Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിലെ കൃഷിയിടത്തില്‍ കൂറ്റൻ കാൽപ്പാട്; പേടിപ്പിക്കുന്ന നിശ്വാസം; വീട്ടിലൊളിച്ച് ഗ്രാമവാസികൾ!

footprint-

എന്താണ് കുറച്ചുനാളുകളായി തങ്ങളുടെ ഗ്രാമത്തിൽ സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് കർണാടകയിലെ ഗഡഗ് ജില്ലയിലെ ആന്തൂരിലുള്ളവർ. സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാൻ പോലും തയാറാകാതെ വീടിനകത്ത് അടച്ചുപൂട്ടിയിരിക്കുന്നു. മുതിർന്നവർക്ക് ഭയമുണ്ടെങ്കിലും മുഴുവൻ സമയ പട്രോളിങ്ങിന് പൊലീസും വനപാലകരും ഉള്ളതിനാൽ അൽപം ധൈര്യമുണ്ട്. മാത്രവുമല്ല ഗ്രാമത്തെ ബാധിച്ചിരിക്കുന്ന പ്രശ്നത്തിന്റെ കാരണക്കാരനെ ഉടൻ കണ്ടെത്തേണ്ടതുമുണ്ട്. അല്ലെങ്കിൽ ഉപജീവനമാർഗമായ കൃഷി പോലും കഷ്ടത്തിലാകും. 

ആന്തൂരിലെ ഒരു കൃഷിയിടത്തിൽ കണ്ടെത്തിയ ഭീമൻ കാൽപ്പാടുകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഒപ്പം പാതിരാത്രിയിൽ പലരും പേടിപ്പെടുത്തുന്ന കനത്ത നിശ്വാസങ്ങളും ചുറ്റിൽ നിന്നും കേൾക്കുന്നതായി പരാതിപ്പെടുന്നു. പക്ഷേ പരിസരത്തെങ്ങും ആരെയും കാണാനുമില്ല. 

ജൂലൈ ഒൻപതിന് ഞായറാഴ്ച രാവിലെയാണ് ആന്തൂരിലെ കൃഷിയിടങ്ങളിലൊന്നിൽ വമ്പൻ കാൽപ്പാടുകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിന്റെ തൊട്ടുതലേന്നു രാത്രിയിൽ പ്രദേശത്തു നിന്ന് അസാധാരണമാം വിധം നായ്ക്കളുടെ കുര കേട്ടിരുന്നു. ഒപ്പം കിതപ്പുശബ്ദവും. ഈ ഭീതിയിൽ നിൽക്കുമ്പോഴാണ് പിറ്റേന്ന് അസാധാരണമായ കാൽപ്പാടുകൾ പ്രത്യക്ഷപ്പെടുന്നത്. അതും നാലുകിലോമീറ്ററോളം നീളത്തിൽ തൊട്ടടുത്ത ഗ്രാമം വരെയെത്തിയിരുന്നു. ഒരടിയോളം വീതിയും ആറ് ഇഞ്ചോളം ആഴത്തിലുമായിരുന്നു കൃഷിയിടത്തിലെ പാടുകൾ. 

ഉടൻ തന്നെ ഇക്കാര്യം വനപാലകരെ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിനോടകം സംഭവത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഒട്ടേറെപ്പേർ വന്നതിനാൽ അടയാളങ്ങളിലേറെയും നഷ്ടപ്പെട്ടിരുന്നു. പക്ഷേ നിലമുഴുതിട്ടതു പോലെയുള്ള കാഴ്ച വനപാലകർക്കും പൊലീസിനും മുന്നിൽ ചോദ്യചിഹ്നമായി കിടന്നു. കാട്ടുപന്നി കുഴിച്ചതാകാമെന്നും അല്ലെങ്കിൽ പരുക്കേറ്റ കന്നുകാലികൾ നടന്നപ്പോൾ ഉണ്ടായതാകാമെന്നുമായിരുന്നു അധികൃതരുടെ നിഗമനം. എന്നാൽ അതിന് യാതൊരു സാധ്യതയുമില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. 

നേരത്തേ പലപ്പോഴും കണ്ടിട്ടുള്ളതിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ഇത്തവണത്തെ അടയാളങ്ങൾ. മാത്രവുമല്ല കാട്ടുപന്നികളുണ്ടാക്കുന്ന തരം കുഴികൾ ഗ്രാമീണർക്ക് പരിചിതവുമാണ്. മനുഷ്യനെക്കൊണ്ട് അസാധ്യമാണ് അതെന്നും ഗ്രാമവാസികൾ ഉറപ്പു പറയുന്നു. ഏതോ ഭീമൻ മൃഗം നടന്നതിനു സമാനമാണ് ആ കാലടികൾ. 

അതിനിടെയാണ് ആന്തൂരിലെ കൃഷിയിടത്തിൽ അന്യഗ്രഹജീവികളിറങ്ങിയെന്ന പേരിൽ പ്രചാരണമുണ്ടായത്. അതോടെ ഭയം ഇരട്ടിയായി. പേടി മാറ്റാനായി പൊലീസിന് രാത്രി പട്രോളിങ് ശക്തമാക്കേണ്ടി വന്നു. അസ്വാഭാവികമായതൊന്നും ആദ്യദിവസങ്ങളിൽ കണ്ടില്ല. പക്ഷേ ജൂലൈ 12ന് ഒരു സർക്കാർ ബസ് ഡ്രൈവർ തനിക്കുണ്ടായ അനുഭവം പൊലീസിനോട് പങ്കുവച്ചു. രാത്രി എട്ടുമണിയോടെ ആന്തൂരിനടുത്തു വച്ച് ബസിനു കുറുകെ ഒരു വെളുത്തരൂപം ചാടിച്ചാടി കടന്നുപോയെന്നായിരുന്നു അത്. 7–8 അടിയോളം ഉയരമുണ്ടായിരുന്നു അതിന്. ഒപ്പം വലിയ കാലുകളും കൈകളും. ബസ് നിർത്തി പരിശോധിക്കാമെന്ന് യാത്രക്കാരോട് പറഞ്ഞെങ്കിലും ഭയചകിതരായ അവർ വണ്ടിയെടുക്കാനാണ് നിർദേശിച്ചത്. എങ്കിലും വഴിയിൽ കണ്ട നാട്ടുകാരോടും പട്രോളിങ് സംഘത്തോടും ഡ്രൈവർ ഇക്കാര്യം പറഞ്ഞു. ട്രിപ് കഴിഞ്ഞ് തിരികെ വരുമ്പോൾ നേരത്തേ ആ വെളുത്ത രൂപത്തെ കണ്ട സ്ഥലത്ത് നാട്ടുകാരെല്ലാവരും ഉണ്ടായിരുന്നു. 

ഏകദേശം 100 പുതിയ കാൽപ്പാടുകളാണ് ആ പ്രദേശത്ത് അവർ കണ്ടെത്തിയിരുന്നത്. ഓരോ കാല്‍പ്പാടും തമ്മിൽ അഞ്ച് അടിയോളം വ്യത്യാസവുമുണ്ടായിരുന്നു. ആന്തൂരിലെ കൃഷിയിടത്തിൽ കണ്ടതിൽ നിന്നു തികച്ചും വിഭിന്നമായിരുന്നു പുതിയ കാൽപ്പാടുകൾ. ഇതിന്റെയെല്ലാം ചിത്രങ്ങൾ പകർത്തി ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുക്കാനിരിക്കുകയാണ് വനപാലകർ. അവിടെ നിന്നുള്ള പരിശോധനയിൽ ഏതുതരം ജീവിയുടെ കാൽപ്പാടുകളാണെന്ന് വ്യക്തമാകും. 

Bigfoot-karnataka

അതേസമയം, നാട്ടുകാരെ പറ്റിക്കാൻ ആരെങ്കിലും ഒപ്പിക്കുന്ന തമാശയാണോ ഇതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്തായാലും അജ്ഞാതമായ ചില അടയാളങ്ങൾ കാരണം ഒരു ഗ്രാമത്തിന്റെയും പൊലീസിന്റെയും തന്നെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇനി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ റിപ്പോർട്ട് വരണം അൽപമെങ്കിലും ആശ്വാസം ലഭിക്കണമെങ്കിൽ. അവർക്കും കണ്ടെത്താനായില്ലെങ്കിൽ ‘അന്യഗ്രഹജീവി തിയറി’ പിന്നെയും ശക്തമാകുമെന്നത് ഉറപ്പായ കാര്യം.

related stories