Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലഡ് ഗ്രൂപ്പ് പറയും നിങ്ങളുടെ സ്വഭാവം!

Blood Group

ജന്മനക്ഷത്രവും ജനനസമയവും പറഞ്ഞാൽ ഭൂതവും ഭാവിയും വർത്തമാനവുമെല്ലാം പറയുന്ന നിരവധി പ്രഗത്ഭരായ ജ്യോതിഷികൾ ഉള്ള നാടാണ് നമ്മുടേത്.എന്നാൽ ജന്മനക്ഷത്രത്തിന്റെ ഒന്നും അടിസ്ഥാനത്തിലല്ലാതെ നമ്മുടെ സ്വഭാവവിശേഷങ്ങളും പൊരുത്തവുമെല്ലാം പറയാൻ ജപ്പാനിലുള്ളവർ ആശ്രയിക്കുന്നത്ര ക്തഗ്രൂപ്പുകളെയാണ്.രക്തഗ്രൂപ്പുകളുടെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ പ്രതികരണങ്ങൾ പോലും എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കാൻ കഴിയുമെന്നാണ് ജപ്പാൻക്കാർ പറയുന്നത്.

ശരീരത്തിലെ രക്തത്തെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നത് ചുവന്ന രക്ത കോശങ്ങളിലെ ആന്റിജനിനെ ആധാരമാക്കിയാണ്.പ്രധാനമായും നാല് വിഭാഗങ്ങളായാണ് രക്തത്തെ തിരിച്ചിരിക്കുന്നത്.അതിൽ എ ആന്റിജനുകൾ ഉള്ളവർ 'എ' വിഭാഗത്തിലും.ബി ആന്റിജനുകൾ ഉള്ളവർ 'ബി' വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. 'എ ബി' രക്ത വിഭാഗത്തിൽ ഉള്ളവർ എ ആന്റിജനിന്റെയും  ബി ആന്റിജനിന്റെയും ലക്ഷണങ്ങളുള്ളവരാണ്.ആന്റിജനുകളുടെ സവിശേഷതകൾ ഒന്നും കാണിക്കാത്തവ  'ഒ' വിഭാഗത്തിൽ  ഉൾപ്പെടുന്നു. ഈ നാല് വിഭാഗങ്ങളിലൂടെയാണ് നമ്മുടെ വ്യക്തിത്വത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചുമെല്ലാം ജപ്പാനിലുള്ളവർ വിശദീകരിക്കുന്നത്.

എ വിഭാഗം 

തങ്ങൾക്കു ചുറ്റിലും എന്ത് പ്രശ്ങ്ങൾ ഉണ്ടായാലും അതിനെ സധൈര്യം നേരിടുന്നവരാണ് ഈ വിഭാഗക്കാർ.മറ്റുവർ വിഷമിച്ചും ഭയപ്പെട്ടും നിൽക്കുന്ന സന്ദർഭങ്ങളിൽ അവർക്കു കൂടി ധൈര്യം പകരാൻ കെല്പുള്ളവരാണിവർ. സമാധാനകാംക്ഷികളായ ഇവർ കാര്യങ്ങളെ വളരെ നയപരമായി കൈകാര്യം ചെയ്യും.അതേസമയം തന്നെ അന്തർമുഖരും പ്രശ്നങ്ങളിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവരുമായിരിക്കും.ഇവരുടെ വലിയൊരു പോരായ്മാ എന്നത്  തങ്ങളൊരിക്കലും മറ്റുള്ളവരുമായി ചേർന്ന് പോകില്ലെന്ന ചിന്തയാണ്. എന്നാൽ ഇവരുടെ കൂടെയുള്ളവർക്കു  എപ്പോഴും എന്തിനും ഇവരെ ആശ്രയിക്കാവുന്നതാണ്. സർഗ്ഗപരമായി കഴിവ് പുലർത്തുന്ന ഇവർ ലോലഹൃദയരും പൂര്ണതക്ക് വേണ്ടി എന്തിനും തയ്യാറാകുന്നവരുമാണ്. മനഃസാക്ഷിക്കനുസരിച്ചു പ്രവർത്തിക്കുന്ന ഈ വിഭാഗക്കാർ എ ബി വിഭാഗവുമായും സ്വവിഭാഗവുമായും വളരെയധികം പൊരുത്തപ്പെട്ടുപോകാറുണ്ട്.

ബി വിഭാഗം 

വളരെ പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഈ വിഭാഗക്കാർ.ഏല്പിക്കുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെ ചെയ്യുന്നവരാണിവർ.കഠിനാധ്വാനികളും കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നവരുമാണ്.തങ്ങളുടെ  ലക്ഷ്യത്തിലെത്താനായി കഠിനമായി ശ്രമിക്കുന്നവരാണ് ഇക്കൂട്ടർ.ചെറിയ കാര്യങ്ങൾ പോലും വിട്ടുകളയാതെ എല്ലാം ഭംഗിയായി ചെയ്യാൻ ഇവർ ഇപ്പോഴും താല്പര്യം കാണിക്കാറുണ്ട്.ചില സമയങ്ങളിൽ വളരെ ഗൗരവപൂർവം പെരുമാറുന്ന ബി വിഭാഗക്കാർ ചിലപ്പോൾ നിർവികാരരുമാണ്.പലപ്പോഴും അവിശ്വസനീയമായ രീതിയിൽ പെരുമാറാറുണ്ട് ഇക്കൂട്ടർ.സദുദ്ദേശപരമായി പ്രവര്ത്തിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ അമിതാവേശത്തിന്റെ പുറത്തു ഇവർക്ക് വിനയായി ഭവിക്കാനിടയുണ്ട്.സ്വന്തം വിഭാഗവുമായും എ ബി വിഭാഗവുമായും ഇവർ നന്നായി ചേർന്ന് പോകും.

എ ബി വിഭാഗം 

ഈ വിഭാഗത്തെ എളുപ്പത്തിൽ വേർതിരിക്കാൻ പ്രയാസമാണ്.ഒരേ സമയം തന്നെ രണ്ടു തരത്തിലുള്ള സ്വഭാവ സവിശേഷതകളും ഇക്കൂട്ടർ പ്രകടിപ്പിക്കും. ഉദാഹരണമായി പറഞ്ഞാൽ, മറ്റുള്ളവരുമായി പെട്ടന്ന് അടുക്കുമെങ്കിലും  നാണം കുണുങ്ങികളായിരിക്കും. ഉത്തരവാദിത്വത്തോടെ പെരുമാറുന്നവരും വിശ്വസിക്കാൻ കൊള്ളുന്നവരുമായിരിക്കും ഇവർ.കലയിലും തത്വചിന്തയിലും താല്പര്യമുള്ളവരായിരിക്കും. പ്രവചനാതീതമായ സ്വഭാവ ത്തിനുടമകളാണ്. എന്തെങ്കിലും ഒരു കാര്യത്തെയോ ആളുകളെയോ കുറിച്ച് മുൻധാരണയോടെ ചിന്തിക്കുകയും അവരുമായി ബന്ധപെടുമ്പോൾ ആ ധാരണകൾ അതേപടി മാറ്റുകയും ചെയ്യുന്നതിൽ മിടുക്കരാണിവർ. പെട്ടന്ന് പ്രതികരിക്കുക എന്നുള്ളതും ഇവരുടെ സവിശേഷതയാണ്.

ഒ വിഭാഗം 

ഊർജസ്വലരും ഉത്സാഹഭരിതരും മറ്റുള്ളവരോട് പെട്ടന്ന് ഇണങ്ങുന്ന വരുമാണ് ഈ വിഭാഗക്കാർ.എല്ലാ രക്തവിഭാഗക്കാരുമായും ചേർന്ന് പോകുന്നതിനു ഇവർക്ക് യാതൊരു മടിയുമുണ്ടാകാറില്ല.വളരെ കാലത്തേക്ക് ഒരു കാര്യത്തിൽ തന്നെ ഉറച്ചുനിൽക്കുന്നതിൽ വിമുഖത കാണിക്കുന്നവരാണിവർ.മനസ്സിൽ തോന്നുന്ന  കാര്യങ്ങൾ അതേപടി പറയുകയും പ്രവർത്തിക്കുകയും ചെയ്യും.മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കു വില കല്പിക്കുന്ന ഇവർ താനുൾപ്പെട്ട സാമൂഹിക വിഭാഗങ്ങളിൽ  ശ്രദ്ധാകേന്ദ്രമാകാൻ താല്പര്യമുള്ളവരാണ്.ആത്മവിശ്വാസത്തോടെ എല്ലായ്പ്പോഴും പെരുമാറുന്നവരാണ് ഇക്കൂട്ടർ. ഒ  വിഭാഗത്തിൽപെട്ട ആളുകൾ ശ്രേഷ്ഠരാണെന്നാണ് ജപ്പാനിലുള്ളവരുടെ വിശ്വാസം. എ ബി വിഭാഗവുമായും സ്വവിഭാഗവുമായും നല്ലതുപോലെ പൊരുത്തപ്പെട്ടു പോകുന്നവരാണിവർ.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions