സർപ്പദോഷനിവാരണത്തിന് ഒരു ദിനം, വ്രതം നോറ്റാൽ സർ‌വ്വൈശ്വര്യം!

ഭാരതത്തിൽ നാഗാരാധനയ്ക്ക് പ്രത്യേക സ്ഥാനമുണ്ട് . ഐശ്വര്യത്തിനും കുടുംബ അഭിവൃദ്ധിക്കും സന്താനഭാഗ്യത്തിനുമായാണ്  സർപ്പപൂജ പ്രധാനമായി നടത്തുന്നത് . നാഗാരാധന പ്രകൃത്യാരാധന കൂടിയാണ്. പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ സർപ്പങ്ങള്‍ക്ക് കഴിയും എന്നൊരു വിശ്വാസമുള്ളതുകൊണ്ടാണ് പൂര്‍വികര്‍ നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിച്ചിരുന്നത്.

എല്ലാ മാസത്തിലെയും ആയില്യം നാളിലാണ് ആയില്യപൂജ നടത്തുന്നത്. സർപ്പദോഷമകറ്റാൻ ഉത്തമ മാർഗവുമാണിത്.സൂര്യനാണു നാഗരാജന്റെ ദേവത. സൂര്യഭഗവാന് പ്രാധാന്യമുള്ള  ഞായറാഴ്ച ദിവസം നാഗപൂജ ശ്രേഷ്ഠമാണ്. ആയില്യം നക്ഷത്രവും ഞായറാഴ്ചയും ഒത്തു വരുന്ന ദിനമാണ് 2018 ജൂലൈ 15 .അന്നേദിവസം വ്രതാനുഷ്ഠാനത്തോടെ നാഗരാജാവിനെ  വണങ്ങുന്നത് ഉത്തമമാണ്.

ആയില്യവ്രതം അനുഷ്ഠിക്കേണ്ടതെങ്ങനെ ?

സർപ്പ പ്രീതിക്കും സർപ്പദോഷപരിഹാരത്തിനും ആയില്യ വ്രതം അനുഷ്ഠിച്ചു പ്രാർഥിക്കാവുന്നതാണ്. ആയില്യത്തിന്റെ തലേ ദിവസം മുതൽ വ്രതം ആരംഭിക്കണം . ഒരിക്കലൂണ് നന്ന് . പകലുറക്കം പാടില്ല .മൂലമന്ത്രം ( ഓം നാഗരാജായതേ നമഃ ഓം നാഗദേവിയേ നമഃ ) ജപിക്കുന്നതും ഉത്തമമാണ് . ആയില്യത്തിന്റെ അന്ന് നാഗരാജ ക്ഷേത്രങ്ങളിലോ നാഗം ഉപദേവതയായുള്ള ക്ഷേത്രത്തിലോ ആയില്യപൂജ വഴിപാടായി സമർപ്പിക്കാം .സർ‌വദോഷ പരിഹാരത്തിനും സർ‌വ ഐശ്വര്യത്തിനും നടത്തുന്ന വഴിപാടാണ്  ആയില്യപൂജ. ദോഷങ്ങളകലാൻ  നാഗദൈവങ്ങള്‍ക്ക് മഞ്ഞള്‍പൊടി സമര്‍പ്പിക്കുന്നതും നന്ന്. ആയില്യത്തിന്റെ പിറ്റേന്ന്  മഹാദേവക്ഷേത്ര  ദർശനം നടത്തി തീർഥം സേവിച്ച്   വ്രതമാവസാനിപ്പിക്കണം . 

ആലപ്പുഴ ഹരിപ്പാടുള്ള  മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം. തൃശൂരിലെ  പാമ്പുമ്മേക്കാട്, കൊല്ലത്തെ തൃപ്പാര ക്ഷേത്രം, എറണാകുളത്തെ ആമേടമംഗലം, മഞ്ചേശ്വരത്തെ മദനന്തേശ്വരക്ഷേത്രം,തിരുവനന്തപുരത്തെ അനന്തന്‍‌കാട് ക്ഷേത്രം,  കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, എറണാകുളത്തെ ആമേടമംഗലം, മാന്നാറിലെ പനയന്നാര്‍കാവ് എന്നിവ കേരളത്തിലെ  പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളാണ്.

സര്‍പ്പദോഷപരിഹാരത്തിന് നവനാഗസ്‌തോത്രം നിത്യവും ജപിക്കാം.

പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം

ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ