പേരാണ് എല്ലാം, നിങ്ങളുടെ ഭാവി വരെ മാറ്റി മറിയ്ക്കാം

ഏതൊരു വ്യക്തിയുടെയും പേരും പ്രശസ്തിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.  ഇണക്കമുള്ള  പേര് ഒത്തുകിട്ടിയാൽ ആ പേരിലൂടെ അയാൾ കീർത്തിമാനാകും. പേരിന്റെ കാന്തികശക്തികൊണ്ട് പല വിപരീതങ്ങളും മാറും. അപ്രതീക്ഷിതമായ മേഖലകളിൽ പോലും കടന്നെത്താൻ കഴിയും. നരേന്ദ്രൻ എന്ന വ്യക്തി സ്വാമി വിവേകാനന്ദനായപ്പോൾ വന്ന മാറ്റം. ഇപ്രകാരം നല്ല പേര് ലഭിക്കാനും ഒരു ഭാഗ്യയോഗം വേണം എന്നത് വേറെകാര്യം. 

നല്ല പേരിന് അതായത്, ഗുണകരമായ പേരിന്  ജനനത്തീയതി, ജനനമാസം, ജനനവർഷം, ജന്മനക്ഷത്രം എന്നിവ കൂടി ഇണങ്ങി വരേണ്ടതുണ്ട്. ഇവ സസൂക്ഷ്മം വിലയിരുത്തി കൂടുതൽ ഊർജപ്രസരണശേഷിയുള്ള പേരാണ് ഇടേണ്ടത്. 

ഇപ്പോള്‍ കുഞ്ഞ് ജനിച്ചാൽ ദിവസങ്ങൾക്കകം പേര് റജിസ്റ്റർ ചെയ്യണം. കു‍ഞ്ഞ് വളർന്ന് കഴിയുമ്പോൾ പേര് മാറ്റം വരുത്താൻ ആഗ്രഹിക്കുന്ന പലരുമുണ്ട്. ആ സാഹചര്യം ഒഴിവാക്കാനായി ഗർഭിണിയായിരിക്കുമ്പോൾ തന്നെ പെൺകുട്ടിയാണെങ്കിലും ആൺകുട്ടിയാണെങ്കിലും ഇട്ടാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം പേരുകൾ തയാറാക്കിവയ്ക്കുക. ആ ലിസ്റ്റു കയ്യിലുണ്ടെങ്കിൽ പേരുനിർണയവിഷയത്തിൽ അറിവുള്ള വ്യക്തിയുടെ ഉപദേശം തേടി ഉടനെ പേര് സ്ഥിരപ്പെടുത്തി റജിസ്റ്റർ ചെയ്യാം. 

പത്മനാഭപിള്ള മന്നത്ത് പത്മനാഭൻ എന്ന് അറിയപ്പെട്ടതു മുതലുള്ള മുന്നേറ്റം, നാണു ആശാൻ ശ്രീനാരായണ ഗുരു ആയതു മുതലുള്ള മാറ്റവും, കുഞ്ഞൻ പിള്ള വിദ്യാധിരാജാ സ്വാമിയായപ്പോഴുള്ള മാറ്റം എന്നിങ്ങനെ പലതും ശ്രദ്ധിച്ചാൽ ഒരു പേര് ജീവിതം സടകുടഞ്ഞെഴുന്നേറ്റ് മുന്നേറാൻ എത്ര സഹായിക്കുന്നുവെന്ന് ബോധ്യമാകും. 

പുരാണത്തിലെ ശകുനി, അശ്വത്ഥാമാവ്, ഘടോൽക്കചൻ, മന്ഥര, കംസൻ, കുംഭകർണൻ തുടങ്ങിയവരുടെ പേരും പ്രവൃത്തിയും ജീവിതവും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നു നോക്കുക. 

അഭിമന്യുവിന്റെ പുത്രനായ പരീക്ഷിത്തിന്റെ പേര് നോക്കുക. ജീവിതം മൊത്തം പരീക്ഷണം. ഗർഭത്തിൽ കിടക്കുമ്പോൾ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രം ഏറ്റു മരിക്കേണ്ടതായിരുന്നു. കൃഷ്ണന്‍ ചക്രായുധം ഉപയോഗിച്ചു ബ്രഹ്മാസ്ത്രം നിർവീര്യമാക്കിയതുമൂലം കുഞ്ഞു രക്ഷപ്പെട്ടു. 

പറക്കമുറ്റും മുൻപ് പാണ്ഡവർ – പരീക്ഷിത്തിന്റെ പിതാമഹർ – മഹാപ്രസ്ഥാനത്തിനായി രാജ്യമുപേക്ഷിച്ചു പോയപ്പോൾ രാജ്യഭരണം എന്ന പരീക്ഷണം തോളിലേൽക്കേണ്ടിവന്നു. ഇങ്ങനെ പലതും. ഒടുവിൽ ദാഹിച്ചും ക്ഷീണിച്ചും വലഞ്ഞ പരീക്ഷിത്ത് ഒരിറ്റ് ദാഹജലം യാചിച്ചു മുനിയുടെ സമീപമെത്തി. മുനി ജലം കൊടുത്തില്ലെന്നു മാത്രമല്ല ഒരു വാക്ക് മറുപടി പോലും പറഞ്ഞില്ല. ഇതിൽ ക്ഷുഭിതനായ പരീക്ഷിത്ത് ചത്ത പാമ്പിന്റെ ഉടലെടുത്തു മുനിയുടെ കഴുത്തിലിട്ടു. ഉടനെ ശാപം കിട്ടി- ഇനി ഏഴു നാൾക്കകം പരീക്ഷിത്ത് തക്ഷൻ എന്ന പാമ്പിന്റെ കടിയേറ്റ്  മരിക്കുമെന്ന്. വീണ്ടും പരീക്ഷണം. ഇതിനെ അതിജീവിക്കാനാണ്, മരണത്തെ അതിജീവിക്കാനല്ല, ശാപമുക്തിയും കർമമുക്തിയും പാപമുക്തിയും വരുമാറ് ആത്മാവ് ഭക്തി വൈരാഗ്യത്തിൽ ഉറപ്പിക്കാൻ വ്യാസപുത്രനായ ശുകൻ ലോകത്ത് ആദ്യമായി ഭാഗവതം പൊതുസദസ്സിൽ പാരായണം ചെയ്ത് ഭാഗവതസത്രം നടത്തിയത്. ഈ ഭാഗവതസത്രം നടത്തിയ ശുകന്റെ പേര് നോക്കുക. ശുകം തത്ത. തത്തയെപ്പോലെ ആകർഷകമായി സംസാരിക്കും. പൊത്തിൽ കഴിയുന്നതു പോലെ ഏകാന്തതയിൽ ജീവിച്ചു പരമാത്മാവിൽ ലയിച്ചു. ചുരുക്കത്തിൽ പേരിനും ജീവിതഗതിക്കും അദൃശ്യമായ ബന്ധമുണ്ടെന്നു മനസ്സിലാക്കാം.  പുതിയ തലമുറയ്ക്ക് സ്വച്ഛമായ ജീവിതം നൽകാൻ സഹായിക്കുന്ന പേര് തിരഞ്ഞെടുത്ത് ഇടുന്നതു നല്ലതാണ്.