Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അത്ര ചെറുതല്ല മൂക്കുത്തിക്കാര്യം, അണിഞ്ഞാൽ ഗുണം പലത്!

Nose Pin

കാലാകാലങ്ങളായി സ്ത്രീകളുടെ ആഭരണപ്പെട്ടികളിൽ മൂക്കുത്തിക്കു വലിയ സ്ഥാനമുണ്ട്. ഇടയ്ക്കു എപ്പോഴെങ്കിലും ഒന്ന് മങ്ങിപ്പോയെന്നു തോന്നിയാൽ അതിനെ വർധിച്ച തിളക്കത്തോടെ പിന്നെയും മുഖ്യധാരയിലെത്തിക്കാൻ എല്ലാക്കാലത്തും ബഹുജന മാധ്യമമായ സിനിമ തയാറുമാണ്. മൂക്കുത്തി വർണനയിലൂടെ ശ്രദ്ധയാകർഷിച്ചിട്ടുള്ള എത്രയെത്ര  സിനിമാഗാനങ്ങളാണ് നമുക്കുള്ളതല്ലേ? കമ്മലിനും മാലക്കും മോതിരത്തിനുമൊന്നുമില്ലാത്ത പദവിയും പത്രാസുമാണ് മൂക്കുത്തിക്കുള്ളത്. പുറംമൂക്കു തുളച്ചിടുന്ന ചെറിയൊരു ആഭരണത്തിനു എന്തുകൊണ്ടായിരിക്കും ഇത്രയധികം പ്രാധാന്യം? 

മൂക്കുത്തികൾ സ്ത്രീകൾക്ക് അഴക് മാത്രമല്ല ആരോഗ്യകരവുമാണെന്നാണ് ആധ്യാത്മീകമായും ശാസ്ത്രീയമായും പറയപ്പെടുന്നത്. സ്ത്രീകൾ വിവാഹവേളയിൽ അഗ്നിസാക്ഷിയായി മൂക്കുത്തി ധരിച്ചാൽ ചെന്ന് കയറുന്ന ഭവനത്തിൽ സർവൈശ്വര്യങ്ങളും കൈവരുമെന്നാണ് ഹൈന്ദവ പ്രമാണങ്ങളുടെ ഭാഷ്യം. ആദ്യത്തെ മൂക്കുത്തിയുമായി ബന്ധപ്പെട്ടു കേൾക്കുന്ന കഥ ബൈബിളിൽ നിന്നുമാണ്. ഏകദേശം നാലായിരം വർഷങ്ങൾക്കു മുൻപാണിത്. ഉല്പത്തി പുസ്തകം 24:22 ലാണ് മൂക്കു കുത്തിയെക്കുറിച്ച് പറയുന്നത് (അബ്രാഹിന്റെ പുത്രനായ ഇസഹാക്കിന്റെ ഭാവിവധുവിനു നൽകിയ ആഭരണങ്ങളിൽ ഒന്ന്). വിവാഹവേളയിൽ മുസ്ലിം സ്ത്രീകളും പണ്ടുകാലങ്ങളിൽ മൂക്കുത്തി ധരിച്ചിരുന്നു.

Nose Pin

ആധുനിക ഇന്ത്യയ്ക്ക്  മൂക്കുത്തി നൽകിയത് മുഗളന്മാരാണ്, അതും പതിനാറാം നൂറ്റാണ്ടിൽ. സുശ്രുതന്റെ വിഖ്യാത പുസ്തകമായ സുശ്രുത സംഹിതയിലും (ചികിത്സാ സ്ഥാന-അധ്യായം 19)  മൂക്കുത്തിയെ സംബന്ധിച്ചുള്ള പരാമർശമുണ്ട്. സുശ്രുത സംഹിതയിലെ മൂക്കുത്തി പരാമർശം പക്ഷെ വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെടുത്തിയാണ്. സ്ത്രീകളുടെ ആർത്തവ വേദന കുറയ്ക്കുന്നതിൽ തുടങ്ങി, പ്രസവം എളുപ്പമാക്കുന്നതിനു വരെ മൂക്കുത്തിക്കു കഴിയുമെന്നാണ് പൗരാണിക ഭിഷഗ്വരനായ സുശ്രുതന്റെ വാദം. അതിനു വേണ്ടി മൂക്കുകുത്തുന്നത് മൂക്കിന്റെ ഇടതുഭാഗത്തായിരിക്കണമെന്നുമാത്രം. ഇടതുഭാഗത്തെ മൂക്കിലെ  ചെറിയ ധമനികൾ സ്ത്രീകളുടെ ഗർഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാണിങ്ങനെയുള്ള നേട്ടം മൂക്ക് കുത്തുന്നതുകൊണ്ടു ലഭിക്കുന്നത്. 

Nose Ring

ദക്ഷിണേന്ത്യയിലെ സ്ത്രീകളിൽ വിവാഹിതരായവരാണ് കൂടുതലും മൂക്കുത്തി അണിയാറുള്ളത്. ആചാരങ്ങളുമായി ബന്ധപ്പെട്ടാണ് പലരും മൂക്കുത്തി അണിയുന്നത്. വിവാഹിതരായവർ മൂക്കുത്തി നിർബന്ധമായും അണിയണമെന്നു നിഷ്കർഷിക്കുന്ന ചില മതവിഭാഗങ്ങൾ തന്നെ നമ്മുടെ ഭാരതത്തിലുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട പരിശുദ്ധമായ ഒരാഭരണമാണിവിടെ മൂക്കുത്തി. കുടുംബത്തിൽ സർവൈശ്വര്യങ്ങളും കൈവരുന്നതിനും ഭർത്താവിന്റെ ആയുരാരോഗ്യസൗഖ്യത്തിനുമായി വിശ്വാസങ്ങളുടെ പേരിലും മൂക്കുത്തിയണിയുന്നവർ ധാരാളമാണ്.  തമിഴ്‌നാട്ടിലും കർണാടകയിലുമുള്ള ഭൂരിപക്ഷം സ്ത്രീകളും വിശ്വാസങ്ങളെ മാനിച്ച് മൂക്കുത്തി അണിയുന്നവരാണ്. വലതുമൂക്കിലാണ് സാധാരണയായി ദക്ഷിണേന്ത്യയിലെ സ്ത്രീകൾ മൂക്കുത്തി അണിയുന്നത്. വടക്കേ ഇന്ത്യയിലെ സ്ത്രീകൾ ഇടത്തെ മൂക്കാണ് കുത്താറ്.

ആചാര വിശ്വാസങ്ങൾക്കനുസരിച്ചു പല രൂപങ്ങളിലുള്ള മൂക്കുത്തിയാണ് പലനാടുകളിലും അണിയാറ്. തമിഴ് നാട്ടിലെയും കർണാടകയിലെയും സ്ത്രീകൾ താമരയുടെയും അരയന്നത്തിന്റെയും ആകൃതിയിലുള്ള മൂക്കുത്തികളാണണിയാറ്,അത് ഐശ്വര്യം പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം. 

വിശ്വാസങ്ങൾ എന്ത് തന്നെയായാലും മൂക്കുത്തി നാരികൾക്കു അഴകുത്തന്നെയാണ്. അഴകിനൊപ്പം സ്ത്രീകളുടെ പൊതുവായ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരവും കുടുംബത്തിനൈശ്വര്യവും ലഭിക്കുമെങ്കിൽ  ഇത്രയധികം വൈശിഷ്ട്യങ്ങളുള്ള മൂക്കുത്തിയണിയാൻ ഇനിയുമെന്തിനാണ് മടിച്ചു നിൽക്കുന്നത്? 

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions