കർക്കടകവാവ് ആചരിക്കേണ്ടതെങ്ങനെ? കാണിപ്പയ്യൂർ

കർക്കടകം 26–ാം തീയതി (ഓഗസ്റ്റ് 11) ശനിയാഴ്ചയാണ് ഈ വർഷം കർക്കടക വാവ്. അന്നേദിവസം ബലികർമങ്ങൾ അഥവാ പിതൃശ്രാദ്ധം നടത്തുന്നത്  ആചാരത്തിന്റെ ഭാഗമാണ്. ഈശ്വരനെയും ധർമദൈവങ്ങളെയും ആരാധിക്കുന്നതുപോലെ ഗുരുസ്ഥാനം നൽകി പിതൃക്കളെ വന്ദിക്കുന്നതാണ്  ശ്രാദ്ധമൂട്ടൽ. മരിച്ച നക്ഷത്രമനുസരിച്ചും തിഥി അനുസരിച്ചും ശ്രാദ്ധം നടത്താറുണ്ട്. മിക്കവരും  നക്ഷത്ര ശ്രാദ്ധത്തിനാണ് പ്രാധാന്യം നൽകുന്നത്. ശ്രാദ്ധമൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റിയും അനുഷ്ഠിക്കേണ്ട രീതിയെപ്പറ്റിയും  പ്രശസ്ത ജ്യോത്സ്യൻ ശ്രീ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് വിശദമാക്കുന്നു.

ഒരു പിതൃദിനം  മുന്നൂറ്റിയറുപത്തഞ്ചേകാൽ ദിനം വരുന്ന ഒരു വർഷമാണത്രേ. ഉദാഹരണമായി, ധനുമാസത്തിലെ അശ്വതി നക്ഷത്രത്തിൽ ഒരാൾ മരിച്ചാൽ, അടുത്ത ധനുവിലെ അശ്വതി ആകുമ്പോഴേക്കും നമുക്ക് ഒരു വർഷം കഴിയും. എന്നാൽ പിതൃക്കൾക്ക് ഒരു ദിവസമേ ആകുകയുള്ളു എന്നാണ് ശാസ്ത്രം.  ശ്രാദ്ധദിവസം ബലികർമങ്ങൾ നടത്തുന്നത് പിതൃപ്രീതിക്ക് ഉത്തമമാണ്. ഇപ്പോഴത്തെ ജീവിതത്തിരക്കിനിടയിൽ വർഷാവർഷം ശ്രാദ്ധച്ചടങ്ങുകൾ നടത്താൻ സാധിക്കാതെ വരാറുണ്ട്. അതിനു പരിഹാരമായി, പിതൃക്കൾക്കു പ്രാധാന്യമുള്ള കർക്കടകത്തിലെ അമാവാസിദിനത്തിൽ ബലിതർപ്പണം നടത്തുന്നത്   സമ്പത്തിനും ഐശ്വര്യത്തിനും സമാധാനത്തിനും സന്തതി പരമ്പരകളുടെ ക്ഷേമത്തിനും ഉത്തമമാണെന്നാണ് വിശ്വാസം.