Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൊവ്വാദശ നന്നായാൽ ഭൂമിലാഭം...

Mars Effect

ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന ഗുണങ്ങളെയും ദോഷങ്ങ ളെയും കുറിച്ച് മുൻകൂട്ടി അറിയുവാൻ സാധിക്കുകയും അതു പ്രകാരം പ്രവർത്തിക്കുകയുമാണെങ്കിൽ വ്യക്തി ജീവിതത്തിലും കുടുംബജീവിതത്തിലും ഒരു പരിധി വരെ സമാധാനം കൊണ്ടു വരാൻ കഴിയും. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നതിനെ ജാതകത്തിൽ ദശാഫലം നോക്കുക എന്ന് പറയും.

ഓരോ ഗ്രഹത്തിന്റെയും ദശാകാലം വ്യത്യസ്ത വർഷങ്ങളായിട്ടാണ് കണക്കാക്കപ്പെ ട്ടിട്ടുള്ളത്. സൂര്യദശയും ചന്ദ്രദശയും കഴിഞ്ഞാൽ അടുത്ത ദശ ചൊവ്വ ദശയാകുന്നു. ആകെ ഏഴു വർഷമുള്ള ചൊവ്വാ ദശയിൽ എന്തെല്ലാം ഗുണ–ദോഷങ്ങളാണ് ഒരാൾക്ക് പൊതുവായി സംഭ വിക്കുന്നത് എന്നതിനെ കുറിച്ച് നോക്കാം. 

ആദ്യമായി ചൊവ്വാ ഗ്രഹത്തിന്റെ സ്വരൂപത്തെയും സ്വഭാവത്തെ യും കുറിച്ച് ജ്യോതിഷത്തിലെ പ്രധാന ഗ്രന്ഥങ്ങളിലൊന്നായ സാരാവലിയിൽ പറയുന്നത് ശ്രദ്ധിക്കാം. 

‘‘ഹ്രസ്വഃ പിംഗലലോചനോ ദൃഢവപുർദീപ്താഗ്നികാന്തിശ്ചലോ 
  മജ്ജാവാനരുണാംബരഃ പടുതരശ്ശൂരസ്ത്വനിഷ്പന്നവാക്ക് 
 ഹിംസ്രഃ കുഞ്ചിതദീപ്തകേശതരുണഃ പിത്താത്മകസ്താമസഃ 
 ചണ്ഡസ്സാഹസികോ വിഘാതകുശലസ്സംരക്തഗൌരഃ കുജഃ 

ചൊവ്വ ഉയരം കുറഞ്ഞവനും പിംഗല വർണങ്ങളായ കണ്ണുകളോട് കൂടിയവനും അഗ്നിയെ പോലെ ജ്വലിച്ചിരിക്കുന്നവനും അസ്ഥിരനും മജ്ജാ പ്രധാനിയും ചുവപ്പു വസ്ത്രം ധരിക്കുന്നവനും സമർഥനും ശൂരനും ആലോചിക്കാതെ പറയു ന്നവനും ഹിംസാശീലനും ചെമ്പിച്ചും ചുരുണ്ടുമിരിക്കുന്ന തല മുടികളുളളവനും യൗവനയുക്തനും പിത്ത പ്രധാനിയും തമോഗുണമുള്ളവനും കോപിഷ്ഠനും എന്തും പ്രവർത്തിക്കുവാൻ സന്നദ്ധനും വധാദി ദുഷ്കൃതങ്ങളിൽ സമർഥനും ചുവപ്പുവർണമുള്ളവനുമാകുന്നു. ഇത്തരം കാര്യങ്ങളെല്ലാം ചൊവ്വാ ദശയിൽ യുക്ത്യനുസരണം യോജിപ്പിച്ച് പറയാവുന്നതാണ്. 

ഗ്രഹങ്ങളുടെ സ്വഭാവത്തെ കുറിച്ച് നോക്കുമ്പോൾ ശുഭഗ്രഹങ്ങളും പാപഗ്രഹങ്ങളുമായി രണ്ട് വിധത്തിലുണ്ട്. വാക്കിന്റെ അർഥം പോലെ തന്നെ പാപത്വമുള്ളത് പാപഗ്രഹവും, ശുഭത്വമുള്ളത് ശുഭഗ്രഹങ്ങളുമാകുന്നു. ഇതിൽ ചൊവ്വ ശക്തിയുള്ള പാപഗ്രഹമാകുന്നു. അതുകൊണ്ടായിരിക്കണം ചൊവ്വാഴ്ച യെ മുഹൂർത്ത വിഷയത്തിൽ മഹാദോഷങ്ങളിൽ പെടുത്തിയിട്ടുള്ളത്. അതിനാൽ പൊതുവായി ശുഭകാര്യങ്ങൾക്കെല്ലാം ചൊവ്വാഴ്ച നല്ലതുമല്ല. സൂര്യനും ചൊവ്വയും അഗ്നിഭൂത സ്വരൂപന്മാരും ക്ഷത്രിയ വർണത്തിന്റെ അധിപന്മാരുമാകുന്നു. എന്നാൽ സൂര്യൻ സത്വഗുണ പ്രധാനിയാകയാൽ അത്ര അധികം പാപത്വമില്ല. ചൊവ്വ തമോഗുണ പ്രധാനിയായതുകൊണ്ട് സൂര്യനെക്കാൾ അധികം പാപത്വമുണ്ട്. ഈ വിഷയത്തെ കുറിച്ച് ‘ദശാധ്യായി’ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. 

‘‘ രവികുജൗ തു വഹ്നിഭൂതസ്വരൂപൗ ക്ഷത്രകുലാധിപൗ ച.  തഥാപി രവേഃ സത്വഗുണമയത്വാത്  അത്യന്തം പാപത്വം ന വിദ്യതേ. കുജസ്യ തമോമയത്വാത് അർക്കാദപി പാപത്വം ഉച്യതേ.’’ 

ചൊവ്വയുടെ സ്വക്ഷേത്രങ്ങൾ മേടവും വൃശ്ചികവും ഉച്ചരാശി മകരവും നീചരാശി കർക്കടകവുമാണ്. സ്വക്ഷേത്രത്തിൽ 30 ‍‍‍ഡിഗ്രി ബലവും ഉച്ചരാശിയിൽ 60 ഡിഗ്രി ബലവും നീചരാശി ബലമില്ലാത്ത രാശിയുമാണ്. ലഗ്നാൽ പത്താംഭാവത്തിൽ നിൽക്കുന്ന ചൊവ്വ ഏതു രാശിയിലായാലും ‘ദിക്’ ബലവുമുണ്ട്. മൂന്ന്, ആറ്, പതിനൊന്ന് ഭാവങ്ങൾ ചൊവ്വയ്ക്ക് ഇഷ്ടഭാവങ്ങളും മറ്റ് ഭാവങ്ങൾ അനിഷ്ടഭാവങ്ങളുമാകുന്നു. ചൊവ്വ പാപഗ്രഹമാണെ ങ്കിലും ബലവാനായി ഇഷ്ടഭാവത്തിൽ കേന്ദ്ര ത്രികോണാധിപ ത്യത്തോട് കൂടി നിൽക്കുമ്പോൾ ചൊവ്വാദശയിൽ നല്ല ഫലങ്ങളാണ് കിട്ടുക. അതുപോലെ ദുർബ്ബലനായി അനിഷ്ടഭാവാധിപ ത്യത്തോടെ അനിഷ്ട ഭാവങ്ങളിൽ ചൊവ്വ നിൽക്കുമ്പോൾ ദോഷഫലങ്ങളെയും ചെയ്യും. ഇപ്രകാരമുള്ള നിയമങ്ങളെല്ലാം യോജിപ്പിച്ചാണ് ഏതൊരു ദശയുടെയും ഗുണ–ദോഷഫലങ്ങളെ നിരൂപണം ചെയ്യുന്നത്. 


സാമാന്യമായി എന്തെല്ലാം ഗുണഫലങ്ങളാണ് ചൊവ്വാദശയിൽ ഉണ്ടാകുക എന്ന് ചിന്തിക്കുമ്പോൾ ഇഷ്ടഭാവത്തിൽ ബലവാ നായി നിൽക്കുന്ന ചൊവ്വാദശയിൽ സ്വന്തമായി ഭൂമി അനുകൂലമാകുകയും, ശക്തി അഥവാ ഉറപ്പ് ഉണ്ടാക്കുകയും, സഹോദരങ്ങൾ തമ്മിലുള്ള സ്നേഹം വർധിക്കുകയും, പരസ്പരം സഹാ യങ്ങൾ ലഭിക്കുകയും, മനോധൈര്യമുണ്ടാകുകയും, ഏതെങ്കിലും അധികാരം ഉപയോഗിച്ചും ഔഷധം (ചികിത്സ) കൊണ്ടും ധനം സമ്പാദിക്കുകയും, സാഹസകാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്യും. 

ചൊവ്വയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു രാജയോ ഗവും പറയാം. 

‘‘ഭൗമശ്ചോജഹരിചാപലഗ്നസംസ്ഥോ 
പൃഥ്വീശം കലയതി മിത്രഖേടദൃഷ്ടഃ’’ (ഫലദീപിക) 


മേടമോ ചിങ്ങമോ ധനുവോ ലഗ്നമായി വരുകയും അതിൽ ചൊവ്വ നിൽക്കുകയും ആ ചൊവ്വയെ ബന്ധു ഗ്രഹങ്ങൾ നോക്കുകയും ചെയ്താൽ രാജാവായി ഭവിക്കും. ഇത്തരത്തിലുള്ള രാജയോഗ ങ്ങളും ചൊവ്വദശയിൽ ചിന്തിക്കാവുന്നതാണ്. എന്നുവെച്ചാല്‍ രാജയോഗത്തിന്റെ ഫലം പൂര്‍ണമായി ചൊവ്വാദശാ കാലത്ത് അനുഭവത്തിൽ വരുമെന്നർത്ഥം. അതുപോലെ കേന്ദ്രരാശികളായ ലഗ്നം, നാല്, ഏഴ്, പത്ത് രാശികളിൽ ചൊവ്വ നിൽക്കുകയും നിൽക്കുന്ന രാശി സ്വക്ഷേത്രമോ ഉച്ചരാശിയോ ആകുകയും ചെയ്താൽ പഞ്ചമഹായോഗങ്ങളിൽ രുചകയോഗത്തെ കൊടുക്കും. രുചകയോഗത്തിന്റെ ഫലങ്ങളായ ഉത്സാഹം, ശൗര്യം, ധനം, സാഹസം, പ്രസിദ്ധി, വിജയം, ബഹുമാന്യത എന്നീ ഗുണഫല ങ്ങളും ഈ കാലഘട്ടത്തിൽ ഉണ്ടാകും. 

വളരെ ദുർബ്ബലനും അനിഷ്ടസ്ഥാനാധിപത്യത്തോടു കൂടി അനി ഷ്ടഭാവങ്ങളിൽ നിൽക്കുന്നതുമായ ചൊവ്വാദശയിൽ ക്രൂര പ്രവൃത്തികൾ, വഞ്ചന, കളവ്, പരസ്ത്രീഗമനം, ബന്ധുജനവിരോധം, സ്വജനവിരോധം, അസത്യവാക്ക്, പലതരത്തിലുള്ള നഷ്ടങ്ങൾ, പ്രത്യേകിച്ച് ഭൂമി നഷ്ടപ്പെടുക, ആയുധം കൊണ്ടുള്ള മുറിവ്, ദയയില്ലായ്മ മുതലായ ദോഷഫലങ്ങളും സംഭവിക്കുമെന്ന് പറയുന്നു. ജാതകത്തിലെ ഗ്രഹനിലയ്ക്കനുസരിച്ച് ഫലങ്ങളിൽ വ്യത്യാസവും വരും. 

ചൊവ്വ സുബ്രഹ്മണ്യ സ്വാമിയുടെയും ദേവിയുടെയും കാരക ഗ്രഹമായിട്ടാണ് പറയപ്പെടുന്നത്. അതിനാൽ ഒരാളുടെ ജാതക ത്തിൽ ചൊവ്വ നിൽക്കുന്നത് പുരുഷരാശി– നവാശകത്തിലാണെങ്കിൽ ചൊവ്വാദശയിൽ ദോഷപരിഹാരമായി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വഴിപാടുകളും, സ്ത്രീരാശി– നവാശകത്തിലാണ് ചൊവ്വ നിൽക്കുന്നതെങ്കിൽ ദേവീക്ഷേത്രത്തിൽ വഴിപാടുകളും കഴിക്കാം. അപ്പോൾ ദോഷത്തിന്റെ ഗൗരവം കുറയുകയും ചെയ്യും. ഏതു മതസ്ഥർക്കും അവരവരുടെ ആരാധനാലയങ്ങളിൽ പ്രാർത്ഥിക്കാവുന്നതാണ്. രത്നം ധരിക്കുവാൻ ആഗ്രഹിക്കുന്നവർ ഈ ദശയിൽ ‘പവിഴ’ മാണ് (Coral) ധരിക്കേണ്ടത്. ഇതും നല്ലതു തന്നെ.


ലേഖകന്റെ വിലാസം:


A.S. REMESH PANICKER 
     Kalarickal House, Chittanjoor.  P.O. 
     Kunnamkulam, Thrissur- Dist. 
     Resi: 04885- 220886, Mob: 9847966177 
     Email: remeshpanicker17@gmail.com

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions