ടില്ലെന്നു വേണം പറയാന്‍.

∙ ഐഫോൺ X ഇന്ത്യയിൽ

ഐഫോൺ Xന്റെ മുൻകൂർ ബുക്കിങ് ഇന്ത്യ ഉൾപ്പടെയുള്ള 55 രാജ്യങ്ങളിൽ ഒക്ടോബർ 27 ന് തുടങ്ങും. നവംബർ മൂന്നിനാണ് വിപണിയിലെത്തുന്നത്. 64 ജിബി, 256 ജിബി എന്നീ രണ്ടു വേരിയന്റുകളിലായാണ് എത്തുന്നത്. ഐഫോൺ X 64 ജിബി മോഡലിന് 89,000 രൂപയും 256 ജിബി വേരിയന്റ് വില 1,02,000 രൂപയുമായിരിക്കും ഇന്ത്യയിലെ വില.