Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വർഷത്തെ വിഷുഫലം ഇങ്ങനെ

Vishuphalam 2018

ലോക സംസ്കാരങ്ങളിൽ വച്ച് ഉന്നതിയിൽ നിൽക്കുന്ന ഒന്നാണു ഭാരതസംസ്കാരം. വിവിധ ഭാഷകളെക്കൊണ്ടും പല വിധത്തിലുള്ള ആചാര–അനുഷ്ഠാനങ്ങളെക്കൊണ്ടും വിവിധ ശാസ്ത്രങ്ങളെക്കൊണ്ടും ഇന്നും നമ്മുടെ രാജ്യം സമ്പൽസമൃദ്ധിയിലാണ്.

നമ്മുടെ നാടിന്റെ പൈതൃകമായിട്ടുള്ള പല കാര്യങ്ങളും ഓർമപ്പെടുത്തുന്ന ദിവസമാണു വിഷു. ഇക്കൊല്ലം മേടം രണ്ടിന് (ഏപ്രിൽ 15ന്) ആണു വിഷു.  ‘വിഷു’ ദിനത്തോടനുബന്ധിച്ചുള്ള ആചാരങ്ങളിലൊന്നാണു ‘വിഷുഫലം’ പറയുക എന്നത്.

എന്താണ് വിഷുഫലം? മനുഷ്യനന്മയ്ക്കായി ഒരു വര്‍ഷത്തിലുണ്ടാകുന്ന പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ  ജ്യോതിശ്ശാസ്ത്രം മുഖേന ഗണിച്ചുണ്ടാക്കി അതു നാട്ടിൻപുറത്തുള്ള ജനങ്ങളിൽ എത്തിക്കുന്നു. ഇത്തരം അറിവുകൾ കാർഷിക ആവശ്യങ്ങൾക്ക് ഉപകരിക്കുന്നു. പഴയകാലത്ത് വിഷുസംക്രാന്തി ദിവസം രാവിലെ മുതൽ അതതു നാട്ടിലെ പാരമ്പര്യ ജ്യോത്സ്യർ മുൻകൂട്ടി ഓലയില്‍ തയാറാക്കിയ ‘വിഷുഫലം’ നിഷ്കാമമായി ഓരോ വീടുകളിലും എത്തിക്കും. കുടുംബകാരണവർ ഭക്തിയോടു കൂടി ദക്ഷിണ നൽകി ഓല വാങ്ങി വായിച്ച് ഓരോ കാര്യങ്ങളിലെയും സംശയങ്ങൾ തീർക്കും. കാലം കുറെ കഴിഞ്ഞു. നാട്ടിൽ പുരോഗതിയിലേക്കുള്ള മാറ്റങ്ങൾ വന്നുവന്ന് ഇപ്പോൾ ഡിജിറ്റൽ യുഗമായിരിക്കുകയാണ്. എന്നാലും വിഷുഫലത്തിന് ഇന്നും പ്രസക്തിയുണ്ട്. ‘ജ്യോതിശ്ശാസ്ത്ര’ത്തിനും.

ഈ വർഷത്തെ വിഷുഫലം ഇങ്ങനെ

ധനുശ്ശനി തുലാം വ്യാഴം കൊല്ലവർഷം 1193–ാമത് മേടമാസം 1–ാം തിയതി 2018 ഏപ്രില്‍ മാസം 14–ാം തിയതി ശനിയാഴ്ച ഉദിച്ച് 4 നാഴിക 45 വിനാഴികക്ക് (പകൽ 8 മണി 13 മിനിറ്റ് I.S.T. AM) ഉത്തൃട്ടാതി നക്ഷത്രവും മീനക്കൂറും കൃഷ്ണപക്ഷത്തിൽ ത്രയോദശി തിഥിയും ‘സുരഭി’ കരണവും ‘മാഹേന്ദ്ര’ നാമനിത്യയോഗവും കൂടിയ സമയത്ത് മേടം രാശി ഉദയ സമയം കൊണ്ട് അഗ്നിഭൂതോദയം കൊണ്ട് മേടവിഷുസംക്രമം.

1. സംക്രമ പുരുഷൻ – ശയാനൻ

2. സംക്രാന്തി ദേവത – രാക്ഷസി

3. വാഹനം – പോത്ത്

4. വസ്ത്രം – കമ്പളം

5. പുഷ്പം – നീലോൽപലം

6. അലങ്കാരം – നീലരത്നം

7. വിലേപനം – വസാ

8. ആയുധം – തോമരം

9. സ്നാനജലം – നിർമലതോയം

10. ഛത്രവർണ്ണം – കൃഷ്ണം

11. ഭോജനപാത്രം – ത്രപു

12. ഭോജനം – ദധി

13. വാദ്യം – ഭേരി

14. അഭിമുഖം – കിഴക്ക്

15. ഗമനം – വായുകോൺ

16. സ്വഭാവം – ലോല ചിത്താ

17. മണ്ഡലം – വരുണ മണ്ഡലം

18. മേഘം – കാളമേഘം

19. വർഷം – ഒരു പറ

സംക്രമ പുരുഷൻ ശയാനനാകയാൽ പദാർഥങ്ങൾക്കു വിലക്കുറവ്.
സംക്രാന്തി ദേവത രാക്ഷസിയാകയാൽ സൗഖ്യം.
വാഹനം പോത്ത് ആകയാൽ പശുക്കൾക്ക് നാശം.
വസ്ത്രം കമ്പളമാകയാൽ ധാന്യസമൃദ്ധി.
പുഷ്പം നീലോൽപലമാകയാല്‍ ധാന്യനാശം.
അലങ്കാരം നീലരത്നമാകയാൽ നീലരത്നങ്ങൾക്ക് നാശം.
വിലേപനം വസാ ആകയാൽ പശുക്കൾക്ക് നാശം.
ആയുധം തോമരമാകയാൽ പശുക്കൾക്ക് നാശം.
സ്നാന ജലം നിർമലതോയമാകയാൽ സർവാഭീഷ്ടലാഭം.
ഛത്രവർണം കൃഷ്ണമാകയാൽ ലോകത്തിൽ എല്ലാതരത്തിലുമുള്ള നാശനഷ്ടം.
ഭോജനപാത്രം ത്രിപുവാകയാൽ അനാവൃഷ്ടി.
ഭോജനം ദധിയാകയാൽ നാൽക്കാലികൾക്കും സസ്യങ്ങള്‍ക്കും നാശം.
വാദ്യം ഭേരിയാകയാൽ ഭരണകർത്താക്കൾക്ക് സൽകീർത്തി.
അഭിമുഖം കിഴക്ക് ദിശയിലേക്കാകയാൽ എല്ലാവർക്കും അഭിവൃദ്ധി.
ഗമനം വായുകോണിലേക്കാകയാൽ വായവ്യവാസികൾക്ക് നാശം.
സ്വഭാവം ലോലചിത്തയാകയാൽ കള്ളന്മാരിൽ നിന്നുള്ള ഭയം.
മണ്ഡലം വരുണമണ്ഡലമാകയാൽ നല്ല മഴയും ലോകാഭിവൃദ്ധിയും ലഭിക്കും.
മേഘം കാളമേഘമാകയാൽ നല്ല മഴലഭിക്കും.
വർഷം ഒരു പറയാകയാൽ ആവശ്യങ്ങൾക്ക് നല്ല മഴ ലഭിക്കുകയും ചെയ്യും.

പഴമക്കാർ വിഷു അവസരത്തിൽ സാധാരണ ചോദിക്കാറുള്ള ചോദ്യമുണ്ട് ഈ വർഷം എത്ര പറ വർഷമാണ് എന്ന്.  ഒരു പറ, 2 പറ, 3 പറ, 4 പറ എന്നിങ്ങനെയാണു വർഷം കണക്കാക്കുക. ഇതിൽ ഒന്നും മൂന്നും വന്നാൽ നല്ലപോലെ മഴ ലഭിക്കുമെന്നും രണ്ടും നാലും വന്നാൽ ആവശ്യത്തിനു മഴ ലഭിക്കില്ലെന്നും പറയും. ഇതിൽ ഏറ്റവും നല്ലത് ‘ഒരു പറ’ വർഷമാണ്.

ആര് എന്തെല്ലാം പറഞ്ഞാലും സത്യവും ധർമവും നീതിയുമുള്ള ഏതൊരു കാര്യവും ലോകത്തിൽ എന്നും തലമുറകളിലൂടെ നിലനിൽക്കുന്നു എന്നുള്ളത് പ്രകൃതിസത്യമാണ്. മറ്റെല്ലാം നാമാവശേഷമാകുന്നു. ജ്യോതിശ്ശാസ്ത്രം എല്ലാ കാലഘട്ടത്തിലും നിലനിൽക്കുന്നു. കാരണം ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

ലേഖകന്റെ വിലാസം:

A.S. Remesh Panicker

Kalarickel House, Chittanjoor P.O.

Kunnamkulam, Thrissur Dist.

ഫോൺ: 9847966177

Email: remeshpanicker17@gmail.com

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions