പ്രാർഥിക്കുമ്പോൾ കോട്ടുവായ, ദോഷമോ?

കോട്ടുവാ ഇടുന്നത് സമയമോശത്തിന്റെ ഭാഗമൊന്നുമല്ല

1971 തുലാം മാസം കാർത്തിക നക്ഷത്രത്തിൽ ജനിച്ചു. എന്നും വൈകിട്ട് വിളക്ക് കത്തിച്ചു കഴിയുമ്പോൾ ഞാൻ പ്രാർഥിക്കും. അപ്പോൾ തുടങ്ങും കോട്ടുവായ. പ്രാർഥന മുഴുവനാക്കാൻ സാധിക്കാറില്ല. ക്ഷേത്രങ്ങളിൽ പോയാലും ഇതേ അവസ്ഥ തന്നെയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

– സാജിത സുബ്രഹ്മണ്യൻ, മാന്തറയ്ക്കൽ,  സൗത്ത് വെള്ളാരപ്പിള്ളി 

കാർത്തിക നക്ഷത്രം. രണ്ടു രാശിയുണ്ട്. മേടം രാശി കൂറുകാർക്ക് ആരോഗ്യപരമായ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഇടവക്കൂറാണെങ്കിൽ കണ്ടകശനി കാലമാണ്. സാമ്പത്തികമായ ചെലവുകൾ വർധിക്കുന്നതിനും മറ്റും പൊതുവായി സാധ്യതയുണ്ട്.

കോട്ടുവാ ഇടുന്നത് സമയമോശത്തിന്റെ ഭാഗമൊന്നുമല്ല. അങ്ങനെ ചിന്തിക്കുന്നത് അബദ്ധമാണ്. താങ്കളുടെ പ്രശ്നം ഒരു തവണയോ അല്ലെങ്കിൽ രണ്ടോ മൂന്നോ തവണ അങ്ങനെ അറിയാതെ വന്നിട്ടുണ്ടാകാം. പിന്നീടു പ്രാർഥിക്കുമ്പോഴെല്ലാം കോട്ടുവായ ഉണ്ടാകുമോ എന്ന ചിന്ത താങ്കൾക്ക് ഉണ്ടായി വരും. പിന്നെ പറയുകയും വേണ്ടല്ലോ... മറ്റൊരു വശം നാം താൽപര്യമില്ലാതെ ചെയ്യുന്ന ചില കാര്യങ്ങൾക്കിടയിൽ കോട്ടുവായ ഉണ്ടാകും. 

ഇതൊരു അസുഖമായിട്ടു ചിന്തിക്കണമെങ്കിൽ സിനിമ കാണുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സുഹൃത്തുക്കളുമായി സമയം പങ്കിടുമ്പോഴുമെല്ലാം കോട്ടുവായ ഉണ്ടാകേണ്ടതാണ്. അങ്ങനെ ഉണ്ടാകുന്നില്ലെങ്കിൽ പ്രാർഥനയോടുള്ള താൽപര്യക്കുറവും ചിന്തിക്കാം. പ്രാർഥിക്കുമ്പോഴും ക്ഷേത്രദർശനം നടത്തുമ്പോഴും മനസ്സ് ഏകാഗ്രമാക്കൂ. കോട്ടുവായ അകലും.