Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൗളിയുടെ വഴികൾ

lizard

ഒരു വ്യക്തിക്കു വരാൻ പോകുന്നത് പലതും ഗൗളി മുൻകൂട്ടി പറയുന്നു. അവയുടെ ശബ്ദവും സ്പർശനവും  നടക്കാന്‍ പോകുന്ന എന്തിന്റെയെങ്കിലും സൂചനയാണെന്നാണ് ഗൗളിശാസ്ത്രം  പറയുന്നത്. പുരാണത്തിൽ ഇതിന് വലിയ പ്രാധാന്യം തന്നെ ഉണ്ട്.

ഗൗളിയെ തല്ലിക്കൊന്നാൽ സന്തതികൾക്ക് ദോഷം വരുമെന്നാണ് അനുഭവകഥകൾ സൂചിപ്പിക്കുന്നത്. ഗൗളിയെയും പാമ്പിനെയും പുരാണത്തിൽ ശ്രേഷ്ഠമായി കാണുന്നു. പാമ്പിൻവിഷം പോലെ മാരകമാണ് ഗൗളിയുടെ കാഷ്ഠവും. ഗൗളിക്കാഷ്ഠം ഭക്ഷണത്തിൽ വീണാല്‍ അത് കഴിക്കുന്നവർക്ക് ഗുരുതരമായ ത്വക്ക് രോഗങ്ങള്‍ വരുന്നു. ഇവയുടെ മുട്ട പൊട്ടിച്ചാലും ദോഷങ്ങൾ വരുന്നതായി കാണുന്നു. 

കതകിനിടയിൽ ചതഞ്ഞു മരിച്ച ഗൗളിയുടെ ജഡം കാണുന്നതും അല്ലാതെ മരിച്ച ജഡം കാണുന്നതും വലിയ ദോഷം തന്നെ. ശവം കണ്ടയാൾ വീട്ടിലെ മറ്റുള്ളവരെ ഒരിക്കലും വിളിച്ച് കാണിക്കരുത്. താങ്കളുടെ മരണം ഗൗളി ഏറ്റെടുക്കുകയും അവ മരിയ്ക്കുകയും ചെയ്തു. അതിന് പരിഹാരമായി ധർമദേവതയെയും (കുടുംബ പരദേവത) നവഗ്രഹങ്ങളിൽ പ്രാർഥനയും ദോഷപരിഹാരവും നടത്തി മുൻപോട്ട് പോകണം. സംസാരിക്കുന്നതിനിടയിൽ ഗൗളി ഉച്ചത്തിൽ ശബ്ദിച്ചാൽ സത്യം, സത്യം, സത്യം എന്നു മുത്തശ്ശിമാരും മറ്റും പറയാറുണ്ട്. ഇത് വരാൻ പോകുന്ന ചിലതിന്റെ സൂചനകൾ മാത്രമാണ്.

കിടക്കയിൽ കിടക്കുമ്പോൾ ഗൗളി വീണാൽ കഠിനമായ ദുഃഖങ്ങൾ വരുന്നതാണ്. ഇരിപ്പിടത്തിലാണ് ഗൗളി വീണതെങ്കില്‍ സൗഖ്യവും ദുഃഖവും സമമായി സംഭവിക്കുന്നു. ഭക്ഷണം കഴിച്ചശേഷം പാത്രത്തിൽ ഗൗളി വീണാൽ ബന്ധുസ്നേഹം വരുന്നതാണ്. ഒഴിഞ്ഞ പാത്രത്തിലാണ് ഗൗളി വീണതെങ്കിൽ രോഗമാണ് ഫലങ്ങൾ.

ഭക്ഷണം വയ്ക്കുമ്പോൾ അഗ്നിയിൽ ഇവ വീണാൽ ഇണയുടെ നാശമാണ് ഫലം. രണ്ട് ഗൗളികൾ ഒരുമിച്ചു വീണ് കലഹിച്ചാൽ ദുഃഖവും, സർവനാശവും ഭവനത്തിലുള്ളവർ തമ്മിൽ പരസ്പരം കലഹവും ഫലം. 

വിളക്കു കത്തിച്ചുവയ്ക്കുമ്പോൾ ഗൗളി വീണ് വിളക്കണഞ്ഞാൽ ഗൃഹത്തിലുള്ളവർക്ക് നാശം വരുന്നു. പുതുവസ്ത്രത്തിൽ ഗൗളി പതിച്ചാൽ മാനഹാനിയും ആയുധത്തിൽ വീണാൽ കലഹവും  കേസുകളിൽ ഉള്ഞപെടുമെന്നും അനുഭവങ്ങൾ. യാത്ര ചെയ്യുന്ന സമയം വാഹനത്തിൽ ഇവ വീണാൽ ഒരു അപകടം തന്നെ ഉടനെ പ്രതീക്ഷിക്കണം.

ഗൗളി പലവിധം

ക്ഷത്രിയ, ബ്രാഹ്മണ, വെളുത്ത പുള്ളിയുള്ളവ, കറുത്ത പുള്ളിയുള്ളവ എന്നിങ്ങനെയാണ് ഗൗളിയുടെ വിഭാഗങ്ങൾ. ഇതിൽ ബ്രാഹ്മണ വർഗം വെളുത്ത ഗൗളി ചൊവ്വാഴ്ച ശിരസ്സിന്റെ മധ്യത്തിൽ വീണാൽ ബന്ധുജനങ്ങളുമായുള്ള കലഹം സൂചിപ്പിക്കുന്നു.

റോസാപ്പൂവിന്റെ നിറമുള്ളവ ക്ഷത്രിയ വിഭാഗം. ഞായറാഴ്ച നെറ്റിയുടെ മധ്യത്ത് ഇവ വീണാൽ വൻ ധനലാഭം. ചിട്ടിയോ ലോട്ടറിയോ ലഭിക്കുന്നതാണ്. ഇടതുഭാഗത്തു വീണാൽ കാര്യസാധ്യം. വലതുഭാഗത്തു വീണാൽ ഐശ്വര്യം.

നീലനിറത്തിലുള്ളവ വ്യാഴാഴ്ച ദിവസം പുരുഷന്റെ  വലത്തേക്കണ്ണിലോ സ്ത്രീയുടെ ഇടതുകണ്ണിലോ പതിച്ചാൽ വിവാഹ ഭാഗ്യം കിട്ടുമെന്ന് വിശ്വാസം. ഞായറാഴ്ച സ്വർണ്ണനിറമുള്ളവ വലതുചെവിയിൽ പതിച്ചാല്‍ രോഗങ്ങൾ മാറി ദീർഘായുസ്സും ഇടതുഭാഗത്തു പതിച്ചാൽ ധനലാഭവും വരുന്നു. സ്വർണ്ണനിറമുള്ളവ ഞായർ, ബുധൻ എന്നീ ദിവസങ്ങളിൽ വലതുകൈവിരലിൽ പതിച്ചാൽ യശസ്സാണു ഫലം . സ്ത്രീകൾക്ക് മറിച്ചാണ് അനുഭവങ്ങൾ. പുരികങ്ങളുടെ മധ്യത്ത് വെളുത്ത നിറമുള്ള പുള്ളികളുള്ളവ പതിച്ചാൽ ഏതു ദിവസമാണെങ്കിലും ധനനാശവും ദുരനുഭവവും വരുന്നു.  ചൊവ്വാഴ്ച ചാരനിറമുള്ളവ മൂക്കിന്റെ അറ്റത്തു വീണാൽ രോഗങ്ങളും കറുത്ത നിറമുള്ളവ കൈവെള്ളയിൽ പതിച്ചാൽ ധനവരവുണ്ടാകും. .ഇടതു കൈവിരലിൽ ഇവ വീണാൽ നിരാശയോ ദുഃഖമോ ഫലം. 

കറുത്തനിറമുള്ളവ ഏതു ദിവസം  ദേഹത്ത് പതിച്ചാൽ തടസ്സങ്ങളും, മുട്ടിനു താഴെ പതിച്ചാൽ ഇണയുടെ നാശവും കാലുകളിൽ യാത്രയും ഫലം .വെളുത്തവ, വാൽമുറിഞ്ഞവ ശനി, തിങ്കൾ ദിവസങ്ങളിൽ കാലിൽ പതിച്ചാൽ രോഗത്തെ സൂചിപ്പിക്കുന്നു. കറുത്തവരകളുള്ള വെളുത്തവ ചൊവ്വ, വെള്ളി ദിവസങ്ങളിൽ വലതു കാൽവിരലുകളിൽ പതിച്ചാൽ പൊലീസ് കേസോ രോഗമോ വരും. കാലിന്റെ പുറത്ത് ഇവ പതിച്ചാൽ മരണവും കാൽവിരലിൽ വീണാൽ സന്താനദുഃഖവും നഖത്തിൽ വീണാൽ വളർത്തുമൃഗങ്ങൾ നശിക്കുകയും ചെയ്യുന്നു. 

സ്ത്രീയുടെ ശിരസ്സില്‍ ഗൗളി പതിക്കുന്നത് ഐശ്വര്യമാണ്. പക്ഷേ നെറുകയിൽ പതിച്ചാൽ മരണവും തലമുടിക്കെട്ടിലാണെങ്കിൽ അഗ്നിഭയവും. സ്ത്രീയുടെ കഴുത്തിനു പിന്നിൽ വീണാൽ കുടുംബകലഹങ്ങളും വലതുകവിളിൽ  പതിച്ചാൽ വൈധവ്യവും, ഇടതുകവിളിൽ സ്പർശിച്ചാൽ  ഇഷ്ടജനസമാഗമവും, സ്ത്രീയുടെ വലത് ചെവിയിൽ സ്പർശിച്ചാൽ ദീർഘായുസ്സും ഫലം. ഇടതുചെവിയിൽ സ്വർണ്ണലാഭം, ധനലാഭം, മൂക്കിലാണ് ഇവ സ്പർശിച്ചതെങ്കിൽ നിത്യരോഗി. മേൽച്ചുണ്ടിൽ കലഹവും കീഴ്ച്ചുണ്ടിലേത് ഐശ്വര്യവും രണ്ടുചുണ്ടിലും ഒരുമിച്ച് സ്പർശിക്കുന്നത് നാശവും. രണ്ടു കക്ഷത്തിൽ ഏതിൽ പതിച്ചാലും ധനസ്ഥിതി നല്ലതായി വരുന്നു.

വാരിയെല്ലിന്റെ ഭാഗത്ത് ബന്ധുസമാഗമവും രണ്ടു തോളിലും വീണാൽ ഭർത്തൃസുഖം, സുഖാനുഭവങ്ങൾ, സ്തനങ്ങളിൽ വീണാൽ ദുഃഖങ്ങൾ. കന്യകകളുടെ വയറിൽ ഗൗളി പതിച്ചാൽ വിവാഹം നടക്കുന്നതാണ്. സ്ത്രീകളുടെ നഖത്തിൽ ഗൗളി പതിച്ചാൽ കഷ്ടനഷ്ടങ്ങളുണ്ടാകും. കൈയുടെ പുറത്ത് വിരലിൽ വീഴുന്നത് ആഭരണലാഭത്തെ സൂചിപ്പിക്കുന്നു. നാഭിയിൽ സാമ്പത്തിക വർധനവും ഗൃഹ്യസ്ഥാനത്ത് വീഴുന്നത് പതനവും മരണതുല്യതയും. ഗുദസ്ഥാനത്തെ പതനം രോഗസൂചനയാണ്. കാൽമുട്ടിലെ പതനം ബന്ധനത്തെയോ കേസിനെയോ സൂചിപ്പിക്കുന്നു. കാൽവിരലിൽ ഗൗളി സ്പര്‍ശമുണ്ടായാൽ സന്താനലാഭവും ധനലാഭവും. കാൽനഖത്തിലെ പതനം ധനാഗമത്തെ സൂചിപ്പിക്കുന്നു.

ഗൗളി പല രീതിയിൽ ശബ്ദിക്കുന്നു. ഫലത്തിൽ എടുക്കേണ്ടത് ഉച്ചത്തിലുള്ള ശബ്ദമാണ്. ആരാധനാലയങ്ങളിലുള്ള ഗൗളിശബ്ദം  ഗുണവുമില്ല ദോഷവുമില്ല.ഒരു നിശ്ചിത സമയത്ത് ഇവയുടെ ശബ്ദം ഒരു കാരണവുമില്ലാതെ ഗൗളി വീടിന്റെയോ തൊഴിൽസ്ഥാപനത്തിലോ പല ഭാഗത്തിരുന്ന് ശബ്ദിച്ചാൽ അവിടെ വരുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നു.

ഞായർ – കിഴക്കുഭാഗത്ത് ശബ്ദിച്ചാൽ ജയം. കിഴക്കുതെക്കു ഭാഗത്താണെങ്കിൽ ദുഃഖവാർത്ത. കിഴക്കിനും കിഴക്കുതെക്കിനും ഇടയിൽ മരണവാർത്ത. തെക്കുഭാഗത്തെ ശബ്ദം സന്തോഷവാർത്ത കൊണ്ടുവരുന്നു. തെക്കിനും തെക്കുപടിഞ്ഞാറിനുമിടയുള്ള ശബ്ദം പരാജയങ്ങൾ. തെക്കു പടിഞ്ഞാറു ഭാഗത്ത് ബന്ധുക്കൾ വിരുന്ന്. തെക്കുപടിഞ്ഞാറിന്റെയും പടിഞ്ഞാറിന്റെയും ഇടയിലാണെങ്കിൽ ഭക്ഷണസുഖം. വടക്കുപടിഞ്ഞാറിലും മധ്യത്തിലും പടിഞ്ഞാറിനുമിടയിലാണെങ്കിൽ ഭീകരവാർത്ത കേൾക്കും. വടക്കുപടിഞ്ഞാറിന്റെയും വടക്കിന്റെയും ഇടയിലാണെങ്കിൽ പുതിയ വസ്ത്രങ്ങൾ ലഭിക്കുന്നതായി കാണുന്നു. വടക്കുഭാഗത്തെ ശബ്ദം സന്തോഷവാർത്തകൾ, വടക്കിന്റെയും വടക്കുകിഴക്കിന്റെയും മധ്യത്തിലുള്ള ശബ്ദം സുഗന്ധദ്രവ്യത്തിന്റെ ലഭ്യത, വടക്ക് കിഴക്ക് ഭാഗത്തെ ശബ്ദം സന്തോഷവാർത്ത, വടക്കു കിഴക്കു ഭാഗത്തു കിഴക്കിനുമിടയിലാണെങ്കിൽ ഇഷ്ടപ്പെട്ട ബന്ധുക്കളുടെ വരവ്, തലയ്ക്കു മുകളിലുള്ള ശബ്ദം വിചാരിച്ച കാര്യത്തിന്റെ ജയം, ഭൂമിയിൽ നിന്നാണെങ്കിൽ വിചാരിച്ച കാര്യങ്ങൾ പരാജയം.

തിങ്കൾ – കിഴക്ക്, വടക്ക് ഈ ഭാഗത്തെ ശബ്ദം ധനലാഭത്തെ സൂചിപ്പിക്കുന്നു. കിഴക്കിന്റെയും തെക്കുകിഴക്കിന്റെയും ഇടയിലുള്ള ശബ്ദം ബന്ധുജന വരവിനെ സൂചിപ്പിക്കുന്നു. തെക്കു ഭാഗത്തെ ശബ്ദം ശത്രുക്കളുടെ വരവിനെ കാണിക്കുന്നു. തെക്കു പടിഞ്ഞാറിലെയും വടക്കു പടിഞ്ഞാറിലെയും മരണവാർത്തകൾ. വടക്കുഭാഗത്തെ ഗൗളിശബ്ദം ധനധാന്യസമ്പത്ത് വരുന്നു. തലയ്ക്ക് മുകളിലെ ശബ്ദം യാത്രകൾ, ഭൂമിയിലിരുന്ന് ഗൗളി ശബ്ദിച്ചാൽ കേൾക്കുന്നത് ഐശ്വര്യവും നന്മയും വരും.

ചൊവ്വ – കിഴക്കുഭാഗത്തു വ്യക്തിക്ക് ധാനലാഭവും തെക്കുകിഴക്കിലെ ശബ്ദം സന്തോഷവാർത്തയും തെക്കുകിഴക്ക് കോണിലെ ശബ്ദം ധനലാഭവും. തെക്കുപടി‌ഞ്ഞാറു ഭാഗത്തെ ശബ്ദം മരണവാർത്തയും പടി‍ഞ്ഞാറു ഭാഗത്തെ ശബ്ദം ആഗ്രഹനിവൃത്തിയെയും വടക്കു ഭാഗത്തെ ശബ്ദം പരിചാരകർക്ക് അഗ്നിഭയത്തെയും തലയ്ക്കു മുകളിൽ ശബ്ദം യാത്രകൾ സൂചിപ്പിക്കുന്നു. ആ യാത്ര കൊണ്ട് ഗുണം ലഭിക്കില്ല. ഭൂമിയിലിരുന്ന് ഗൗളി ശബ്ദിച്ചാൽ കേൾക്കുന്നവർക്ക് വിവാഹസുഖം, സന്തോഷവാർത്തയോ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.

ബുധൻ – കിഴക്കു ഭാഗത്തും വടക്കു പടിഞ്ഞാറും വടക്കു കിഴക്കും തെക്കു നിന്നും ഗൗളി ശബ്ദമുണ്ടായാൽ ധനലാഭവും ഐശ്വര്യവും സൂചന. വടക്കു കിഴക്കു ഭാഗത്തെ ഗൗളി ശബ്ദം വാഹനം സമ്മാനമായി ലഭിക്കുമെന്നതിന്റെ സൂചന. തലയ്ക്കു മീതെയിരുന്ന് ഗൗളി ശബ്ദം കേട്ടാൽ മരണവാർത്ത കേൾക്കും. ഭൂമിയിലെ ഗൗളിശബ്ദം വിരുന്നുകാരുടെ വരവു സൂചിപ്പിക്കുന്നു.

വ്യാഴം – കിഴക്കുഭാഗത്തെ ശബ്ദം മരണവാർത്തയും, തെക്കുകിഴക്കു ഭാഗത്തെ ശബ്ദം സന്തോഷവാർത്തയും, പടിഞ്ഞാറു ഭാഗത്തെ ഗൗളി ശബ്ദം കുടുംബകലഹത്തെയും, വടക്കുഭാഗത്തെ ശബ്ദം ബന്ധുജനങ്ങളുടെ വരവ്, വടക്കും വടക്കുകിഴക്കു ഭാഗത്തും വിഷഭയമോ ആയുധമുറിവോ ഫലങ്ങൾ. തറയിലിരുന്ന് ശബ്ദിച്ചാൽ കുടുംബകലഹമുണ്ടാകും. തലയ്ക്കു മുകളിലെ ശബ്ദം കള്ളന്മാരുടെ വരവിനെ കാണിക്കുന്നു.

വെള്ളി – കിഴക്ക്, പടിഞ്ഞാറ് എന്നീ ഭാഗത്തെ ശബ്ദം സന്തോഷവാർത്തയെയും തെക്കും തെക്കുപടിഞ്ഞാറും ആഭരണം, പുതുവസ്ത്രം എന്നിവയുടെ ലഭ്യതയെയും സൂചിപ്പിക്കുന്നു. തലയ്ക്കു മുകളിലെ ശബ്ദം കീർത്തിയെയും ധനലാഭത്തെയും ഭൂമിയിലെ ശബ്ദം മരണവാർത്തകൾ കേൾക്കാനിടവരുന്നതിനെയും സൂചിപ്പിക്കുന്നു.

ശനി – കിഴക്കും തെക്കു കിഴക്കും തെക്കും വടക്കും ഭാഗങ്ങളിലെ ശബ്ദം കലഹം, ധനനഷ്ടം, ജനങ്ങളുടെ കലഹം, പടി‍ഞ്ഞാറു ഭാഗത്തെ ശബ്ദം പുതുവസ്ത്രലാഭത്തെ കാണിക്കുന്നു. വടക്കു പടിഞ്ഞാറ് അതിഥികൾ വരുന്നതിന്റെ സൂചനയാണ്. തലയ്ക്കു മുകളിലെ ഗൗളി ശബ്ദം ഇഷ്ടകാര്യലഭ്യതയെ സൂചിപ്പിക്കുന്നു. ഭൂമിയിലാണെങ്കിലും ഇഷ്ടകാര്യസിദ്ധി തടസ്സം കൂടാതെ സാധിക്കുമത്രേ.