Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതസൗഭാഗ്യങ്ങൾക്കായ് രാമായണത്തിലെ ഈ ഭാഗങ്ങൾ നിത്യവും വായിച്ചോളൂ

Ramayana Reading

കര്‍ക്കിടകത്തിലെ ക്ലേശകരമായ ജീവിതശൈലിയില്‍നിന്നും മുക്തിനേടാൻ പൂർവികർ തിരഞ്ഞെടുത്ത ഭക്തിമാര്‍ഗമാണ്‌ രാമായണ പാരായണം. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹർഷി എഴുതിയ ആദ്യകാവ്യമായ രാമായണം ഭക്തിയോടെ കർക്കിടകമാസത്തിലുടനീളം പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് ഉത്തമമാണ്. കർക്കടകത്തിലല്ലാതെ രാമായണ പാരായണം നടത്താമോ ? നിത്യപാരായണത്തിനു ചിട്ടകൾ ഉണ്ടോ? എന്നിങ്ങനെ രാമായണ പാരായണത്തെ സംബന്ധിച്ചു പല സംശയങ്ങളും സാദാരണക്കാർക്കു ഉണ്ടാവാറുണ്ട്. 365 ദിവസവും രാമായണം പാരായണം ചെയ്യാം. നിത്യേന ജപത്തിനു ശേഷം കുറച്ചു വീതം പാരായണം ചെയ്യുന്നത് ഉത്തമം. കൂടാതെ ആഗ്രഹസാഫല്യത്തിനായി ചില പ്രത്യേക ഭാഗങ്ങൾ നിത്യവും പാരായണം ചെയ്യുന്ന പതിവുണ്ട്.

ശത്രുദോഷ ശമനത്തിന്

യുദ്ധകാണ്ഡത്തിലെ ആദിത്യ ഹൃദയമന്ത്രം നിത്യവും ജപിക്കുക 

സർവ്വകാര്യ സിദ്ധിക്കായ്

സുന്ദരകാണ്ഡം നിത്യവും പാരായണം ചെയ്യുക

മംഗല്യഭാഗ്യത്തിനും ദാമ്പത്യസൗഖ്യത്തിനും

ബാലകാണ്ഡത്തിലെ സീതാസ്വയംവരം എന്ന ഭാഗത്തിലെ 'സത്‌കാര യോഗ്യന്മാരാം രാജപുത്രന്മാരെ....എന്നു തുടങ്ങി ഹോമവും കഴിച്ചു തൻ പുത്രിയാം വൈദേഹിയെ രാമനു നൽകീടിനാൻ ജനകമഹീന്ദ്രനും.... വരെ നിത്യവും രാവിലെ പാരായണം ചെയ്യാം .

സന്താനഭാഗ്യത്തിന്

ബാലകാണ്ഡത്തിലെ പുത്രകാമേഷ്ടി ഭാഗം വായിക്കാം. ' തന്നുടെ ഗുരുവായ വസിഷ്‌ഠനിയോഗത്താൽ... എന്നു തുടങ്ങി 

ഗർഭവും പൂർണമായി ചമഞ്ഞതു കാല–

മർഭകന്മാരും നാൽവർ പിറന്നാരുടനുടൻ.. വരെ  പാരായണം ചെയ്യാം 

സുഖപ്രസവത്തിന് 

ബാലകാണ്ഡത്തിലെ ശ്രീരാമാവതാര ഭാഗത്തിലെ 

‘ഉച്ചത്തിൽ പഞ്ചഗ്രഹം നിൽക്കുന്ന കാലത്തിങ്ക–

ലച്യുതനയോദ്ധ്യയിൽ കൗസല്യാത്മജനായാൻ...

എന്നു തുടങ്ങി കൗസല്യാസ്തുതിയായ,

‘നമസ്‌തേ നാരായണ! നമസ്‌തേ നരകാരേ! 

സമസ്‌തേശ്വര! ശൗരേ! നമസ്‌തേ ജഗത്‌പതേ!’ എന്നു വരെ പാരായണം ചെയ്യാം 

പരീക്ഷാവിജയത്തിന് 

ബാലകാണ്ഡത്തിൽ ‘ഭാർഗ്ഗവഗർവ്വശമനം’ എന്ന ഭാഗത്തിലെ ‘ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ?... ’ 

എന്നു തുടങ്ങി

സ്വർഗ്ഗതിക്കായിടിടെന്നാൽ സഞ്ചിതമായ പുണ്യ–

മൊക്കെ നിൻബാണത്തിനു ലക്ഷ്യമായ് ഭവിക്കേണം’  എന്നു വരെ പാരായണം ചെയ്യാം

ആപത്ത് ഒഴിയാൻ

യുദ്ധകാണ്ഡത്തിൽ 'വിഭീഷണൻ ശ്രീരാമസന്നിധിയിൽ' എന്ന ഭാഗത്തെ 

‘രാമാ! രമാരമണ! ത്രിലോകീപതേ! 

സ്വാമിൻ! ജയജയ നാഥ! ജയജയ!...’

എന്നു തുടങ്ങി 

‘ത്വൽപാദപങ്കജഭക്തിരേവാസ്തു മേ

നിത്യമിളക്കമൊഴിഞ്ഞു കൃപാനിധേ!’ എന്നുവരെ 30 ദിവസം വായിക്കണം.

പുനഃ സമാഗമത്തിന്

സുന്ദര കാണ്ഡത്തിലെ ഹനുമൽ– സീതാസംവാദം ഭാഗത്തിലെ 

‘ജഗദമലനയന രവിഗോത്രേ ദശരഥൻ

ജാതനായാനവൻതന്നുടെ പുത്രരായ്...’

എന്നു തുടങ്ങി 

‘ഇതി മധുരതരമനിലതനയനുരചെയ്‌തുട–

നിന്ദിരാദേവിതൻ കൈയിൽ നൽകീടിനാൻ' എന്നുവരെ നിത്യവും വായിക്കാം

തൊഴിൽ പുരോഗതിക്ക്

അയോദ്ധ്യാകാണ്ഡത്തിലെ 

‘മാതൃവചനം ശിരസി ധരിച്ചുകൊ–

ണ്ടാദരവോടു തൊഴുതു സൗമിത്രയും

തന്നുടെ ചാപശരാദികൾ കൈക്കൊണ്ടു 

ചെന്നു രാമാന്തികേ നിന്നു വണങ്ങിനാൻ.’  ഇത് ഒരു പ്രാവശ്യം വായിക്കുക. അതിനുശേഷം 

‘വസ്‌ത്രാഭരണങ്ങൾ പശുക്കളു–

മർഥമവധിയില്ലാതോളമാദരാൽ’ എന്നതു മുതൽ

‘ജാനകീദേവിയുമമ്പോടരുന്ധതി–

ക്കാനന്ദമുൾക്കൊണ്ടു ദാനങ്ങൾ നൽകിനാർ’ എന്നുവരെ രാവിലെയും ഉച്ചയ്‌ക്കും വൈകിട്ടും വായിക്കുക.

ബാലികാ ബാലന്മാരുടെ നന്മയ്‌ക്ക്

അയോധ്യാകാണ്ഡത്തിലെ 

‘നാരായണൻ നളിനായതലോചന 

നാരീജനമനോമോഹനൻ മാധവൻ...' എന്നു തുടങ്ങി

‘തൃപ്‌തി വരാ മമ വേണ്ടീല മുക്തിയും’ എന്നുവരെ വായിക്കുക.

അയോധ്യാകാണ്ഡത്തിലെ 

' സൃഷ്ടികർത്താവേ! വിരിഞ്ച ! പത്മാസന!

പുഷ്ടദയാബ്ധേ ! പുരുഷോത്തമ ! ഹരേ!...  ' എന്നു തുടങ്ങി

‘എന്മകനാശു നടക്കുന്നനേരവും

കല്മഷം തീർന്നിരുന്നീടുന്ന നേരവും

തന്മതികെട്ടുറങ്ങീടുന്ന നേരവും

സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ!’എന്നുവരെ പാരായണം ചെയ്യുന്നതും നല്ലതാണ്. 

ദുഃസ്വപ്‌നം മാറാൻ

സുന്ദര കാണ്ഡത്തിലെ   

‘ശൃണു വചനമിതു മമ നിശാചരസ്‌ത്രീകളേ!

ശീലാവതിയെ നമസ്കരിച്ചീടുവിൻ...’

എന്നു തുടങ്ങി 

‘കരുണയൊടു വയനമിതു കതിപയദിനം മുദാ

കാത്തുകൊള്ളേണമിവളെ നിരാമയം.’ എന്ന് വരെ പാരായണം ചെയ്യാം 

ഉത്തരവാദിത്തം നിറവേറ്റാൻ

അയോദ്ധ്യാകാണ്ഡത്തിലെ 

‘ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ;

ക്ഷിപ്രമരണ്യവാസത്തിനു പോകണം...’

എന്നു തുടങ്ങി

‘എന്മകനാശു നടക്കുന്നനേരവും

കല്മഷം തീർന്നിരുന്നീടുന്ന നേരവും

തന്മതികെട്ടുറങ്ങീടുന്ന നേരവും

സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ!’എന്നുവരെ പാരായണം ചെയ്യാം 

പാപശമനത്തിന്

സുന്ദരകാണ്ഡത്തിലെ 

‘ചിരമമിതസുഖമൊടുരു തപസി ബഹുനിഷ്‌ഠയാ 

ചിത്രകൂടാചലത്തിങ്കൽ വാഴും വിധൗ...’ എന്നു തുടങ്ങി

‘അപരമൊരു ശരണമിഹ നഹി നഹി 

നമോസ്തുതേ ആനന്ദമൂർത്തേ ശരണം നമോസ്തുതേ.’എന്നുവരെ പാരായണം ചെയ്യാം.

മോക്ഷലബ്‌ധിയ്ക്ക്

ആരണ്യകാണ്ഡവും ജടായു സദ്‌ഗതിയും നിത്യവും പാരായണം ചെയ്യാം.

മാറാരോഗങ്ങൾ മാറാൻ 

യുദ്ധകാണ്ഡത്തിലെ രാമ–രാവണയുദ്ധഭാഗത്തിലെ

‘ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു

ബദ്ധി മോദം പുറപ്പെട്ടിതു രാവണൻ’ എന്നു തുടങ്ങി 

അഗസ്ത്യാഗമനം, അഗസ്ത്യസ്തുതി എന്നിവ വായിച്ച് 

‘രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു

ധാത്രിയിലിട്ടു ദശരഥ പുത്രനും.’എന്നുവരെ നിത്യവും പാരായണം ചെയ്യുക

അകാരണമായ ഭയം, ഉപദ്രവം ഇവ ഒഴിവാക്കാൻ 

സുന്ദരകാണ്ഡത്തിലെ ലങ്കാമർദനം മുതൽ ലങ്കാദഹനം വരെയുള്ള ഭാഗങ്ങൾ നിത്യവും സന്ധ്യയ്ക്ക് വായിക്കുക.